Latest News

കൊവിഡ്: വാക്‌സിന്‍ വിതരണത്തിന്റെ അളവ് വര്‍ധിപ്പിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍

കൊവിഡ്: വാക്‌സിന്‍ വിതരണത്തിന്റെ അളവ് വര്‍ധിപ്പിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് കൂടുതല്‍ കൊവിഡ് വാക്‌സിന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ ആവശ്യപ്പെട്ടു. മൂന്നാം തരംഗത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കണമെങ്കില്‍ കൂടുതല്‍ വാക്‌സിന്‍ നല്‍കിയേ തീരൂ. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കണം. വാക്‌സിന്‍ ക്ഷാമം മൂലം 14-44 വയസ്സിനിടയിലുളളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതുവരെ ലഭിച്ച വാക്‌സിനുകള്‍ നല്‍കിക്കഴിഞ്ഞു. കുറച്ചു വാക്‌സിന്‍ മാത്രമാണ് ബാക്കിയുളളത്. അത് ഇന്നത്തോടെ തീരും. ഇത് സങ്കടകരമാണ്. ഇതേ കുറിച്ച് കേന്ദ്ര സര്‍ക്കാരിന് എഴുതിയിട്ടുണ്ട്. സപ്ലെ കിട്ടുന്നതനുസരിച്ച് വാക്‌സിന്‍ കേന്ദ്രങ്ങള്‍ വീണ്ടും തുറക്കും- വീഡിയോ കോണ്‍ഫ്രന്‍സിലൂടെ കെജ്രിവാള്‍ പറഞ്ഞു.

ഓരോ മാസവും ഡല്‍ഹിയില്‍ 80 ലക്ഷം ഡോസ് വാക്‌സിനാണ് ആവശ്യം. എന്നാല്‍ മെയ് മാസത്തില്‍ കിട്ടിയത് 16 ലക്ഷം ഡോസ് മാത്രം. ജൂണില്‍ ലഭിക്കേണ്ട സംസ്ഥാന വിഹിതം വീണ്ടും വെട്ടിക്കുറച്ച് 8 ലക്ഷമാക്കി. ഇതുപോലെ പോയാല്‍ 30 മാസം കൊണ്ടേ വാക്‌സിന്‍ നല്‍കിക്കഴിയുകയുള്ളൂ. ഇതുപോലെ പോയാല്‍ ഇനിയും എത്ര പേര്‍ക്ക് കൊവിഡ് ബാധിക്കുമെന്നോ എത്ര പേര്‍ മരിക്കുമെന്നോ പറയാനാവില്ല. ഇതിനൊരു പരിഹാരം ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിന്‍ നിര്‍മിക്കാന്‍ രാജ്യത്തെ എല്ലാ വാക്‌സിന്‍ നിര്‍മാതാക്കളോടും ആവശ്യപ്പെടുകയാണ് ഇതിനൊരു പരിഹാരമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

വിദേശ വാക്‌സിന്‍ ഉല്‍പാദകര്‍ക്കും വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പല രാജ്യങ്ങളും തങ്ങള്‍ക്കാവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ സംഭരിച്ചുവച്ചിട്ടുണ്ടെന്നും അത് വിട്ടുതരാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it