Latest News

പക്ഷിപ്പനി നഷ്ടപരിഹാരം വീണ്ടും വൈകും

പക്ഷിപ്പനി നഷ്ടപരിഹാരം വീണ്ടും വൈകും
X

ആലപ്പുഴ: പക്ഷിപ്പനി നഷ്ടപരിഹാരം വീണ്ടും വൈകിയേക്കും. മുന്‍വര്‍ഷത്തെ നഷ്ടപരിഹാരമായി കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ള 2.28 കോടി രൂപ ഇനിയും സംസ്ഥാനത്തിന് ലഭിക്കാത്തതാണ് പ്രധാന തടസ്സം. ഈ തുക ലഭിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാനാകൂ. ഇത്തവണ ആലപ്പുഴ ജില്ലയില്‍ 13 കേന്ദ്രങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആദ്യഘട്ട നടപടികളില്‍ 28,000ലേറെ പക്ഷികളെ കൊന്നു. രോഗം പുതുതായി സ്ഥിരീകരിച്ച മേഖലകളില്‍ ഇന്നലെ മുതല്‍ കള്ളിങ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 13,000 പക്ഷികളെ കൂടി കൊല്ലാനാണ് ലക്ഷ്യമിടുന്നത്.

പക്ഷിപ്പനി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍, കൊല്ലേണ്ട പക്ഷികളുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം കേന്ദ്ര ഫണ്ട് ലഭിക്കാതെ വന്നതോടെ സംസ്ഥാന ഫണ്ടില്‍ നിന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടിവന്നത്. എന്നാല്‍, അതിനും മാസങ്ങളോളം വൈകിയിരുന്നു.

കേന്ദ്ര ഫണ്ട് വീണ്ടും വൈകിയാല്‍ ഇത്തവണയും സംസ്ഥാന ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നതാണ് സ്ഥിതി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ നഷ്ടപരിഹാരം വൈകുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.

Next Story

RELATED STORIES

Share it