Latest News

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിനെ അയോഗ്യനാക്കിയുള്ള വിജ്ഞാപനമിറക്കി നിയമസഭാ സെക്രട്ടേറിയറ്റ്

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിനെ അയോഗ്യനാക്കിയുള്ള വിജ്ഞാപനമിറക്കി നിയമസഭാ സെക്രട്ടേറിയറ്റ്
X

തിരുവനന്തപുരം: തൊണ്ടി മുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട എംഎല്‍എ ആന്റണി രാജുവിനെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഇറക്കി നിയമസഭാ സെക്രട്ടേറിയേറ്റ്. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ മൂന്നു വര്‍ഷം ശിക്ഷിക്കപ്പെട്ടതോടെയാണ് നടപടി. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയായിരുന്നു മുന്‍മന്ത്രിയായ അഡ്വ. ആന്റണി രാജുവിനെതിരേ ശിക്ഷ വിധിച്ചത്. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കോടതി ശിക്ഷിച്ചാല്‍ അയോഗ്യനെന്നാണ് സുപ്രിംകോടതിയുടെ നേരത്തേയുള്ള വിധി. ഇത് പ്രകാരമാണ് ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമായത്.

കോടതി വിധി വിശദമായി പരിശോധിച്ച ശേഷം നിയമസഭാ സെക്രട്ടേറിയറ്റാണ് വിജ്ഞാപനം ഇറക്കിയത്. ശിക്ഷിക്കപ്പെട്ട സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ജനപ്രതിനിധിക്ക് സ്വയം ഒഴിയാനുള്ള അവസരം നഷ്ടമാകും. ഇത്തരത്തില്‍ അയോഗ്യത നേരിടുന്ന കേരളത്തിലെ ആദ്യ ജനപ്രതിനിധി കൂടിയാണ് ആന്റണി രാജു. വരുന്ന തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാനും ആന്റണി രാജുവിന് കഴിയില്ല. മേല്‍ കോടതികളിലേക്ക് പോയി വിധിക്ക് സ്റ്റേ നേടിയാലും അയോഗ്യത നിലനില്‍ക്കും. തിരുവനന്തപുരം സെന്‍ട്രലിലെ എംഎല്‍എയായിരുന്നു ആന്റണി രാജു.

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. 1990 ഏപ്രില്‍ നാലിനാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി ഓസ്‌ട്രേലിയന്‍ പൗരന്‍ പിടിയിലായത്. ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത് കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചതിനെ തുടര്‍ന്നാണെന്നാണ് കണ്ടെത്തല്‍. തിരുവനന്തപുരത്ത് അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതിയിലെ ക്ലര്‍ക്കിനെ സ്വാധീനിച്ച് തൊണ്ടിമുതല്‍ മാറ്റുകയായിരുന്നു.

ഗൂഢാലോചനയ്ക്ക് ആറു മാസം തടവ്. തെളിവ് നശിപ്പിക്കലിന് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും. കള്ള തെളിവ് ഉണ്ടാക്കല്‍ വകുപ്പിന് മൂന്നു വര്‍ഷം തടവ് എന്നിങ്ങനെയാണ് നെടുമങ്ങാട് ഒന്നാം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കെ എസ് ജോസിനും ഇതേ ശിക്ഷ തന്നെയാണ്. ശിക്ഷാ വിധിക്കു പിന്നാലെ അപ്പീല്‍ ആവശ്യം ചൂണ്ടിക്കാട്ടി പ്രതികള്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. പിന്നാലെ രണ്ട് ആള്‍ജാമ്യത്തില്‍ രണ്ടുപേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

Next Story

RELATED STORIES

Share it