Latest News

നീതി പുന:സ്ഥാപിക്കുംവരെ ബാബരിയെ മറവിക്ക് വിട്ടുകൊടുക്കില്ല: പോപുലര്‍ ഫ്രണ്ട്

നീതി പുന:സ്ഥാപിക്കുംവരെ ബാബരിയെ മറവിക്ക് വിട്ടുകൊടുക്കില്ല: പോപുലര്‍ ഫ്രണ്ട്
X

തിരുവനന്തപുരം: അനീതിയോട് രാജിയാവാത്ത ആദര്‍ശ സമൂഹം നിലനില്‍ക്കുന്നിടത്തോളം കാലം ബാബരി മസ്ജിദ് അടഞ്ഞ അധ്യായമോ മാറ്റിവയ്‌ക്കേണ്ട അജണ്ടയോ ആയിരിക്കില്ലെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ബാബരി ഭൂമിയില്‍ നീതിയുടെ താഴികക്കുടങ്ങള്‍ പുന:സ്ഥാപിക്കുംവരെ അത് രാജ്യത്തിന്റെ ആത്മാഭിമാനത്തിനേറ്റ മുറിവായി അവശേഷിക്കുമെന്നും സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.

ബാബരി മസ്ജിദ് കേസില്‍ സുപ്രികോടതിയില്‍ നിന്നുണ്ടായത് അന്യായ വിധിയാണെന്ന് സംശയത്തിനിടയില്ലാത്ത വിധം വ്യക്തമായ കാര്യമാണ്. അന്യായവിധി തിരുത്തപ്പെടുന്നതുവരെ ബാബരി ജനാധിപത്യ സമൂഹത്തിന്റെ സജീവ അജണ്ടയായി നിലകൊള്ളേണ്ടതുണ്ട്. ബാബരി വിഷയത്തെ മസ്ജിദ്മന്ദിര്‍ തര്‍ക്കമായി പ്രശ്‌നവല്‍ക്കരിച്ചതും അതിനനുസൃതമായ ഒരു പൊതുബോധം സൃഷ്ടിക്കപ്പെട്ടതും അര്‍.എസ്.എസിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. അത് തിരിച്ചറിഞ്ഞിട്ടും തിരുത്താന്‍ തയ്യാറാവാതെ തീവ്രഹിന്ദുത്വ വികാരങ്ങളുടെ ഓരം പറ്റി നിന്നവരാണ് ഇന്ന് ദേശീയ ഐക്യത്തെ കുറിച്ചും നീതിബോധത്തെക്കുറിച്ചും രാജ്യത്തെ ഉദ്‌ബോധിപ്പിക്കുന്നത്. അവസരവാദപരവും സങ്കുചിതവുമായ ഇത്തരം രാഷ്ട്രീയതാല്‍പ്പര്യങ്ങളും അതിനോടുള്ള അതിരറ്റ വിധേയത്വവും തള്ളിക്കളയാന്‍ സമൂഹം തയ്യാറാവണം.

രാജ്യത്തെ മുസ്‌ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം തുടര്‍ച്ചയായ നീതിനിഷേധങ്ങളുടേയും അടിച്ചമര്‍ത്തലുകളുടേയും നീറുന്ന പ്രതീകമാണ് ബാബരി മസ്ജിദ്. അതിനെ ഒരു കെട്ടിടത്തിന്റെ നാലതിരുകളിലേക്കും കോടതികളുടെ അന്യായവിധികളിലേക്കും ചുരുക്കാന്‍ പരിശ്രമിക്കുന്നവര്‍ നിഷേധിക്കുന്നത് ഒരു സമൂഹത്തിന്റെ വിശ്വാസ സ്വാതന്ത്ര്യത്തെയും ചരിത്ര പാരമ്പര്യത്തെയും അസ്തിത്വത്തെയും തന്നെയാണ്. നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും അത് ലഭ്യമാകുന്നതുവരെ കര്‍മ്മഭൂമിയില്‍ നിലകൊള്ളുകയുമെന്നതാണ് ആര്‍ജ്ജവമുള്ള നിലപാട്. മുഴുവന്‍ ജനവിഭാഗങ്ങളുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയും നീതിയും സുരക്ഷയും ഉറപ്പാക്കപ്പെടുകയും ചെയ്യുമ്പോഴാണ് സമാധാനപൂര്‍ണമായ സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നത്. നീതി നിഷേധിക്കപ്പെട്ടവരുടെ നിശബ്ദതയില്‍ സമാധാനം കണ്ടെത്തുന്നവര്‍ അനീതിക്കും അക്രമികള്‍ക്കുമാണ് പാതയൊരുക്കുന്നത്.

നീതി സ്ഥാപിക്കാനും മര്‍ദ്ദിതരെ രക്ഷിക്കാനും ബാധ്യതയുള്ള മുസ്‌ലിം സമുദായത്തിന്റെ നേതൃസ്ഥാനത്ത് സ്വയം അവരോധിതരായിട്ടുള്ളവര്‍ക്ക് അതിനുള്ള സന്നദ്ധതയും ആര്‍ജ്ജവവുമില്ലെങ്കില്‍ അല്ലാഹുവിന് സുജൂദ് ചെയ്ത ബാബരിഭൂമിയില്‍ വിഗ്രഹം സ്ഥാപിച്ചതിന് ന്യായം ചമക്കാന്‍ മിനക്കെടരുത്.

1992 ഡിസംബര്‍ 6ന് അട്ടിമറിക്കപ്പെട്ട നിയമവാഴ്ചയുടെ തനിയാവര്‍ത്തനമാണ് രാമക്ഷേത്രത്തിന്റെ പേരില്‍ അയോധ്യയില്‍ നടന്ന ശിലാസ്ഥാപനം. അധികാര കേന്ദ്രങ്ങളുടെ പിന്‍ബലത്തില്‍, മേല്‍ക്കോയ്മാ രാഷ്ട്രീയ കക്ഷികളുടെ ആശീര്‍വാദത്തോടെ നടന്ന പുതിയകാലത്തെ അനീതിയുടെ ആഘോഷത്തോട് ഒത്തുതീര്‍പ്പ് ചെയ്യാനാവില്ല. 28 വര്‍ഷംമുമ്പ് ബാബരി മസ്ജിദിനെ ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകമായി വിശേഷിപ്പിച്ചവര്‍, ഇന്ന് അതേസ്ഥാനത്തുയരുന്ന രാമക്ഷേത്രത്തെ ഐക്യത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്നത് കടുത്ത ജനവഞ്ചനയാണ്. ബാബരി ഭൂമിയില്‍ രാമക്ഷേത്രമെന്ന ഹിന്ദുത്വ അജണ്ടയിലേക്ക് കോണ്‍ഗ്രസും ഇടതുപക്ഷവും എത്തിച്ചേര്‍ന്നിരിക്കുന്നതിലെ അപകടം തിരിച്ചറിയപ്പെടാതെ പോകരുത്. ക്ഷേത്ര നിര്‍മ്മാണത്തിലെ ബി.ജെ.പിയുടെ രാഷ്ട്രീയ ഇടപെടലില്‍ മാത്രമാണ് ഇരുകൂട്ടരും അതൃപ്തി പ്രകടിപ്പിച്ചിട്ടുള്ളത്. ഈ രാഷ്ട്രീയ കാപട്യം തുറന്നുകാട്ടുന്നതോടൊപ്പം ബാബരിയുടെ പുന:ര്‍നിര്‍മാണമെന്ന നീതിയിലധിഷ്ഠിതമായ നിലപാട് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ബാബരി മസ്ജിദിനൊപ്പം തകര്‍ന്നുവീണത് ഇന്ത്യയുടെ മതനിരപേക്ഷാടിത്തറ കൂടിയാണ്. ഇത് വീണ്ടെടുക്കും വരെ ബാബരിയുടെ സന്ദേശം മറക്കാന്‍ അനുവദിക്കില്ലെന്നും സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്, സെക്രട്ടറി എസ് നിസാര്‍, പി കെ യഹ്‌യാ തങ്ങള്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it