Latest News

ബിജെപി നഗരസഭ കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യ കുറിപ്പില്‍ ബിജെപിക്കെതിരേ പരാമര്‍ശം

ബിജെപി നഗരസഭ കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യ കുറിപ്പില്‍ ബിജെപിക്കെതിരേ പരാമര്‍ശം
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജീവനൊടുക്കിയ ബിജെപി നഗരസഭ കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യ കുറിപ്പില്‍ ബിജെപിക്കെതിരേ പരാമര്‍ശം. അനില്‍ നേതൃത്വം നല്‍കിയ സഹകരണ സംഘത്തില്‍ ഒരു പ്രശ്നവുമില്ലെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വാദത്തെ തള്ളുന്നതാണ് ആത്മഹത്യ കുറിപ്പ്.

'നമ്മുടെ ആള്‍ക്കാരെ സഹായിച്ചു, താനോ ഭരണസമിതിയോ ഒരു ക്രമക്കേടും ഉണ്ടാക്കിയിട്ടില്ല. പണം നിക്ഷേപിച്ചവര്‍ ആവശ്യത്തിലധികം സമ്മര്‍ദ്ദം തന്നു. തിരിച്ചുപിടിക്കാന്‍ ധാരാളം തുകയുണ്ട്.', എന്ന് കുറിപ്പില്‍ പറയുന്നു. വായ്പയെടുത്ത ആളുകള്‍ പല അവധി പറഞ്ഞ് തിരിച്ചടയ്ക്കാന്‍ കാലതാമസം ഉണ്ടാക്കിയെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

പ്രതിസന്ധി ഉണ്ടായതോടെ താന്‍ ഒറ്റപ്പെട്ടുവെന്നും താനോ കുടുംബമോ ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കുറ്റവും തനിക്കായെന്നും അതുകൊണ്ടു ജീവനൊടുക്കുകയാണെന്നുമാണ് അനില്‍കുമാര്‍ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.

അനില്‍കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്. സൊസൈറ്റിയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും നിക്ഷേപകര്‍ക്കു പണം തിരികെ കൊടുക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ തമ്പാനൂര്‍ പോലിസില്‍ പരാതികള്‍ വന്നിരുന്നു.അനില്‍ ജീവനൊടുക്കിയതില്‍ പോലിസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് ബിജെപി ചെയ്തത്. പോലിസിന്റെ ഭീഷണിയാണ് മരണകാരണമെന്ന് ബിജെപിക്കാര്‍ പറയുന്നത്. എന്നാല്‍ പോലിസിനെതിരെ യാതൊരു ആരോപണവും ആത്മഹത്യകുറിപ്പില്‍ ഇല്ല എന്നും സൂചനകളുണ്ട്.

ശനിയാഴ്ച രാവിലെയായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി കൂടിയായ അനിലിനെ തിരുമലയിലെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എട്ടരയോടെയാണ് അനില്‍ ഓഫീസിലെത്തിയത്. തിരുമല ജംഗ്ഷനിലുള്ള കോര്‍പ്പറേഷന്റെ ഷോപ്പിങ് കോംപ്ലക്‌സിനുള്ളിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

Next Story

RELATED STORIES

Share it