Latest News

മമതയെ ഒതുക്കാന്‍ ബംഗാള്‍ വിഭജനമാവശ്യപ്പെട്ട് ബിജെപി

മമതയെ ഒതുക്കാന്‍ ബംഗാള്‍ വിഭജനമാവശ്യപ്പെട്ട് ബിജെപി
X

ന്യൂഡല്‍ഹി: മമതാ ബാനര്‍ജി ആദ്യം കാലിലെ ചെറിയൊരു മുള്ളായിരുന്നെങ്കില്‍ ഇപ്പോള്‍ അതൊരു ഭീമാകാരമായ തടസ്സമായി മാറിക്കഴിഞ്ഞുവെന്നാണ് ബംഗാളിലെ ബിജെപി കരുതുന്നത്. ആദ്യം മമതയുടെ പാര്‍ട്ടിക്കാരെ പണം കൊടുത്തും പദവി കൊടുത്തും ഒതുക്കാനായിരുന്നു ശ്രമിച്ചതെങ്കില്‍ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ആ പദ്ധതി പാളി. പാര്‍ട്ടി ദേശീയ വൈസ്പ്രസിഡന്റ് മുകുള്‍ റോയി അടക്കം മുപ്പതോളം പേര്‍ തൃണമൂലിലേക്ക് തിരികെക്കയറാന്‍ തീരുമാനിച്ചതോടെ ബിജെപി അങ്കലാപ്പിലായിരിക്കുകയാണ്. ഇനി ബിജെപിയുടെ ആകെ പ്രതീക്ഷ മമത ഭരിക്കുന്ന പശ്ചിമ ബംഗാളിനെ പിളര്‍ത്തി തങ്ങള്‍ക്ക് ഭൂരിപക്ഷമുളള ഒരു പുതിയ സംസ്ഥാനമുണ്ടാക്കി അവിടെ ഭരണം പിടിക്കാമെന്നാണ്. പശ്ചിമ ബംഗാളിനെ പിളര്‍ത്തി പുതുതായി നോര്‍ത്ത് ബംഗാള്‍ എന്ന കേന്ദ്ര ഭരണപ്രദേശം രൂപീകരിക്കാനാണ് നീക്കം.

ബര്‍ദമാന്‍ പത്രികയില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ട് പ്രകാരം ജയ്പാല്‍ഗുരിയിലെ ബിജെപി യോഗത്തില്‍ വച്ചാണ് ജൂണ്‍ 13ന് ഈ ആവശ്യം ആദ്യമായി ഉന്നയിക്കപ്പെട്ടത്. നേപ്പാളില്‍നിന്നും ബംഗ്ലാദേശില്‍ നിന്നും നുഴഞ്ഞുകയറ്റം ശക്തമാണെന്നും അതിന് തടയിടാന്‍ കേന്ദ്രത്തിന്റെ ഇടപെല്‍ വേണമെന്നുമാണ് യോഗത്തില്‍ ബിജെപി നേതാക്കള്‍ വിശദീകരിച്ചത്. ബിജെപി പ്രസിഡന്റ് ജെ പി നദ്ദയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

അവിടെവച്ച് നിരവധി നേതാക്കള്‍ ഇതേ ആവശ്യം ഉന്നയിച്ചു. അലിപൂര്‍ദൗര്‍ എം പി ജോണ്‍ ബര്‍ല ഇക്കാര്യം ശക്തമായി ആവശ്യപ്പെട്ടു. ജനങ്ങളുടെ ഭാഗത്തുനിന്ന് ഈ ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതേ കാര്യം അദ്ദേഹം പിടിഐയോടും പറഞ്ഞു.

ഗ്രേറ്റര്‍ കുച്ച് ബെഹര്‍, ഗൂര്‍ഖാലാന്റ് തുടങ്ങിയ ആവശ്യംപോലെയാണ് ഇതെന്നുമാണ് അദ്ദേഹത്തെ ഉദ്ധരിച്ച് പത്രങ്ങള്‍ പറയുന്നത്. ഗൂര്‍ഖാലാന്റും കൂച്ച് ബീഹാറും ബംഗാളിലെ പ്രത്യേക വംശീയവിഭാഗങ്ങള്‍ കാലങ്ങളായി ഉയര്‍ത്തുന്ന പ്രക്ഷോഭമാണ്.

ഇതേ ആവശ്യം ഉന്നയിച്ച മറ്റൊരു ബിജെപി നേതാവ് ജയ്പാല്‍ഗുരി എംപി ജയന്ത റോയിയാണ്. ജയ്പാല്‍ഗുരി ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അലോക് ചക്രവര്‍ത്തിയും പ്രത്യേക സംസ്ഥാനമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബംഗാള്‍ വിഭജനം ഉന്നയിക്കാനാണ് ബിജെപിയുടെ പദ്ധതിയത്രെ!

പുതിയ സംസ്ഥാന രൂപീകരണത്തിനു കാരണണായി ബിജെപി, സുരക്ഷാ പ്രശ്‌നം ഉന്നയിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം മറ്റൊന്നാണ്. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് വടക്കന്‍ പ്രദേശങ്ങളില്‍ ബിജെപിയുടെ സ്വാധീനം കുറേക്കൂടി ശക്തമാണ്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

ബംഗാളിന്റെ വടക്കന്‍ പ്രദേശത്ത് കൂച്ച് ബെഹര്‍, അലിപൂര്‍ദാര്‍, ജല്‍പായ്ഗുരി, കലിംപോംഗ്, ഡാര്‍ജിലിംഗ് എന്നിങ്ങനെ അഞ്ച് ജില്ലകളാണ് ഉള്ളത്. ഇവിടെയുളള 78 ശതമാനം സീറ്റും ബിജെപിയാണ് ഇത്തവണ നേടിയത്. ബിജെപിക്ക് സ്വാധീനമുള്ള ബംഗാളിലെ ഏക പ്രദേശവും ഇതുതന്നെ. ഇവിടത്തെ ജനസംഖ്യ താരതമ്യേന കുറവായതുകൊണ്ട് ഈ സ്വാധീനമുപയോഗിച്ച് ബിജെപിക്ക് ഒരുകാലത്തും ബംഗാള്‍ ഭരിക്കാനാവില്ല. അതുകൊണ്ടാണ് വലിയ സ്വാധീനമില്ലാത്ത തെക്കന്‍ ബംഗാളിനെ ഒഴിവാക്കി വടക്കന്‍ ബംഗാള്‍ മാത്രമായി ഒരു സംസ്ഥാനം രൂപീകരിക്കാന്‍ ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ തങ്ങള്‍ക്ക് ആ പ്രദേശം ഭരിക്കാമെന്നാണ് ബിജെപിയുടെ ഉള്ളിലിരുപ്പ്. ഇതോടൊപ്പമുള്ള ബംഗാളിന്റെ സംസ്ഥാന മാപ്പില്‍നിന്ന് ഇത് വ്യക്തമാകും. പച്ച നിറത്തിലുള്ള സംസ്ഥാനങ്ങള്‍ തൃണമൂലിന് സ്വാധീനമുളളതും കാവി നിറത്തിലുളളത് ബിജെപിക്കു സ്വാധീനമുളളവയുമാണ്.

ഈ പ്രദേശത്തെ ജനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിനോട് ചില നീരസങ്ങളുണ്ട് എന്നത് സത്യമാണ്. കാരണം കൊല്‍ക്കത്തക്കാരാണ് ഏത് സര്‍ക്കാരിലും സ്വാധീനം ചെലുത്താറുള്ളത്. ഇപ്പോഴത്തെ കാബിനറ്റിലും പകുതിയോളം പേര്‍ ഗ്രേറ്റര്‍ കൊല്‍ക്കത്ത പ്രദേശത്തുനിന്നുള്ളവരാണ്. വടക്കന്‍ ഭാഗങ്ങളില്‍ നിന്ന് പത്തിലൊന്നു മന്ത്രിമാരേയുള്ളൂ. മുന്‍കാലത്തും ഇന്ത്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകണമെന്നാവശ്യപ്പെട്ടുകൊണ്ട് ഈ പ്രദേശങ്ങളില്‍ പല മുന്നേറ്റങ്ങളും രൂപപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴത്തെ നീക്കം ബിജെപിക്ക് ഗുണം ചെയ്യില്ലെന്നാണ് കരുതപ്പെടുന്നത്. ബംഗാളിനെ പിളര്‍ത്താനുളള ശ്രമങ്ങള്‍ എല്ലാ കാലത്തും ബംഗാളി ദേശീയതയെ പ്രകോപിപ്പിച്ചിട്ടുണ്ട്. 1905ലും 1947ലും അത് ദൃശ്യമായി. ഈ അനുഭവം മമത ഉപയോഗിക്കാതിരിക്കില്ല. എന്നല് അവരത് ഉപയോഗിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. വടക്കന്‍ ബംഗാളിനെ പിളര്‍ത്താനുള്ള ശ്രമങ്ങളെ കശ്മീരിനോടാണ് മമതാ ബാനര്‍ജി താരതമ്യപ്പെടുത്തിയത്.

അതേസമയം ബിജെപി ഔദ്യോഗികമായി ഈ ആവശ്യം ഇതുവരെ ഉയര്‍ത്തിയിട്ടില്ല. മമതയുടെ പ്രതികരണത്തെക്കുറിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് ദലീപ് ഘോഷ് പറഞ്ഞത് മമത കല്ലുവച്ച നുണയാണ് പ്രചരിപ്പിക്കുന്നതെന്നാണ്.

Next Story

RELATED STORIES

Share it