Latest News

ബ്രോങ്ക്‌സ് വെടിവയ്പ് കേസ്; റാപ്പര്‍ കേ ഫ്‌ലോക്കിന് 30 വര്‍ഷം തടവ്

ബ്രോങ്ക്‌സ് വെടിവയ്പ് കേസ്; റാപ്പര്‍ കേ ഫ്‌ലോക്കിന് 30 വര്‍ഷം തടവ്
X

ന്യൂയോര്‍ക്ക്: യുഎസിലെ ബ്രോങ്ക്‌സില്‍ നടന്ന വെടിവയ്പ് സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ റാപ്പര്‍ കേ ഫ്‌ലോക്കിന് 30 വര്‍ഷം തടവുശിക്ഷ വിധിച്ചു. കേ ഫ്‌ലോക്ക് എന്ന പേരില്‍ അറിയപ്പെടുന്ന കെവിന്‍ പെരസിനെയാണ് യുഎസ് ജില്ലാ ജഡ്ജി ലൂയിസ് ജെ ലിമാന്‍ ശിക്ഷിച്ചത്. അക്രമത്തെ മഹത്‌വല്‍ക്കരിക്കുന്ന പ്രവൃത്തികളിലൂടെ യുവജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് പെരസ് നല്‍കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

2020 മുതല്‍ ബ്രോങ്ക്‌സിലെ ഈസ്റ്റ് 187ാം സ്ട്രീറ്റ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സെവ് സൈഡ്/ഡിഒഎ (ഡെഡ് ഓണ്‍ അറൈവല്‍) എന്ന ഗുണ്ടാസംഘത്തിന്റെ നേതാവായിരുന്നു പെരസ്. പ്രദേശത്തെ മറ്റു സംഘങ്ങളുമായുണ്ടായ തുടര്‍ച്ചയായ വെടിവയ്പ്പുകള്‍ നിരവധി പേരുടെ മരണത്തിനും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായി. ബാങ്ക് തട്ടിപ്പും വയര്‍ തട്ടിപ്പും വഴിയാണ് സംഘം പണം കണ്ടെത്തിയതെന്നും ഈ പണം ഉപയോഗിച്ചാണ് കേ ഫ്‌ലോക്കിന്റെ മ്യൂസിക് വീഡിയോകള്‍ നിര്‍മ്മിച്ചതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 2021 അവസാനത്തോടെ അറസ്റ്റിലാകുന്നതുവരെ പെരസും സംഘവും നിരവധി വെടിവയ്പ്പുകളില്‍ പങ്കെടുത്തതായി തെളിഞ്ഞു. 2020 ജൂണ്‍ 20നു നടന്ന വെടിവയ്പ്പിന് പിന്നാലെ, സംഭവം പ്രകീര്‍ത്തിക്കുന്ന മ്യൂസിക് വീഡിയോ സംഘം പുറത്തിറക്കിയിരുന്നു. 2020 ജൂണ്‍ 26, 2020 ആഗസ്റ്റ് 10, 2021 നവംബര്‍ 10 തിയതികളില്‍ നടന്ന കൊലപാതകശ്രമങ്ങളില്‍ പെരസിന്റെ നേരിട്ടുള്ള പങ്ക് കോടതി സ്ഥിരീകരിച്ചു. അംഗീകൃത ഡ്രില്‍ റാപ്പ് കലാകാരനെന്ന തന്റെ പ്രശസ്തി കുറ്റകൃത്യങ്ങള്‍ നടത്താനും പ്രചരിപ്പിക്കാനും ഉപയോഗിച്ചതായും കണ്ടെത്തി.

പെരസ് പുറത്തിറക്കിയ നിരവധി ഗാനങ്ങളും വീഡിയോകളും അക്രമത്തെ മഹത്‌വല്‍ക്കരിക്കുന്നതും എതിരാളികളായ ഗുണ്ടാസംഘാംഗങ്ങളെ പരിഹസിക്കുന്നതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണക്കിടെ സംഘാംഗങ്ങള്‍ തനിക്കെതിരേ മൊഴി നല്‍കിയതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാമില്‍ 'എല്ലാ എലികളെയും കൊല്ലുക' എന്ന പരാമര്‍ശം നടത്തിയതും കോടതി ഗൗരവമായി പരിഗണിച്ചു. 2021 നവംബറില്‍ പുറത്തിറങ്ങിയ ആദ്യ ആല്‍ബമായ ദി ഡിഒഎ ടേപ്പ് വാണിജ്യവിജയം നേടിയതോടെ ബില്‍ബോര്‍ഡ് മാഗസിന്റെ ആര്‍ & ബി/ഹിപ്‌ഹോപ്പ് 'റൂക്കി ഓഫ് ദി മന്ത്' പട്ടികയില്‍ പെരസിനെ ഉള്‍പ്പെടുത്തിയിരുന്നു. ആയുധങ്ങളും അക്രമവും ആസ്പദമാക്കിയ വരികളാണ് അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ കൂടുതലും ഉള്‍പ്പെട്ടിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു.

Next Story

RELATED STORIES

Share it