Latest News

പോലിസില്‍ ആര്‍എസ്എസ് സ്ലീപ്പിങ് സെല്ലുണ്ടെന്ന് സമ്മതിച്ച് സുരേന്ദ്രന്‍; പാര്‍ട്ടി സമ്മേളനങ്ങളില്‍ ആക്ഷേപമുയര്‍ന്നിട്ടും മൗനം പാലിച്ച് മുഖ്യമന്ത്രി

ഉത്തരേന്ത്യന്‍ മോഡലില്‍ ആലപ്പുഴ പോലിസ് ജയ് ശ്രീറാം വിളിപ്പിക്കാന്‍ ശ്രമിച്ച വാര്‍ത്ത പുറത്ത് വന്നിട്ടും പോലിസ് വകുപ്പ് തല അന്വേഷണം പോലും നടത്താന്‍ തയ്യാറായിട്ടില്ല. നുണപരിശോധനയ്ക്ക് വരെ ഫിറോസ് സന്നദ്ധമാണെന്ന് അറിയിച്ചിട്ടും ആഭ്യന്തരവകുപ്പ് ഒളിച്ച് കളി തുടരുകയാണ്

പോലിസില്‍ ആര്‍എസ്എസ് സ്ലീപ്പിങ് സെല്ലുണ്ടെന്ന് സമ്മതിച്ച് സുരേന്ദ്രന്‍; പാര്‍ട്ടി സമ്മേളനങ്ങളില്‍ ആക്ഷേപമുയര്‍ന്നിട്ടും മൗനം പാലിച്ച് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കേരള പോലിസിലെ ആര്‍എസ്എസ് സ്ലീപ്പിങ് സെല്ലിന്റെ പ്രവര്‍ത്തനം അപകടകരമായ അവസ്ഥയിലാണെന്ന് സിപിഎം നേതാക്കള്‍ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയ്ക്ക് മൗനം. പോലിസ് സേനയിലെ പരിവാര്‍ സാന്നിധ്യം ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തുറന്ന് സമ്മതിച്ചു. രാജ്യത്തെ പട്ടാളത്തിലും മറ്റ് സുരക്ഷാ ഏജന്‍സികളിലും ആര്‍എസ്എസും സജീവമാണെന്നും ഇന്ന് ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ തുറന്നടിച്ചു.

സിപിഎം സമ്മേളനങ്ങളില്‍ ഏറ്റവും കൂടുതല്‍ ആക്ഷേപമുയര്‍ന്നത് സേനയിലെ സംഘപരിവാറിന്റെ നുഴഞ്ഞ് കയറ്റത്തെ കുറിച്ചാണ്. പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് ഈ ആരോപണം രൂക്ഷമായി ഉയര്‍ന്നത്. സമ്മേളനത്തില്‍ സംസാരിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ ആര്‍എസ്എസ് നുഴഞ്ഞ് കയറ്റം തുറന്ന് സമ്മതിച്ചു.

ഇടതു അസോസിയേഷനിലെ പോലിസുകാര്‍ കൂടുതല്‍ സുഖകരമായ ജോലി തേടിപ്പോകുമ്പോള്‍, സംഘപരിവാര്‍ ഇത്തരം ജോലികളിലേക്ക് നുഴഞ്ഞ് കയറുകയാണ്. പോലിസ് സ്‌റ്റേഷനുകളില്‍ കേസുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണായക ചുമതലയാണ് റൈറ്റര്‍മാര്‍ക്കുള്ളത്. റൈറ്റര്‍ ജോലികളില്‍ നിന്ന് സിപിഎം അസോസിയേഷനുമായി ബന്ധമുള്ള പോലിസുകാര്‍ വിട്ടുനില്‍ക്കുകയാണ്. ഈ അവസരമാണ് സംഘപരിവാര്‍ ബന്ധമുള്ള പോലിസുകാര്‍ ഏറ്റെടുക്കുന്നതെന്നാണ് കോടിയേരി തുറന്നടിച്ചത്.

ആലപ്പുഴയിലെ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്റെ കൊലപാതകത്തിലും പോലിസ് പക്ഷപാതപരമായാണ് പെരുമാറിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. കൊലക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പോലിസ് ആദ്യം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഉള്‍പ്പെടെ വിമര്‍ശനമുയര്‍ന്നതോടെ രാഷ്ട്രീയകൊലപാതകമെന്ന് പോലിസ് തിരുത്തി.

ആലപ്പുഴയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് ഫിറോസ് എന്ന യുവാവിനെ പോലിസ് പിടികൂടി ജയ്ശ്രീറാം വിളിപ്പിച്ച സംഭവം പോലിസിനെ ആര്‍എസ്എസ് സ്വാധീനത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. ഉത്തരേന്ത്യന്‍ മോഡല്‍ ജയ് ശ്രീറാം വിളിപ്പിക്കല്‍ വാര്‍ത്ത പുറത്ത് വന്നിട്ടും പോലിസ് വകുപ്പുതല അന്വേഷണം പോലും നടത്താന്‍ തയ്യാറായിട്ടില്ല. നുണപരിശോധനയ്ക്ക് വരെ ഫിറോസ് സന്നദ്ധമാണെന്ന് അറിയിച്ചിട്ടും ആഭ്യന്തരവകുപ്പ് ഒളിച്ച് കളിക്കുകയാണ്. എന്നാല്‍, ആരോപണം നിഷേധിക്കുകയാണ് എഡിജിപി വിജയ് സാഖറെ ചെയ്തത്. അതി തീവ്രഹിന്ദുത്വസംഘടനകളുടെ സ്വാധീനം പോലിസിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഷാന്‍ വധക്കേസിലെ കൊലയാളികളെ രക്ഷപ്പെടുത്താന്‍ പോലിസ് ശ്രമിച്ചതും വിവാദമായിരുന്നു.

ഹിന്ദു ഐക്യവേദി അധ്യക്ഷന്‍ വല്‍സന്‍ തില്ലങ്കേരിയുടെ പ്രഗതി കോളജില്‍ പഠിച്ച് പോലിസിലെത്തിയ സംഘത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വല്‍സന്‍ തില്ലങ്കേരിക്കൊപ്പം പോലിസ് പരിശീലന വേഷത്തില്‍ ഇവര്‍ നില്‍ക്കുന്ന ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാരിന് അഴിഞ്ഞാടാന്‍ അവസരമുണ്ടായതും പോലിസിലെ പരിവാര്‍ സെല്ലിന്റെ സ്വാധീനം മൂലമാണ്. സംഘര്‍ഷം ഒഴിവാക്കാന്‍ അവസാനം സംഘപരിവാറുമായി പോലിസിന് രാജിയാകേണ്ടിവന്നു. ഇതിനുദാഹരണമാണ് ഹിന്ദു ഐക്യവേദി അധ്യക്ഷന്‍ വല്‍സന്‍ തില്ലങ്കേരിയെ ശബരിമല ക്രമസമാധാനത്തിന് പോലിസിന് സമീപിക്കേണ്ടിവന്നത്. എഡിജിപി എസ് ശ്രീജിത്തിനായിരുന്നു ശബരിമലയുടെ ചുമതല. തരാതരം പോലെ കൃത്യം നിര്‍വഹിക്കാന്‍ കഴിയുന്ന പോലിസ് ഓഫിസറാണ് എസ് ശ്രീജിത്ത്്. ശബരിമല ക്രമസമാധാനനില ഒരു ഘട്ടത്തില്‍ പോലിസിന് നിയന്ത്രിക്കാന്‍ കഴിയാതെയായി. ഒടുവില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപി മനോജ് എബ്രഹാമിനെ ശബരിമലയില്‍ ചുമതലയേല്‍പ്പിച്ചു. സേനയുടെ നീക്കങ്ങള്‍ സംഘപരിവാറിന് ചോര്‍ത്തിയാണ് ശബരിമല ക്രമസമാധാന നില തകിടം മറിച്ചത്.

കേരള പോലിസിനകത്ത് ആര്‍എസ്എസിന്റെ സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നതായി നേരത്തെ സിപിഎം ചാനലായ പീപ്പിള്‍ തന്നെ റിപോര്‍ട്ട് ചെയ്തിരുന്നു. പരസ്യപ്രവര്‍ത്തനം സേനയില്‍ നടത്താനും മാസം തോറും യോഗം ചേരാനും ഇവര്‍ തീരുമാനിച്ചിരുന്നു. അതിനായി തത്വമസി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പും തയ്യാറാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയിലും ബിജെപി-ആര്‍എസ്എസ് അനൂകൂലികള്‍ കയറിപ്പറ്റിയിരുന്നു. വാര്‍ത്ത പുറത്ത് വന്നതോടെ സംഘപരിവാറുകാരായ മൂന്ന് പേരെ 2018ല്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലകളില്‍ നിന്നും നീക്കം ചെയ്തിരുന്നു. പൊതുവേ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സുരക്ഷാ ചുമതലകളില്‍ പാര്‍ട്ടി അനുഭാവികളായ ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. അങ്ങനെയിരിക്കേ, മുഖ്യമന്ത്രി സുരക്ഷാ ചുമതലകളില്‍ പോലും ആര്‍എസ്എസ് അനുകൂലികള്‍ എത്തിയത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു.

ലോക്കല്‍ സ്‌റ്റേഷനുകളില്‍ സംഘപരിവാര്‍ അനുകൂലികള്‍ സജീവമായി ഇടപെടുന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് ചെയ്തിരുന്നു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ തുടക്കം മുതല്‍ തന്നെ കടുത്ത മുസ്‌ലിം വിരുദ്ധനായ, പാലക്കാട് സിറാജുന്നിസയുടെ കൊലക്ക് കാരണക്കാരനായ, പോലിസില്‍ നിന്ന് വിരമിച്ച രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയോഗിച്ചതു മുതല്‍ സംഘപരിവാര്‍ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് സേനയിലെ ഉന്നത നിയമനങ്ങള്‍വരെ നടക്കുന്നത്.

പോലിസില്‍ ആര്‍എസ്എസിന്റെ സ്ലീപ്പിങ് സെല്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. മുന്‍ ഡിജിപി സെന്‍കുമാര്‍, ഡിജിപി റാങ്കിലുണ്ടായിരുന്ന തോമസ് ജേക്കബ് എന്നിവര്‍ ഇന്ന് സംഘപരിവാരകൂടാരത്തിലാണ്.

Next Story

RELATED STORIES

Share it