Latest News

തൃണമൂല്‍ വിട്ട് അര്‍ജുന്‍സിങ് വീണ്ടും ബിജെപിയിലേക്ക്‌

തൃണമൂല്‍ വിട്ട് അര്‍ജുന്‍സിങ് വീണ്ടും ബിജെപിയിലേക്ക്‌
X

കൊല്‍ക്കത്ത: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബാരക്പുര്‍ മണ്ഡലത്തിലെ എംപി അര്‍ജുന്‍ സിങ് വീണ്ടും തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്നു. ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പാണ് അര്‍ജുന്‍ സിങ് ആദ്യമായി തൃണമൂല്‍വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. എംപിയായ അദ്ദേഹം 2022ല്‍ ബിജെപി വിട്ട് വീണ്ടും തൃണമൂലിലേക്ക് വന്നു. എങ്കിലും രേഖകളില്‍ ബിജെപി എംപി യായിത്തന്നെയാണ് തുടര്‍ന്നത്. കഴിഞ്ഞ ഞായറാഴ്ച തൃണമൂലിന്റെ ബ്രിഗേഡ് റാലിയിലും പങ്കെടുത്തിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥിപ്പട്ടികയില്‍ പേരില്ലെന്നു കണ്ടതോടെ ഇടഞ്ഞ അര്‍ജുന്‍ ഇക്കഴിഞ്ഞദിവസം തന്റെ ഓഫീസില്‍നിന്ന് മമതാ ബാനര്‍ജിയുടെയും അഭിഷേക് ബാനര്‍ജിയുടെയും ചിത്രങ്ങള്‍ എടുത്തുമാറ്റി. പകരം നരേന്ദ്രമോദി, അമിത് ഷാ തുടങ്ങിയവരുടെ ചിത്രങ്ങള്‍ വെക്കുകയും ചെയ്തു.

ബാരക്പുരിലെ തൃണമൂല്‍ സ്ഥാനാര്‍ഥിയും സംസ്ഥാന ജലസേചന മന്ത്രിയുമായ പാര്‍ഥ ഭൗമിക്കിനെതിരേ അര്‍ജുന്‍ ആരോപണമുന്നയിച്ചു. സന്ദേശ്ഖലി അക്രമക്കേസിലെ മുഖ്യപ്രതി ഷാജഹാന്‍ ശൈഖിനും കൂട്ടാളികള്‍ക്കും തന്റെ നിയമസഭാ മണ്ഡലമായ നയ്ഹാട്ടിയില്‍ വന്‍തോതില്‍ ഭൂമി വാങ്ങാന്‍ ഭൗമിക് ഒത്താശചെയ്‌തെന്നാണ് ആരോപണം. പൊള്ളയായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അര്‍ജുന്റെ ശീലമാണെന്നും ഭൂരേഖകള്‍നോക്കി ഇക്കാര്യം ബോധ്യപ്പെടാവുന്നതാണെന്നും ഭൗമിക് പ്രതികരിച്ചു.

Next Story

RELATED STORIES

Share it