Latest News

അക്വിഫര്‍ മാപ്പിംഗും ഭൂഗര്‍ഭ ജല മാനേജ്‌മെന്റും; ഏകദിന പരിശീലന പരിപാടി നടത്തി

അക്വിഫര്‍ മാപ്പിംഗും ഭൂഗര്‍ഭ ജല മാനേജ്‌മെന്റും; ഏകദിന പരിശീലന പരിപാടി നടത്തി
X

കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം അക്വിഫര്‍ മാപ്പിംഗും ഭൂഗര്‍ഭ ജല മാനേജ്‌മെന്റും എന്ന പ്രമേയത്തില്‍ പൊതുജന സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ജലം അമൂല്യമാണെന്നും ജലം സൂക്ഷ്മമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇനിയും ബോധവത്കരണ പരിപാടികള്‍ നടത്തേണ്ടിയിരിക്കുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

ഭൂഗര്‍ഭജല വിഭവ പരിപാലനം സംബന്ധിച്ചും ഭൂഗര്‍ഭജല പരിപാലനത്തില്‍ സാമൂഹിക പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും പൊതുജന സമ്പര്‍ക്ക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. നിലവില്‍ കോഴിക്കോട് ജില്ലയിലേതടക്കം 12 ജില്ലകളിലെ പരിപാടികള്‍ പൂര്‍ത്തിയായി. കണ്ണൂരില്‍ നാളെയും കാസര്‍കോട് ജൂലൈ ആദ്യവാരവും നടക്കും.

പരിപാടിയുടെ ഭാഗമായി അക്വിഫര്‍ മാപ്പിംഗിന്റെ അടിസ്ഥാന ആശയങ്ങള്‍ എന്ന പേരില്‍ ശാസ്ത്രജ്ഞയായ എസ്. സരിത ക്ലാസെടുത്തു. ജില്ലയിലെ ഭൂഗര്‍ഭ ജല സംരക്ഷണ/ വിനിയോഗത്തെക്കുറിച്ച് ശാസ്ത്രജ്ഞന്‍ രൂപേഷ് ജി. കൃഷ്ണനും, ജില്ലയിലെ ഭൂഗര്‍ഭ ജല ഗുണനിലവാരത്തെക്കുറിച്ച് അസി. കെമിസ്റ്റ് ഡോ. എന്‍. അനീഷ് കുമാറും വിശദീകരിച്ചു. തുടര്‍ന്ന് ശാസ്ത്രജ്ഞന്‍മാരായ സന്താന സുബ്രഹ്മണിയും രൂപേഷ് ജി. കൃഷ്ണനും പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

ചടങ്ങില്‍ ശാസ്ത്രജ്ഞന്‍ സന്താന സുബ്രഹ്മണി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദന്‍, സെക്രട്ടറി അഹമ്മദ് കബീര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ശാസ്ത്രജ്ഞന്‍മാരായ എസ്. സരിത സ്വാഗതവും വി.കെ. വിജേഷ് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it