Latest News

വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിന് നൂറ്റിമൂന്ന് വയസ്സ്

വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിന് നൂറ്റിമൂന്ന് വയസ്സ്
X

കെ പി ഒ റഹ്മത്തുല്ല

ന്മനാടിന്റെ വിമോചനത്തിനുവേണ്ടി അധിനിവേശകരായ ബ്രിട്ടീഷ് സാമ്രാജ്യത്തോട് യുദ്ധം ചെയ്ത് ധീര രക്തസാക്ഷിത്വം വരിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ വീരേതിഹാസ ഓര്‍മകള്‍ക്ക് 103 ആണ്ടുകള്‍ പൂര്‍ത്തിയാവുന്നു. പാരമ്പര്യമായി തന്നെ സമ്രാജ്വത്വ വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കെടുത്തിരുന്ന കിഴക്കന്‍ ഏറനാട്ടില്‍ പാണ്ടിക്കാട്, വെള്ളൂരങ്ങാടി പ്രമുഖ കുടുംബമായ ചക്കിപ്പറമ്പന്‍ തറവാട്ടില്‍ മൊയ്തീന്‍ കുട്ടി ഹാജിയുടെയും തൂവ്വര്‍ സ്വദേശി പറവെട്ടി കുഞ്ഞായിശ ഹജ്ജുമ്മയുടെയും പുത്രനായി 187374 കാലഘട്ടത്തില്‍ ജനനം. വാരിയംകുന്നത്തിന്റെ അയല്‍വാസിയും പൗരപ്രമുഖനും കൂടാതെ സമ്പന്ന ഭൂവുടമയും ആയിരുന്ന കാരക്കാന്‍ കുഞ്ഞിക്കമ്മു നടത്തിയിരുന്ന ഓത്തുപള്ളിയില്‍നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നത് ഈ സംവിധാനത്തില്‍നിന്നു തന്നെയായിരുന്നു. 1921ന്റെ സമര നായകന്‍ ഏരിക്കുന്നന്‍ പാലത്തു മൂലയില്‍ ആലി മുസ്‌ല്യാരും പ്രാഥമിക വിദ്യാഭ്യാസം കരഗതമാക്കിയത്. ഇരുവരുടെയും ഗുരുനാഥനായ കാരക്കാട് കുഞ്ഞിക്കമ്മുവില്‍ നിന്ന് പില്‍ക്കാലത്ത് (1800കളുടെ ഒടുവില്‍) മദ്രാസ് എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ടീച്ചേഴ്‌സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റും ലഭിച്ചു.

ബ്രിട്ടീഷുകാര്‍ക്കും പ്രാദേശിക ഭരണകര്‍ത്താക്കളായിരുന്ന സവര്‍ണ ജന്മിമാര്‍ക്കെതിരില്‍ നിരന്തര പോരാട്ടങ്ങളാണ് 1800കളില്‍ ഏറനാട്ടിലും വള്ളുവനാട്ടിലും അരങ്ങേറിയത്. എണ്‍പതിലധികം ചെറുതും വലുതുമായ പോരാട്ടങ്ങള്‍ നടന്നതായി പ്രാദേശിക ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1894ല്‍ മണ്ണാര്‍ക്കാടിനടുത്ത പള്ളിക്കുറുപ്പില്‍ നടന്ന ബ്രിട്ടീഷ് ജന്മി വിരുദ്ധ കലാപം ഇതില്‍ ഏറെ ശ്രദ്ധേയമായിരുന്നു. ചക്കിപ്പറമ്പന്‍ കുടുംബവും ബന്ധുക്കളായ പുന്നക്കാടന്‍ കുടുംബവും ഈ പോരാട്ടത്തിന്റെ മുന്‍നിരയില്‍ നിലയുറപ്പിച്ചവരായിരുന്നു. വാരിയംകുന്നന്റെയും ആലി മുസ്‌ലിയാരുടെയും സഹോദരങ്ങളടക്കമുള്ള കുടുംബങ്ങളില്‍ പലരും ഈ പോരാട്ടത്തില്‍ രക്തസാക്ഷികളായിട്ടുണ്ട്.


ആലി മുസ്‌ലിയാര്‍

വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവ് മൊയ്തീന്‍കുട്ടി ഹാജിയെ ഈ സംഭവങ്ങളെത്തുടര്‍ന്ന് റിമാന്റില്‍ വയ്ക്കുകയും പിന്നീട് വിചാരണ നടത്തി ആന്‍ഡമാനിലേക്ക് നാടുകടത്തുകയുമാണ് ചെയ്തത്. ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് യഥാര്‍ത്ഥത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി അധിനിവേശ വിരുദ്ധ പോരാട്ട പ്രവര്‍ത്തന മേഖലയില്‍ സജീവമായത്.

19001915നുമിടക്ക് ചില വിദേശയാത്രകളും വാരിയംകുന്നന്‍ നടത്തിയിട്ടുണ്ട്. നല്ലൊരു കച്ചവടക്കാരന്‍ കൂടിയായിരുന്ന അദ്ദേഹം ഈ കാലയളവില്‍ ബിസിനസ്സ് രംഗത്തും സജീവ സാന്നിധ്യമായിരുന്നു. ബിസിനസ്സ് ബന്ധങ്ങളും വിദേശ രാജ്യങ്ങളിലെ അനുഭവങ്ങളും പില്‍ക്കാലത്ത് ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് അദ്ദേഹത്തിന് വലിയ മുതല്‍ക്കൂട്ടായിട്ടുണ്ട്.

1911ല്‍ വാരിയംകുന്നന്‍ ഹജ്ജ് യാത്ര നടത്തി. 1916ല്‍ അദ്ദേഹം തിരിച്ചെത്തിയെങ്കിലും ബ്രിട്ടീഷ് ഗവണ്മെന്റില്‍നിന്ന് പലതരത്തിലുള്ള വിലക്കുകളും നേരിട്ടുകൊണ്ടിരുന്നു. ഈ കാലയളവില്‍ മൊറയൂരിനടുത്ത പാത്തുവെട്ടി പാറക്കലായിരുന്നു കൂടുതലായും താമസിച്ചിരുന്നത്. ആ പ്രദേശത്തുകാരനായ കാട്ടൂരാന്‍ ഉണ്ണി മമ്മദിന്റെ മകള്‍ ഉമ്മാക്കി ഉമ്മയെയാണ് വാരിയംകുന്നന്‍ തന്റെ പ്രഥമ പത്‌നിയായി വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ കുഞ്ഞഹമ്മദ് ഹാജിക്ക് നാല് മക്കളുണ്ടായിട്ടുണ്ട്. അതിന് ശേഷം മക്കത്തുനിന്നും പരിചയപ്പെട്ട താനൂരിലെ ഒരു പ്രമുഖ കുടുംബത്തിലെ സ്ത്രീയ വിവാഹം ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാണ്‍കുട്ടിയും പിറന്നിട്ടുണ്ട്. അദ്ദേഹം പില്‍ക്കാലത്ത് കോയമ്പത്തൂരിലാണ് ജീവിച്ചിരുന്നത്.

1916ല്‍ മലബാര്‍ കലക്ടറയിരുന്ന സി എ ഇന്നീസിന്റെ വധശ്രമ കേസിലും വാരിയംകുന്നന്‍ കുറ്റാരോപിതനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹിച്ച്‌കോക്ക് മദ്രാസ് ജുഡീഷ്യല്‍ റിക്കാര്‍ഡുകളില്‍ വാരിയംകുന്നനെ പരിചയപ്പെടുത്തിയത് 'അതി ബുദ്ധിശാലിയും എഴുത്ത് വിദഗ്ധനും' എന്ന രീതിയിലായിരുന്നു. കെ മാധവന്‍ നായരുടെ പോത്തുവണ്ടിക്കാരന്‍ എന്ന പരിഹാസരൂപത്തിലുള്ള ആരോപണങ്ങളെ മറികടക്കുന്നതാണ് ഈ രേഖകള്‍.

1919ല്‍ ഖിലാഫത്ത് പ്രസ്ഥാനം രൂപീകരിച്ച് ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ മലബാറിലും അതിന്റെ പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങി. 192021 കാലഘട്ടങ്ങളില്‍ മലബാറിലെ വിവിധ പ്രദേശങ്ങളില്‍ ചേര്‍ന്ന സ്വാതന്ത്ര്യ സമര യോഗങ്ങളില്‍ വാരിയംകുന്നനും പങ്കെടുത്തിരുന്നു. 1921 ആഗസ്റ്റ് 17ന് കോഴിക്കോട് വലിയ സമ്മേളനം നടന്നു. 192021 കാലയളവില്‍ മഞ്ചേരിയില്‍ നടന്ന സമ്മേളനം ഏറനാട്ടില്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങള്‍ ശക്തമാക്കാന്‍ നിമിത്തമായി. 1921 ആഗസ്റ്റ് 22ന് പാണ്ടിക്കാട് അങ്ങാടിയില്‍ നടന്ന പ്രഥമ സായുധ സമര പ്രഖ്യാപനത്തില്‍ വാരിയന്‍കുന്നന്‍, പൂക്കുന്നുമ്മല്‍ ആലിഹാജി എന്നിവര്‍ പ്രസംഗിക്കുകയുണ്ടായി. എ കെ കോഡൂര്‍ ആഗ്ലോ മാപ്പിളയുദ്ധം എന്ന പുസ്തകത്തില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ യുദ്ധപ്രഖ്യാപനത്തിന് ശേഷം ഏറനാട്ടിലും വള്ളുവനാട്ടിലും പോരാട്ടം കനത്തു. അതേ സമയം 1921 ആഗസ്റ്റ് 19ന് തന്നെ തിരൂരങ്ങാടിയില്‍ ആലി മുസ്ലിയാരുടെ നേതൃത്വത്തില്‍ മാപ്പിള പോരാളികള്‍ ബ്രിട്ടീഷ് പട്ടാളത്തോട് ഏറ്റുമുട്ടിയിട്ടുണ്ട്. 1921 ആഗസ്റ്റ് 26നാണ് പ്രസിദ്ധമായ പൂക്കോട്ടൂര്‍ യുദ്ധം നടന്നത്. ഇതുമായി ബന്ധപ്പെട്ട് വാരിയംകുന്നനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. എന്നാല്‍ ബ്രിട്ടീഷുകാരുടെ ശക്തമായ സൈനിക സംവിധാനമായ ഡോര്‍സെറ്റ് റെജിമെന്റ്, ഗൂര്‍ഖ റെജിമെന്റ് എന്നിവക്ക് നേരെ 1921 സപ്തംബര്‍ 14നും 23നും നടന്ന രണ്ട് ഉഗ്രന്‍ പോരാട്ടങ്ങളുടെ (ഗറില്ലാ യുദ്ധം) ബുദ്ധികേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചത് വാരിയംകുന്നനായിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച എ ടി യൂസഫലിയുടെ ബെഞ്ചോഫ് ഡോക്യുമെന്റ്‌സ് 1921 രേഖാവരി എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ചക്കിപ്പറമ്പന്‍ കുടുംബത്തിന്റെ വേരുകള്‍ വ്യക്തമാക്കുന്ന പോരാട്ട പാരമ്പര്യവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും വാരിയംകുന്നന്റെ പത്‌നി ഉമ്മാക്കി ഉമ്മ 1922ല്‍ ബ്രിട്ടീഷ് ഗവണ്മെന്റിന് സമര്‍പ്പിച്ച പരാതിയും ഈ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്.

1921 നവംബര്‍ 14ന് പാണ്ടിക്കാട് നടന്ന ചന്തപ്പുര യുദ്ധത്തിന്റെ മുഖ്യസൂത്രധാരകന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തന്നെയായിരുന്നു. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്ന മുക്രി അയമതിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ചെറുപ്പക്കാര്‍ പുലര്‍ച്ചെ 5 മണിക്ക് ശേഷം ചന്തപ്പുരയില്‍ ക്യാമ്പ് ചെയ്തിരുന്ന ഗൂര്‍ക്കാ പട്ടാളത്തെ ആക്രമിച്ച് ക്യാപ്റ്റന്‍ ജോണ്‍ എറിക് അഫ്‌റേലിനെ വധിച്ചത്. 1921 നവംബര്‍ 19ന് നടന്ന വാഗണ്‍ കുട്ടക്കൊലക്ക് ശേഷം വാരിയംകുന്നന്റേയും സഹപ്രവര്‍ത്തകരുടേയും പോരാട്ട പരിശ്രമങ്ങള്‍ക്ക് ബ്രിട്ടീഷ് ഗവണ്മെന്റ് കനത്ത പ്രതിരോധം തീര്‍ത്തു. ഇതിനെ തുടര്‍ന്നാണ് 1922 ജനുവരി ആദ്യത്തില്‍ കാളികാവിനടുത്ത കല്ലാമൂലയിലെ മലനിരകളില്‍വെച്ച് വാരിയംകുന്നനേയും കൂട്ടാളികളേയും ഒരു ചതിയിലൂടെ മഞ്ചേരി സ്വദേശിയായിരുന്ന പോലീസ് കോണ്‍സ്റ്റബ്ള്‍ കെ കൃഷ്ണപ്പണിക്കരുടേയും മറ്റു സൈനികരുടേയും നേതൃത്വത്തിലുള്ള 'ബാറ്ററി' എന്ന പ്രത്യേക ദൗത്യസംഘം അറസ്റ്റ് ചെയ്തത്. ക്രൂരമായ പീഡന മുറകളിലൂടെ അവിടെനിന്നും കാല്‍നടയായി മലപ്പുറത്തേക്ക് പരിഹാസ്യരാക്കി നടത്തിക്കൊണ്ടുവരുകയാണ് ചെയ്തത്.

1922 ജനുവരി 10ന് നടന്ന ഒരു വിചാരണയില്‍ വാരിയംകുന്നന്‍ കുഞ്ഞഹമ്മദ് ഹാജി നല്‍കിയ ഒരു മൊഴി അന്നത്തെ ജില്ലാ പോലീസ് മേധാവിയായിരുന്ന ഹിച്ച്‌കോക്ക് തന്റെ 'എ ഹിസ്റ്ററി ഓഫ് ദ മലബാര്‍ റിബലിയന്‍ ' എന്ന ഗ്രന്ഥത്തിലെ 186187 പേജുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1921 ജനുവരി 20ന് രാവിലെ ബ്രിട്ടീഷ് ഗവണ്മെന്റ് മലപ്പുറം കുന്നുമ്മലിലെ കോട്ടക്കുന്ന് ചെരുവില്‍വെച്ച് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ച് കൊല്ലുകയായിരുന്നു.

വാരിയംകുന്നനെ പിടികൂടുന്നതിനായി ആകെയുള്ള അന്‍പത്തിരണ്ട് ബ്രിട്ടീഷ് അധിനിവേശ രാജ്യങ്ങളിലെ മൂന്നിലൊന്ന് സേനയെ മലബാറില്‍ വിന്യസിച്ചിരുന്നു. തിരൂരങ്ങാടിയില്‍ ബ്രിട്ടീഷ് പട്ടാളം തോറ്റോടിയപ്പോള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അതുവലിയ ചര്‍ച്ചയായി. ഇതിനുകാരണക്കാരനായവനെ ജീവനോടെ പിടികൂടി വെടിവച്ചു കൊല്ലണമെന്ന് പാര്‍ലമെന്റ് അംഗങ്ങളും ബ്രിട്ടീഷ് അധികാരികളും ഉത്തരവിടുകയായിരുന്നു. പ്രത്യേക സേനാ തലവനെ ഇതിനായി നിയോഗിക്കുകയും ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് നേരിടേണ്ടിവന്ന ഏറ്റവും വലിയ പ്രതിയോഗിയായിരുന്നു വാരിയംകുന്നനെന്ന് അന്നത്തെ പട്ടാള മേധാവികളുടെ സന്ദേശങ്ങള്‍തന്നെ വ്യക്തമാക്കുന്നുണ്ട്. മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രത്തിന്‍ ഉജ്ജ്വല തിളക്കമാര്‍ന്ന വ്യക്തിത്വമാണ് ധീര രക്തസാക്ഷി വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയുടേത് എന്നത് നിസ്തര്‍ക്കമായ വസ്തുതയാണ്‌.




Next Story

RELATED STORIES

Share it