Latest News

ബ്രിജ് ഭൂഷൻ സിങ്ങിന്റെ മകന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് പേർ മരിച്ചു

ബ്രിജ് ഭൂഷൻ സിങ്ങിന്റെ മകന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് പേർ മരിച്ചു
X

ലഖ്‌നോ: ബിജെപി നേതാവ് ബ്രിജ് ഭൂഷന്‍ സിങ്ങിന്റെ മകനും സ്ഥാനാര്‍ഥിയുമായ കരണ്‍ ഭൂഷന്‍ സിങ്ങിന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് പേര്‍ മരിച്ചു. യുപിയിലെ ഗോണ്ടയില്‍ വെച്ച് ടോയോട്ട ഫോര്‍ച്യൂണര്‍ കാര്‍ ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. കൈസര്‍ഗഞ്ച് ലോക്‌സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് കരണ്‍ ഭൂഷണ്‍ സിങ്. 17കാരന്‍ ഉള്‍പ്പടെ അപകടത്തില്‍ മരിച്ചത്.

കാറോടിച്ചയാളെ യുപി പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് കരണ്‍ വാഹനവ്യൂഹത്തിനൊപ്പം ഉണ്ടായിരുന്നോയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് യുപി പോലിസ് അറിയിച്ചു. അപകടം സംബന്ധിച്ച പ്രാഥമിക റിപോര്‍ട്ടില്‍ കരണിനെ കുറിച്ച് പോലിസ് പരാമര്‍ശമില്ല.

പരാതിയുടെ അടിസ്ഥാനത്തില്‍ കോളോണില്‍ഗഞ്ച് പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് വലിയ ആള്‍ക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടിയെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പോലിസ് അറിയിച്ചു. ഗുസ്തി താരങ്ങള്‍ ലൈംഗിക പീഡനാരോപണം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ബ്രിജ് ഭൂഷന്‍ വിവാദത്തിലായിരുന്നു. തുടര്‍ന്ന് ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബ്രിജ് ഭൂഷന് പകരം കരണിന് ബിജെപി സീറ്റ് നല്‍കുകയായിരുന്നു. എല്‍എല്‍ബി ബിരുദധാരിയായ കരണ്‍ ആസ്‌ട്രേലിയയില്‍ നിന്നും ബിസിനസ് മാനേജ്‌മെന്റില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it