Latest News

ഏയ്ഡന്‍ സാക്ഷി; ദത്ത് വിവാദത്തിലെ അനുപമയും അജിത്തും വിവാഹിതരായി

തിരുവനന്തപുരം മുട്ടട സബ് രജിസ്ട്രാര്‍ ഓഫിസിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്

ഏയ്ഡന്‍ സാക്ഷി; ദത്ത് വിവാദത്തിലെ അനുപമയും അജിത്തും വിവാഹിതരായി
X

തിരുവനന്തപുരം: ദത്ത് വിവാദത്തിലെ അനുപമയും അജിത്തും വിവാഹിതരായി. മുട്ടട സബ്ബ് രജിസ്ട്രാര്‍ ഓഫിസില്‍ ഔദ്യോഗികമായി വിവാഹം രജിസ്റ്റര്‍ ചെയ്തു. കുഞ്ഞ് എയ്ഡനോടൊപ്പമാണ് ഇരുവരും രജിസ്ട്രാര്‍ ഓഫിസിലെത്തിയത്. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. സിപിഎം പേരൂര്‍ക്കട ഏരിയ കമ്മിറ്റി അംഗം പിഎസ് ജയചന്ദ്രന്റെ മകളാണ് അനുപമ എസ് ചന്ദ്രന്‍. അജിത്തുമായി അനുപമ പ്രണയത്തിലായിരുന്നു. അജിത്ത് വിവാഹിതനും ദലിത് ക്രിസ്ത്യനുമായതിനാല്‍ വീട്ടുകാര്‍ ബന്ധത്തെ എതിര്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ഗര്‍ഭിണിയായ അനുപമ 2020 ഒക്ടോബര്‍ 19 ന് ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി.

എന്നാല്‍ പ്രസവം കഴിഞ്ഞ് മൂന്ന് ദിവസത്തിനു ശേഷം ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ കുഞ്ഞിനെ അനുപമയുടെ കൈയ്യില്‍ നിന്നും മാതാപിതാക്കള്‍ കൊണ്ടുപോവുകയായിരുന്നു. പ്രസവശേഷം അവശനിലയിലായതിനാല്‍ യുവതിക്ക് ഇത് എതിര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. സഹോദരിയുടെ വിവാഹത്തിനു ശേഷം കുഞ്ഞിനെ തരാമെന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ മാതാപിതാക്കള്‍ വാക്കുപാലിച്ചില്ല. ഇതോടെ അനുപമ അജിത്തിനൊപ്പം പോകുകയും ചെയ്തു. ഇതിനിടെ, അജിത്ത് വിവാഹം മോചനം നേടുകയും ചെയ്തിരുന്നു. പിന്നീട് മാര്‍ച്ച് മാസം മുതല്‍ അജിത്തും അനുപമയും ഒന്നിച്ചു ജീവിച്ചു തുടങ്ങി.

പിന്നീട് ഏപ്രില്‍ മുതല്‍ കുഞ്ഞിനെ തേടി പരാതിയുമായി ആദ്യം സിപിഎം നേതാക്കളെ സമീപിച്ചു. അവരില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് മനസ്സിലായതോടെ പോലിസിലും പരാതി നല്‍കി. ഡിജിപിക്ക് വരെ പരാതി നല്‍കി. അന്വേഷണം നാലു മാസത്തോളം വൈകി. ഇതിനിടെ ഓഗസ്റ്റ് ആദ്യവാരം ശിശുക്ഷേമസമിതി കുഞ്ഞിനെ ആന്ധ്രാ ദമ്പതികള്‍ക്ക് ദത്ത് നല്‍കി. അനുപമയുടെ പരാതി ലഭിച്ച് ആറു മാസത്തിനു ശേഷമാണ് പോലിസ് അനുപമയുടെ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തത്. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ, സഹോദരി, സഹോദരി ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെയായിരുന്നു കേസെടുത്തത്. തുടര്‍ന്ന് സിപിഎം നേതൃത്വത്തിനും ശിശുക്ഷേമ സമിതിക്കും ഉള്‍പ്പടെ എതിരെ കടുത്ത ആരോപണങ്ങളുമായാണ് അനുപമ രംഗത്തെത്തിയത്. കുഞ്ഞിനെ താനറിയാതെ ദത്ത് നല്‍കിയ സംഭവത്തില്‍ ഉന്നതരുടെ ഇടപെടലുണ്ടെന്ന് അനുപമ ആരോപിച്ചു.

സെക്രട്ടറിയേറ്റിന് മുന്നിലും ശിശുക്ഷേമ സമിതിക്ക് മുന്നിലും സമരം നടത്തിയ അനുപമയ്ക്ക് നവംബര്‍ പകുതിയോടെ കുഞ്ഞിനെ തിരികെ ലഭിക്കാനുള്ള സാഹചര്യമുണ്ടായത്. നഷ്ടപ്പെട്ട കുഞ്ഞിനുവേണ്ടി ഒരു വര്‍ഷത്തിലധികം നീണ്ട നിയമപോരാട്ടം നടത്തിയ അനുപമയ്ക്ക് ഈ വര്‍ഷം നവംബര്‍ 24നാണ് കോടതി ഇടപെടലില്‍ കുഞ്ഞിനെ തിരികെ ലഭിച്ചത്. ആന്ധ്രാ ദമ്പതികള്‍ ദത്തെടുത്ത കുഞ്ഞിനെ കോടതി ഇടപെട്ട് ദത്ത് റദ്ദാക്കി നാട്ടിലെത്തിക്കുകയായിരുന്നു.


Next Story

RELATED STORIES

Share it