Latest News

ഓട്ടിസത്തിന് സ്റ്റം സെല്‍ തെറാപ്പിക്ക് ശാസ്ത്രീയ പിന്തുണയില്ല; ക്രമക്കേടായി കണക്കാക്കേണ്ടി വരുമെന്ന് സുപ്രിംകോടതി

ഓട്ടിസത്തിന് സ്റ്റം സെല്‍ തെറാപ്പിക്ക് ശാസ്ത്രീയ പിന്തുണയില്ല; ക്രമക്കേടായി കണക്കാക്കേണ്ടി വരുമെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഓട്ടിസം ഭേദമാക്കുന്നതിനുള്ള ചികില്‍സയായി സ്റ്റം സെല്‍ തെറാപ്പി നല്‍കുന്നത് ക്രമക്കേടായും ചികില്‍സാ പിഴവായും കണക്കാക്കേണ്ടതാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഓട്ടിസത്തിന് സ്റ്റം സെല്‍ ചികില്‍സ ഫലപ്രദമാണെന്നോ സുരക്ഷിതമാണെന്നോ തെളിയിക്കുന്ന തെളിയിക്കുന്ന ശാസ്ത്രീയ രേഖകള്‍ നിലവിലില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും ആര്‍ മഹാദേവനും അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഗവേഷണ ലക്ഷ്യങ്ങളോടെയുള്ള അംഗീകൃത ക്ലിനിക്കല്‍ ട്രയലുകള്‍ക്കായി മാത്രമേ സ്റ്റം സെല്‍ തെറാപ്പി ഉപയോഗിക്കാന്‍ കഴിയൂവെന്നും, അതിന് പുറത്തായി ഇത്തരം ചികില്‍സകള്‍ നല്‍കുന്നത് ചികില്‍സ പിഴവായി കണക്കാക്കുമെന്നും കോടതി അറിയിച്ചു.

സ്റ്റം സെല്‍ ചികില്‍സയിലൂടെ ഓട്ടിസം ഭേദമാക്കാമെന്ന രീതിയില്‍ നടക്കുന്ന വ്യാപക പ്രചാരവും പ്രോല്‍സാഹനവും തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിച്ചാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത ചികില്‍സയെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാതെ രോഗികളില്‍ നിന്നോ അവരുടെ ബന്ധുക്കളില്‍ നിന്നോ വാങ്ങുന്ന സമ്മതപത്രത്തിന് നിയമസാധുതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഫലപ്രാപ്തി തെളിയിക്കപ്പെടാത്ത ചികില്‍സയ്ക്ക് സമ്മതം വാങ്ങുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും വിധിയില്‍ പറയുന്നു.

അതേസമയം, നിലവില്‍ സ്റ്റം സെല്‍ തെറാപ്പി സ്വീകരിച്ചുകൊണ്ടിരിക്കുന്ന രോഗികളെ പെട്ടെന്ന് ചികില്‍സയില്‍ നിന്ന് ഒഴിവാക്കരുതെന്നും കോടതി നിര്‍ദേശിച്ചു. അത്തരം രോഗികളെ കൃത്യമായ മാനദണ്ഡങ്ങളുള്ള ക്ലിനിക്കല്‍ ട്രയലുകളുടെ ഭാഗമാക്കി മാറ്റി തുടര്‍ചികില്‍സ ഉറപ്പാക്കുന്നതിനായി നാഷണല്‍ മെഡിക്കല്‍ കമീഷനും (എന്‍എംസി) ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനും (എയിംസ്) ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

ഓട്ടിസം ചികില്‍സയില്‍ സ്റ്റം സെല്‍ തെറാപ്പി ഫലപ്രദമോ സുരക്ഷിതമോ ആണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ രേഖകള്‍ നിലവിലില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) തുടങ്ങിയ സ്ഥാപനങ്ങള്‍ മുന്‍പ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി ഉത്തരവില്‍ പരാമര്‍ശിച്ചു.

Next Story

RELATED STORIES

Share it