Latest News

മോഷണ ശ്രമം; പെണ്‍കുട്ടിയുടെ ഷാള്‍ യുവാക്കള്‍ വലിച്ച് വീഴ്ത്തി; പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

മോഷണ ശ്രമം; പെണ്‍കുട്ടിയുടെ ഷാള്‍ യുവാക്കള്‍ വലിച്ച് വീഴ്ത്തി; പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
X

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വിട്ട് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയെ ഷാള്‍ വലിച്ച് വീഴ്ത്തി യുവാക്കള്‍. ബാലന്‍സ് നഷ്ടപ്പെട്ട് നിലത്തുവീണ പതിനേഴുകാരിയുടെ മുകളിലൂടെ പിന്നില്‍ നിന്ന് വന്ന ബൈക്ക് പാഞ്ഞുകയറി. വിദ്യാര്‍ത്ഥി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒളിവിലായിരുന്ന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

ജില്ലയിലെ ഹന്‍സ്വാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹിരാപൂര്‍ മാര്‍ക്കറ്റിന് സമീപമാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വീഡിയോയില്‍ പെണ്‍കുട്ടി ഒരു സുഹൃത്തിനൊപ്പം സൈക്കിളില്‍ വരുന്നതായി കാണാം. ഈ സമയം ബൈക്കിലെത്തിയ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നു. മാലയ്ക്കുപകരം ഷാള്‍ പിടിച്ചു വലിച്ചതോടെ, ബാലന്‍സ് തെറ്റി പെണ്‍കുട്ടി നിലത്തുവീഴുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.

നിലത്ത് വീണ പെണ്‍കുട്ടിയുടെ പുറത്തുകൂടി പിന്നില്‍ നിന്ന് വന്ന ബൈക്ക് കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും താടിയെല്ല് ഒടിയുകയും ചെയ്ത വിദ്യാര്‍ത്ഥി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അംബേദ്കര്‍ നഗറില്‍ നിന്നുമാണ് പ്രതികളെ പിടികൂടിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തു. ഇവരുടെ കാലിന് വെടിയേറ്റിട്ടുണ്ട്.





Next Story

RELATED STORIES

Share it