Latest News

യുപിയിലെ കര്‍ഷക നരനായാട്ടിനെതിരേ ശക്തമായ നടപടി വേണം: എസ്ഡിപിഐ

മോഹന്‍ ഭിഷ്ത് അധികാരത്തിലെത്തിയ ശേഷം യുപി ഗുണ്ടകളുടെയും അക്രമികളുടെയും അതിക്രമങ്ങള്‍ കൊണ്ട് ഒരു വനരാജായി മാറിയിരിക്കുന്നു. ഈ ഗുണ്ടായിസത്തിനെതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

യുപിയിലെ കര്‍ഷക നരനായാട്ടിനെതിരേ ശക്തമായ നടപടി വേണം: എസ്ഡിപിഐ
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ സമരം ചെയ്യുന്ന കര്‍ഷകരോട് ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയുടെ മകന്‍ ആശിഷ് മിശ്ര തേനിയുടെ നേതൃത്വത്തില്‍ നടത്തിയ നരനായാട്ടിനെ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ശക്തമായി അപലപിച്ചു. ഒന്‍പത് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോഹന്‍ ഭിഷ്ത് അധികാരത്തിലെത്തിയ ശേഷം യുപി ഗുണ്ടകളുടെയും അക്രമികളുടെയും അതിക്രമങ്ങള്‍ കൊണ്ട് ഒരു വനരാജായി മാറിയിരിക്കുന്നു. മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കുമെതിരായ ആള്‍ക്കൂട്ടക്കൊലകള്‍, ആസൂത്രിതമായ ഏറ്റുമുട്ടല്‍ കൊലപാതകം, കൂട്ടബലാത്സംഗം, കൊലപാതകം തുടങ്ങിയവ സംസ്ഥാനത്ത് പതിവായിരിക്കുന്നു. രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കോര്‍പറേറ്റ് അനുകൂല കാര്‍ഷിക നിയമ ഭേദഗതിക്കെതിരെ ഏകദേശം ഒരു വര്‍ഷമായി പ്രതിഷേധത്തിലാണ്. ഈ കാലയളവില്‍ നിരവധി കര്‍ഷകര്‍ രക്തസാക്ഷികളായിട്ടുണ്ട്. തങ്ങളുടെ ചങ്ങാത്ത മുതലാളിമാരുടെ താളത്തിനനുസരിച്ച് നൃത്തം ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യത്തോട് വിമുഖത കാണിക്കുകയാണ്.

ഹെലിപാഡില്‍ പ്രതിഷേധിച്ച ശേഷം പിരിഞ്ഞുപോയ കര്‍ഷകരുടെ നേരെ മൂന്നു വാഹനങ്ങളില്‍ ഗുണ്ടകളുമായെത്തിയ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര തേനി വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. എസ്‌കെഎം നേതാവ് തജീന്ദര്‍ സിങ് വിര്‍ക്കിനെ വാഹനം ഇടിച്ച് കൊലപ്പെടുത്താനും ആശിഷ് ശ്രമിച്ചു. സംഘം വെടിയുതിര്‍ക്കുകയും ചെയ്തു. ആശിഷ് മിശ്ര തേനിയും ഗുണ്ടകളും നടത്തിയ വെടിവെപ്പിലായിരുന്നു ഒരു കര്‍ഷകന്‍ മരണപ്പെട്ടത്. ഇത്തരം അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണകൂടം നിശബ്ദമായി അംഗീകാരം നല്‍കുന്നതുമൂലമാണ് അക്രമവും ഗുണ്ടായിസവും നടത്താന്‍ അക്രമികളെ പ്രേരിപ്പിക്കുന്നത്. കേന്ദ്രമന്ത്രി പദം ദുരുപയോഗം ചെയ്ത് എത്ര അതിക്രമം കാണിച്ചാലും തന്നെ രക്ഷിക്കുമെന്ന ചിന്തയാണ് ഭീകരമായ അതിക്രമത്തിന് ആശിഷിന് പ്രേരണയായത്. ഈ ഗുണ്ടായിസത്തിനെതിരെ രാജ്യമെമ്പാടും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും ഫൈസി പറഞ്ഞു. ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ നിഘണ്ടുവില്‍ ഇല്ലാത്ത നീതി യുപിയില്‍ നിന്നോ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ പ്രതീക്ഷിക്കാനാകില്ല. അതിനാല്‍ ക്രൂരമായ സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് മന്ത്രിയുടെ മകന്‍ ഉള്‍പ്പെടെയുള്ള എല്ലാ കുറ്റക്കാര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഫൈസി സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it