Latest News

വിവാദം സൃഷ്ടിച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം

വിവാദം സൃഷ്ടിച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമം
X

പിണറായി വിജയന്‍

കേരള നിയമസഭയില്‍ 2015 ല്‍ നടന്ന ചില സംഭവങ്ങളെ ആസ്പദമാക്കി വിവാദങ്ങള്‍ സൃഷ്ടിച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് പ്രതിപക്ഷം. നിയമസഭയില്‍ നടന്ന സംഭവത്തിന്റെ പേരില്‍ ഉണ്ടായ കേസ് പിന്‍വലിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിന് ഉണ്ടോയെന്ന പ്രശ്‌നമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. പതിമൂന്നാം കേരള നിയമസഭയില്‍ 2015 മാര്‍ച്ച് 13 ന് നടന്ന ചില പ്രതിഷേധങ്ങളെയും മറ്റു സംഭവങ്ങളെയും ആസ്പദമാക്കി മ്യൂസിയം പോലീസ് െ്രെകം നം. 236/2015 ആയി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഇന്ത്യന്‍ പീനല്‍ കോഡിലെ 447, 427, 34 വകുപ്പുകള്‍ പ്രകാരവും പൊതുമുതല്‍ നശീകരണം തടയല്‍ നിയമത്തിലെ 3(1) വകുപ്പ് പ്രകാരവുമാണ് കേസ്സെടുത്തിരുന്നത്. ഇത് സംബന്ധിച്ച് 19.04.2017 ല്‍ സര്‍ക്കാരിന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തി. 09.02.2018ല്‍ പ്രസ്തുത കേസ് പിന്‍വലിക്കുന്നതിന് സര്‍ക്കാരിന് എതിര്‍പ്പില്ലായെന്ന് തിരുവനന്തപുരം ജില്ലാ കളക്ടറെ അറിയിക്കുകയുണ്ടായി. അതേതുടര്‍ന്ന് 2018 ജുലൈ 21 ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ക്രിമിനല്‍ നടപടി ചട്ടം 321 പ്രകാരം കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കുകയും ചെയ്തു. പ്രോസിക്യൂഷന്റെ നിര്‍ദ്ദേശത്തെ വിചാരണ കോടതി അംഗീകരിച്ചില്ല.

ഇതിനെതിരെ ഹൈക്കോടതിയിലും തുടര്‍ന്ന് സുപ്രീം കോടതിയിലും കേസ് ഫയല്‍ ചെയ്യപ്പെട്ടു. ഹൈക്കോടതി കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കിയില്ലെങ്കിലും പ്രോസിക്യൂട്ടറുടെ നടപടിയില്‍ യാതൊരു അസ്വഭാവികതയും കണ്ടിരുന്നില്ല.

ഇവിടെ ഉയര്‍ന്നുവന്നത് കേസ് പിന്‍വലിക്കലിനെ സംബന്ധിച്ചുള്ള നിയമപ്രശ്‌നമാണ്. ഫയല്‍ ചെയ്ത കേസിലെ വിചാരണയോ വിധിയോ അടിസ്ഥാനപ്പെടുത്തിയുള്ള സുപ്രീംകോടതി നിര്‍ദ്ദേശമല്ല. കേസ് പിന്‍വലിക്കല്‍ കോടതിയുടെ തെളിവുകള്‍ കണക്കിലെടുത്തുള്ള ഒരു വിധിയായി പരിഗണിക്കാന്‍ കഴിയില്ലായെന്ന് ചൂണ്ടിക്കാട്ടുന്ന സുപ്രീംകോടതിയുടെ തന്നെ വിധിന്യായങ്ങള്‍ നിലവിലുണ്ട്. കേസ് പിന്‍വലിക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് എല്ലാ അവകാശവുമുണ്ട്.

ഇക്കാര്യത്തില്‍ അനുമതി നല്‍കുമ്പോള്‍ കോടതി ഒരു മേല്‍നോട്ട ചുമതലയാണ് വഹിക്കുന്നതെന്നും സുപ്രിംകോടതി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രധാന വിധിന്യായങ്ങളായ Rajendrakumar Jain Vs State through Special Police Establishment and others (1980 AIR 1510) എന്ന കേസില്‍ ബഹു. സുപ്രിംകോടതി ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനും കൂട്ടര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസ് പിന്‍വലിച്ചതിനെതിരെ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

'The Public prosecutor is an officer of the Court and responsible to the Court. The Court performs a supervisory function in granting consent to the withdrawal. The Court's dtuy not to re-appreciate the grounds which led the public prosecutor to request withdrawal from the prosecution but to consider whether the public prosecutor applied his mind as a free agent, uninfluenced by irrelevant and etxraneous consideration.'

ഇത് പരിഭാഷപ്പെടുത്തിയാല്‍ ഇങ്ങനെ വായിക്കാം: 'പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയുടെ ഉദ്യോഗസ്ഥനാണ്. കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കുമ്പോള്‍ കോടതി മേല്‍നോട്ട ചുമതലയാണ് വഹിക്കുന്നത്. കേസ് പിന്‍വലിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പറയുന്നതിന്റെ എല്ലാ അടിസ്ഥാനങ്ങളെയും പുനര്‍വിലയിരുത്തല്‍ നടത്തേണ്ടതിന്റെ ആവശ്യമില്ല. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആവശ്യം ഉന്നയിക്കുന്നതില്‍ മനസ്സിരുത്തിയിട്ടുണ്ടോയെന്നും മറ്റു പ്രേരണകള്‍ കൂടാതെ സ്വതന്ത്രമായാണോ പെരുമാറിയിട്ടുള്ളതെന്നുമാണ് പരിശോധിക്കേണ്ടത്. ' ഇത് വ്യക്തമാക്കുന്നത് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത നടപടി ഒരു തരത്തിലും നിയമവിരുദ്ധമാകുന്നില്ലായെന്നാണ്. സര്‍ക്കാര്‍ നടപടിയെ അതുകൊണ്ട് തന്നെ അസാധാരണമായ ഒന്നായോ നിയമവിരുദ്ധമായ ഒന്നായോ കാണേണ്ടതില്ല.

ഒരു കേസ് പിന്‍വലിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഇതിന്റെ എറ്റവും പ്രധാനമായ കാരണം പൊതുതാത്പര്യം (ഏലിലൃമഹ ജൗയഹശര കിലേൃലേെ) ആണ്. ഒരു കാലഘട്ടത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയ പ്രക്ഷുബ്ധമായ അന്തരീക്ഷം ഉണ്ടായപ്പോള്‍ നടന്ന ചില സംഭവങ്ങള്‍ ആസ്പദമാക്കി എടുക്കുന്ന കേസുകള്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് എല്ലാ അവകാശങ്ങളും ഉണ്ട്. കേസിലെ തെളിവുകളോ മറ്റു വിഷയങ്ങളോ കേസ് പിന്‍വലിക്കാന്‍ നല്‍കുന്ന അപേക്ഷയ്ക്ക് അടിസ്ഥാനമാകണമെന്നില്ല.

ഭരണഘടനയുടെ അനുഛേദം 105 ഉം 194 ഉം പാര്‍ലമെന്റിനും നിയമസഭകള്‍ക്കും അതിലെ അംഗങ്ങള്‍ക്കും ചില പ്രിവിലേജുകള്‍ നല്‍കിയിട്ടുണ്ട്. മറ്റു ഇടപെടലുകള്‍ കൂടാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന നിയമനിര്‍മ്മാണ സഭകള്‍ അവയ്ക്കുള്ളില്‍ നടക്കുന്ന ചില സംഭവങ്ങള്‍ ഭരണഘടനാനുസൃതമായി നിര്‍മ്മിച്ചിട്ടുള്ള ചട്ടങ്ങള്‍ വഴി പരിഹരിക്കുന്ന രീതിയാണ് പൊതുവില്‍ സ്വീകരിക്കുന്നത്. ഇക്കാര്യത്തില്‍ പോലീസ് ഇടപെടലുകളും കോടതി വ്യവഹാരങ്ങളും ഉണ്ടായാല്‍ അത് സഭയ്ക്കാകെ ഗുണകരമാണോയെന്ന് ഈ വ്യവഹാരങ്ങളെ പിന്തുണക്കുന്ന ബഹുമാനപ്പെട്ട സാമാജികര്‍ ആലോചിക്കേണ്ടതാണ്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭയിലുണ്ടായ പ്രതിഷേധങ്ങള്‍ ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്. 1988 ജനുവരിയില്‍ തമിഴ്‌നാട് നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിയമസഭാംഗങ്ങള്‍ തമ്മില്‍ അടിപിടി ഉണ്ടായി. മൈക്കും സ്റ്റാന്റും ചെരുപ്പും ഒക്കെ ഉപയോഗിച്ച് അംഗങ്ങള്‍ പരസ്പരം ആക്രമിച്ചു. കോണ്‍ഗ്രസ്സ്, ഡിഎംകെ, എഡിഎംകെ അംഗങ്ങള്‍ തമ്മിലായിരുന്നു ആക്രമണം. ഒടുവില്‍ പോലിസ് ലാത്തി ചാര്‍ജ്ജ് നടത്തി.

1989 മാര്‍ച്ച് 25 ന് ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് നിയമസഭയില്‍ അടിപിടിയുണ്ടായി. കരുണാനിധി, ജയലളിത ഉള്‍പ്പെടെയുള്ളവര്‍ ആക്രമിക്കപ്പെട്ടു. ഡിഎംകെ, എഡിഎംകെ അംഗങ്ങള്‍ തമ്മിലായിരുന്നു അടി നടന്നത്. 1997 ഒക്‌ടോബര്‍ 22 ന് ഉത്തര്‍പ്രദേശില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ നിയമസഭയ്ക്കുള്ളില്‍ വലിയ തോതില്‍ അക്രമങ്ങളുണ്ടായി. സ്പീക്കര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കസേര, പലക, മൈക്ക്, മറ്റു ഉപകരണങ്ങള്‍ എന്നിവയൊക്കെ ഉപയോഗിച്ചാണ് അംഗങ്ങള്‍ പരസ്പരം ആക്രമിച്ചത്. ആംബുലന്‍സ് എത്തിയാണ് പലരെയും ആശുപത്രിയില്‍ ആക്കിയത്. കോണ്‍ഗ്രസ്സ്, ബിജെപി, എസ്പി, ബിഎസ്പി അംഗങ്ങള്‍ പരസ്പരം ആക്രമിച്ചു. ഇന്ത്യന്‍ പാര്‍ലമെന്ററി ചരിത്രത്തിലേ തന്നെ ഏറ്റവും വലിയ അക്രമസംഭവമായിരിക്കും ഇത്.

2007 സെപ്റ്റംബര്‍ 14 ന് ഡല്‍ഹി നിയമസഭയിലെ ഒരു കോണ്‍ഗ്രസ്സ് അംഗം ബിജെപിയുടെ ചീഫ് വിപ്പിനെ തല്ലി. 2009 ഡിസംബര്‍ 10 ന് മഹാരാഷ്ട്ര നിയമസഭയിലെ ഒരംഗം മറ്റൊരംഗത്തെ തല്ലി. സത്യപ്രതിജ്ഞ വാചകം മറാഠിയില്‍ ചൊല്ലാതെ ഹിന്ദിയില്‍ ചൊല്ലി എന്ന കാരണം പറഞ്ഞാണ് സഭയ്ക്കുള്ളില്‍ വെച്ചു തന്നെ ആക്രമണം ഉണ്ടായത്. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അംഗം സമാജ്‌വാദി അംഗത്തെയാണ് മര്‍ദ്ദിച്ചത്.

2011 ഡിസംബറില്‍ ഒഡീഷ നിയമസഭാ സ്പീക്കര്‍ക്കു നേരെ ഒരു കോണ്‍ഗ്രസ്സ് അംഗം കസേര എറിഞ്ഞു. സ്പീക്കര്‍ ബിജുജനതാദള്‍ അംഗമായിരുന്നു. 2013 ല്‍ തമിഴ്‌നാട് നിയമസഭയില്‍ ഡിഎംഡികെ യില്‍പ്പെട്ട പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തല്ലി. റിബല്‍ അംഗമായ ഒരാള്‍ മുഖ്യമന്ത്രിയെ പ്രകീര്‍ത്തിച്ചതായിരുന്നു കാരണം. 2014 ല്‍ തെലങ്കാന രൂപീകരണ ബില്‍ അവതരണ സമയത്ത് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്സ് നേതാവ് കുരുമുളക് സ്‌പ്രേ ഉപയോഗിച്ചു.

2017 മേയില്‍ ഡല്‍ഹി നിയമസഭാംഗമായിരുന്ന ആപ് അംഗത്തെ മറ്റു ആപ് അംഗങ്ങള്‍ തന്നെ വലിച്ചിഴച്ചു സഭയില്‍ നിന്നു പുറത്താക്കി. 2019 ഡിസംബറില്‍ മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപി ശിവസേന അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. 2021 മാര്‍ച്ച് 23 ന് ബിഹാറിലെ പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറെ ചേംബറില്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി അവരെ ബലമായി നീക്കം ചെയ്തു. ഉന്തിലും തള്ളിലും പെട്ട് ഒരു എംഎല്‍എക്ക് പരിക്കേറ്റു. ആര്‍ ജെ ഡി അംഗത്തിനാണ് പരിക്കേറ്റത്. സ്പീക്കര്‍ ബി ജെ പി അംഗമാണ്.

2021 ജൂലൈയില്‍ മഹാരാഷ്ട്ര അസംബ്ലിയില്‍ ബിജെപി എംഎല്‍എമാര്‍ സ്പീക്കറുടെ ചേംബറിലെത്തി കയ്യാങ്കളി നടത്തി. സ്പീക്കര്‍ എന്‍ സി പി അംഗമാണ്. ഇതില്‍ ബീഹാര്‍ നിയമസഭയില്‍ ലാത്തിച്ചാര്‍ജ്ജ് നടത്തിയ പോലീസുകാര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഒരു എംഎല്‍എയുടെ പേരിലും നിയമസഭയിലെ പ്രതിഷേധങ്ങളിലും ക്രിമിനല്‍ കേസ് എടുക്കുന്ന രീതി പൊതുവേ രാജ്യത്ത് ഉണ്ടായിട്ടില്ല.

ഇന്ത്യന്‍ നിയമസഭയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു രീതി പിന്തുടരാനാണ് യുഡിഎഫ് ശ്രമിച്ചതെന്ന് കാണാവുന്നതാണ്. നിയമസഭയുടെ പ്രിവിലേജുമായി ബന്ധപ്പെട്ട സംവിധാനത്തെ നിലനിര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിച്ചിട്ടുള്ളൂ. ആര്‍ക്കെങ്കിലും എതിരെ ഒരു കേസ് നിയമസഭയ്ക്കകത്തെ പ്രവര്‍ത്തനത്തിന്റെ പേരില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.

കാലാകാലങ്ങളിലുണ്ടാവുന്ന പല പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തില്‍ സമൂഹത്തിലും സ്ഥാപനങ്ങളിലും ചിലപ്പോള്‍ പാര്‍ലമെന്റിലും നിയമനിര്‍മ്മാണ സഭകളിലും പ്രതിഷേധത്തിന്റെ അലകള്‍ ഉയരാറുണ്ട്. സമരങ്ങളും പ്രശ്‌നങ്ങളും തീരുമ്പോള്‍ സാധാരണഗതിയില്‍ തന്നെ അതിനോടനുബന്ധിച്ചുണ്ടായ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്ക് അനുമതി നല്‍കുന്നതും അവ പിന്‍വലിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയുടെ അനുമതി തേടുന്നതും ഈ സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ ചരിത്രത്തില്‍ ആദ്യമായല്ല. ഇതൊരു പുതിയ സംഭവമാണെന്ന തരത്തില്‍ പര്‍വ്വതീകരിച്ച് ചിത്രീകരിക്കുന്നത് യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. നിയമസഭയെ സംബന്ധിച്ച് പൊതുവില്‍ രാജ്യത്താകമാനം സ്വീകരിക്കുന്ന നയം കേരള നിയമസഭയ്ക്ക് ബാധകമാവേണ്ടതില്ലായെന്ന നയം നമ്മുടെ അന്തസ്സ് തകര്‍ക്കാനേ ഇടയാക്കുകയുള്ളൂവെന്ന് ഓര്‍ക്കണം.

കേസ് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് ഈ നിയമസഭയില്‍ തന്നെ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നത് നല്ലതാണ്. സംസ്ഥാന ഖജനാവിന് കോടികള്‍ നഷ്ടമുണ്ടാക്കിയ പാമോലിന്‍ കേസ് സ്വന്തം ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചുവെന്നാണ് നിയമസഭയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്. അതേസമയം കോടിക്കണക്കിന് രൂപ സംസ്ഥാനത്തിന് നഷ്ടം വരുത്തിയതായി സി&എജിയും പിഎസിയും കണ്ടെത്തിയ പാമോലിന്‍ കേസില്‍ ആരെയും കുറ്റവിമുക്തരാക്കാനാവില്ലെന്നും കേസിന്റെ വിചാരണ തുടരട്ടെയെന്നുമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി എന്നതും മറന്നുപോകരുത്.

07.12.2015 ല്‍ നക്ഷത്രചിഹ്നമിടാത്ത ചോദ്യം നം. 2036 ന്റെ മറുപടിയില്‍ അന്നത്തെ ആഭ്യന്തരവും വിജിലന്‍സ് മന്ത്രിയുമായ രമേശ് ചെന്നിത്തല കോടിയേരി ബാലകൃഷ്ണന് നല്‍കിയ മറുപടി പ്രധാനമാണ്. 5607 െ്രെകം കേസുകളും 12 വിജിലന്‍സ് കേസുകളും പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ നിരാക്ഷേപ പത്രം നല്‍കിയിട്ടുണ്ടെന്നാണ് അതില്‍ വ്യക്തമാക്കിയിട്ടുള്ളത്. അഴിമതി കേസുകള്‍ പോലും പിന്‍വലിച്ചവരാണ് ഇപ്പോള്‍ പുതിയ ന്യായവാദവുമായി ഇറങ്ങിയിട്ടുള്ളത്. രാഷ്ട്രീയതാത്പര്യത്തിനു വേണ്ടി എന്തും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ ഒരു ലീലാവിലാസമായി മാത്രമേ ഇതിനെ കാണുന്നുള്ളൂ.

പാര്‍ലമെന്ററി പ്രിവിലേജിന്റെ അതിര് ഏതുവരെ എന്ന സഭാനടപടിക്രമം സംബന്ധിച്ച പ്രശ്‌നമാണ് സുപ്രീംകോടതി പരിശോധിച്ചത്. കോടതി ഏതെങ്കിലും വ്യക്തിയെ കുറ്റക്കാരനായി കാണുകയോ പേരെടുത്ത് പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിധത്തിലുള്ള ഒരു അടിയന്തരപ്രമേയത്തിന് ഇവിടെ പ്രസക്തിയില്ല.

മുമ്പ് ഒരു വിജിലന്‍സ് കോടതി പാമോലിന്‍ കേസ് മുന്‍നിര്‍ത്തി കേസ്സെടുക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ ആ ജഡ്ജിയെ ഗവണ്‍മെന്റ് ചീഫ് വിപ്പുതന്നെ അതിമ്ലേച്ഛമായ ഭാഷയില്‍ അധിക്ഷേപിച്ച കാര്യം ഈ സഭയ്ക്ക് മറക്കാനാവുന്നതല്ല. കേവലമായ ഒരു വകുപ്പുകൈമാറ്റം കൊണ്ട് പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിച്ചവരാണ് ഇന്ന് കോടതിയുടെ പേരെടുത്തുള്ള പരാമര്‍ശംപോലുമില്ലാത്ത ഒരു കാര്യത്തില്‍ രാജി ആവശ്യപ്പെടുന്നത്. പാമോലിന്‍ കേസില്‍ അന്ന് ബന്ധപ്പെട്ട വ്യക്തി വിജിലന്‍സ് വകുപ്പ് മറ്റൊരാള്‍ക്ക് കൈമാറിക്കൊണ്ട് അധികാരത്തില്‍ തുടരുകയായിരുന്നുവെന്നത് ഞാന്‍ പ്രത്യേകം അവരെ ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ.

നിയമനിര്‍മ്മാണ സഭ ഒരു പരമാധികാര സഭയാണ്. അതിലെ നടപടിക്രമങ്ങളുടെ, ചട്ടങ്ങളുടെ കസ്‌റ്റോഡിയന്‍ ആത്യന്തികമായി നിയമസഭാ സ്പീക്കറാണ്, സഭ തന്നെയാണ്. സഭയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സഭയില്‍ തീരണം. അതിനെ പുറത്തേക്ക് കൊണ്ടുപോയാല്‍ അത് സഭയുടെ പരമാധികാരത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന പ്രവണതകളെയാവും ശക്തിപ്പെടുത്തുക. ഇവിടെ സഭയില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ സ്പീക്കര്‍ തീര്‍പ്പ് കല്‍പ്പിച്ചതാണ്, നടപടിയെടുത്തതാണ്. ആ നടപടി നിലനില്‍ക്കെ സഭയിലെ കാര്യങ്ങളെ കേസിലേക്ക് വലിച്ചിഴച്ചത് ജനാധിപത്യമൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ എന്നത് നമ്മുടെ നിയമസങ്കല്‍പ്പത്തിന്റെ അടിസ്ഥാന നിയമതത്വങ്ങള്‍ക്കു തന്നെ എതിരാണ്. സഭയില്‍ നിന്ന് ബന്ധപ്പെട്ട അംഗങ്ങളെ അന്നത്തെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തതാണ്. അത് ഒരു ശിക്ഷാനടപടിയാണ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍പോലെയല്ല സഭയില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍. സഭയിലെ ശിക്ഷതന്നെയാണ്. അതാണ് ഭരണഘടന വിഭാവനം ചെയ്ത അധികാരവിഭജനത്തിന്റെ അടിസ്ഥാന പ്രമാണം.

സംസ്ഥാനത്തെ/രാജ്യത്തെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം പ്രക്ഷുബ്ധമല്ലാതാകുമ്പോള്‍ പഴയ സംഭവങ്ങള്‍ ആസ്പദമാക്കി എടുത്ത കേസുകള്‍ മുന്നോട്ടുപോകേണ്ടതില്ലായെന്ന തീരുമാനം നിയമപരമായ തെറ്റല്ല. ഇത്തരമൊരു അപേക്ഷ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നല്‍കിയത് ദുരുദ്ദേശപരമല്ലെന്നും മറ്റു കാരണങ്ങള്‍ കൊണ്ടല്ലന്നും ബഹു. ഹൈക്കോടതി വിധിന്യായത്തില്‍ നേരത്തെ പറഞ്ഞിട്ടുമുണ്ട്. പരമോന്നത നീതിപീഠത്തിന്റെ വിധി അംഗീകരിക്കുകയാണ്. തുടര്‍ നടപടികള്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോവും. സുപ്രീംകോടതി വിധി അനുസരിക്കാന്‍ നാമെല്ലാവരും ബാധ്യസ്ഥരാണ്.

Next Story

RELATED STORIES

Share it