Latest News

ബിഹാര്‍ തിരഞ്ഞെടുപ്പ്; മുസ് ലിംകളുടെ വോട്ട് തങ്ങള്‍ക്ക് വേണ്ടെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ബിഹാര്‍ തിരഞ്ഞെടുപ്പ്; മുസ് ലിംകളുടെ വോട്ട് തങ്ങള്‍ക്ക് വേണ്ടെന്ന വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
X

പട്‌ന: മുസ് ലിംകളുടെ വോട്ട് വേണ്ടെന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ പ്രസ്താവനയ്ക്ക് ജെഡിയുവില്‍ നിന്ന് പോലും വിമര്‍ശനം.ഒക്ടോബര്‍ 18 ന് അര്‍വാളില്‍ നടന്ന ഒരു റാലിയിലാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗിരിരാജ് സിങ് മുസ് ലിംകള്‍ക്കെതിരേ വിവാദ പരാമര്‍ശം നടത്തിയത്. 'നമക് ഹറാം' അഥവാ വഞ്ചകരുടെ വോട്ട് തങ്ങള്‍ക്ക് വേണ്ട എന്നായിരുന്നു പരാമര്‍ശം.

'ആയുഷ്മാന്‍ കാര്‍ഡ് ലഭിച്ചോ ഇല്ലയോ എന്ന് ഞാന്‍ ഒരു ഇസ് ലാം പണ്ഡിതനോട് ചോദിച്ചു.അദ്ദേഹം അതെ എന്ന് പറഞ്ഞു. പിന്നെ ഹിന്ദുക്കളും മുസ് ലിംകളും തമ്മില്‍ എന്തെങ്കിലും വിവേചനമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന് അയാള്‍ ഉത്തരം നല്‍കി. എന്നാല്‍ തനിക്ക് വോട്ടുചോയ്‌തോ എന്ന ചോദ്യത്തിന് പണ്ഡിതന്‍ ഇല്ല എന്നാണ് അയാള്‍ പറഞ്ഞത്. ഉടനെ ഒറ്റിക്കൊടുക്കുന്നവന്റെ വോട്ട് തങ്ങള്‍ക്ക് വേണ്ട എന്ന് ഞാന്‍ പറഞ്ഞു' എന്നായിരുന്നു സിങിന്റെ പരാമര്‍ശം.

നിലവില്‍ സിങിന്റെ പരാമര്‍ശം കടുത്ത രാഷ്ട്രീയ പ്രതിഷേധത്തിനാണ് കാരണമായിരിക്കുന്നത്. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് സിങിനെ പുറത്താക്കണമെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) ആവശ്യപ്പെട്ടു.'പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടന്‍ തന്നെ സിങിനെപ്പോലുള്ളവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം. പക്ഷേ അദ്ദേഹം അങ്ങനെ ചെയ്യില്ല, കാരണം ബിജെപി പ്രധാനമായും വെറുപ്പിന്റെ രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോള്‍, ഗിരിരാജ് സിങിനെപ്പോലുള്ള ഒരാള്‍ വോട്ടുകള്‍ ധ്രുവീകരിക്കാന്‍ വേണ്ടി പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തും.'ആര്‍ജെഡി ദേശീയ വക്താവ് സുബോധ് കുമാര്‍ മേത്ത പറഞ്ഞു

കേന്ദ്രമന്ത്രി മനഃപൂര്‍വ്വം വര്‍ഗീയ ഭിന്നതകള്‍ സൃഷ്ടിക്കുകയാണെന്ന് ആര്‍ജെഡി നേതാവ് മൃത്യുഞ്ജയ് തിവാരി ആരോപിച്ചു. 'ഏതെങ്കിലും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോഴെല്ലാം ബിജെപി നേതാക്കള്‍ എപ്പോഴും ഹിന്ദു-മുസ് ലീം കാര്‍ഡ് കളിക്കാറുണ്ട്. അവര്‍ക്ക് അതിനപ്പുറം ചിന്തിക്കാന്‍ കഴിയില്ല. ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ പാകിസ്താനിലേക്ക് അയക്കുമെന്ന് മുമ്പ് പറഞ്ഞ അതേ നേതാവാണ് അദ്ദേഹം' മൃത്യുഞ്ജയ് തിവാരി പറഞ്ഞു.

'ആദ്യം ബിജെപി നേതാവ് സ്വയം ആത്മപരിശോധന നടത്തി സ്വാതന്ത്ര്യസമരകാലത്തെ യഥാര്‍ത്ഥ രാജ്യദ്രോഹികള്‍ ആരാണെന്ന് തിരിച്ചറിയണം. ഇന്ത്യയുടെ ഏറ്റവും വലിയ ശത്രുക്കളെ തിരിച്ചറിയുക, ബ്രിട്ടീഷുകാരെ സേവിക്കുകയും അവരുടെ ഭരണം നിലനിര്‍ത്തുകയും ചെയ്തവരാണ് രാജ്യദ്രോഹികള്‍' എന്ന് പറഞ്ഞുകൊണ്ട് പൂര്‍ണിയ എംപി രാജേഷ് രഞ്ജന്‍, പപ്പു യാദവ് തുടങ്ങിയവര്‍ സിങിനെതിരെ രൂക്ഷമായ വിമര്‍ശനം മുന്നോട്ടുവച്ചു.

അതേസമയം, ജെഡിയു മുഖ്യ വക്താവും സിങിനെ തള്ളി പറഞ്ഞു. പരാമര്‍ശങ്ങള്‍ 'സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണ്' എന്നാണ് അവര്‍ വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it