Latest News

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ലഘുലേഖ: രാഷ്ട്രത്തിന്റെ അഖണ്ഡതയെ തകര്‍ക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മൂന്നു പേര്‍ക്കെതിരേ കേസ്

ലഘുലേഖയില്‍ രേഖപ്പെടുത്തിയ ഫോണ്‍ നമ്പറിന്റെ ഉടമകളായ മനിഷ ശര്‍മ, അനൂപ് ഷര്‍മിക്, എസ് പി റായി തുടങ്ങിയവരുടെ പേരില്‍ 153 എ, 153 ബി പ്രകാരം കേസ് എടുത്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ ലഘുലേഖ: രാഷ്ട്രത്തിന്റെ അഖണ്ഡതയെ തകര്‍ക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് മൂന്നു പേര്‍ക്കെതിരേ കേസ്
X

വാരണാസി: പൗരത്വ ഭേദഗതി നിയമത്തെയും പൗരത്വ പട്ടികയെയും എതിര്‍ത്ത് ലഘുലേഖ പ്രചരിപ്പിച്ച മൂന്ന് പേര്‍ക്കെതിരേ ഉത്തര്‍പ്രദേശ് പോലിസ് കേസെടുത്തു. ഡിസംബര്‍ 18 ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏതാനും പേര്‍ക്കെതിരേയാണ് പോലിസ് കേസ് എടുത്തത്. വാരണാസിയിലെ നരിയ തിരഹ റോഡില്‍ വീണു കിടക്കുന്ന രീതിയിലാണ് മൂന്ന് ലഘുലേഖകള്‍ പോലിസിന് ലഭിച്ചതത്രെ. അതിന്റെ പേരില്‍ പോലിസ് ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഡിസംബര്‍ 19 നാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യത്താകമാനം കടുത്ത പ്രതിഷേധം നടന്നത്.

ജനുവരി 2 ന് ഇതേ കേസില്‍ മൂന്നു പേരെ പ്രതിചേര്‍ത്തു. ലഘുലേഖയില്‍ രേഖപ്പെടുത്തിയ ഫോണ്‍ നമ്പറിന്റെ ഉടമകളായ മനിഷ ശര്‍മ, അനൂപ് ഷര്‍മിക്, എസ് പി റായി തുടങ്ങിയവരുടെ പേരില്‍ 153 എ, 153 ബി പ്രകാരം കേസ് എടുത്തു.

വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സാമുദായികവും വംശീയവും ഭാഷാപരവുമായ സ്പര്‍ധ സ്ൃഷ്ടിക്കുന്നതിനെതിരേയുള്ള വകുപ്പാണ് 153 എ എങ്കില്‍ രാഷ്ട്രത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതിനെതിരേ ചുമത്തുന്ന വകുപ്പാണ് 153 ബി.

ഡിസംബര്‍ 19 ന് നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ ലഘുലേഖ ആഹ്വാനം ചെയ്തിരുന്നു. ''പൗരത്വ പട്ടികയ്‌ക്കെതിരേയും പൗരത്വ ഭേദഗതി നിയമത്തിനെതിരേയും നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുക, പൗരത്വ നിയമം ഭരണഘടനാവിരുദ്ധവും ദരിദ്രര്‍ക്കെതിരുമാണ്. അഷ്ഫഖുല്ല ഖാന്റെയും രാം പ്രസാദ് ബിസ്മില്‍ന്റെയും രക്തസാക്ഷി ദിനത്തില്‍ ബനിയ ബാഗില്‍ 11 മണിക്ക് നമുക്ക് കാണാം- ലഘുലേഖയില്‍ പറയുന്നു.

അസമില്‍ പൗരത്വ പട്ടിക തയ്യാറാക്കിയതിന്റെ ഭാഗമായി 19 ലക്ഷം പേര്‍ക്കാണ് പൗരത്വം നഷ്ടമായത്. അതില്‍ 15 ലക്ഷം ഹിന്ദുക്കളും 4 ലക്ഷം മുസ്‌ലിംകളും ഉള്‍പ്പെടുന്നു. '' ഈ കണക്കു പ്രകാരം രാജ്യം മുഴുവന്‍ പൗരത്വ പട്ടിക കൊണ്ടുവരികയാണെങ്കില്‍ പുറത്താവുന്നവരുടെ എണ്ണം കോടികള്‍ വരും''. പൗരത്വ പട്ടികയും പൗരത്വ ഭേദഗതി നിയമവും എന്തുകൊണ്ട് എതിര്‍ക്കപ്പെടണമെന്നതിന് കാരണവും ലഘുലേഖ വെളിപ്പെടുത്തുന്നു. ''ഇത് വര്‍ഗീയമായ ഒരു നീക്കമാണ്. ഭരണഘടനയിലെ സെക്കുലര്‍ എന്ന ആശയത്തിനെതിരേയുള്ള നീക്കവുമാണ്.'' ഇന്ത്യയിലെ തകര്‍ന്ന സാമ്പത്തിക അവസ്ഥയിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാതിരിക്കാനാണ് ഇതെന്നും ലഘുലേഖ പറയുന്നു.

വാരണാസിയില്‍ ഡിസംബര്‍ 19 ന് നടന്ന പ്രതിഷേധത്തോടനുബന്ധിച്ച് അറസ്റ്റ് ചെയ്ത 69 പേരില്‍ മനിഷ ശര്‍മ, അനൂപ് ഷര്‍മിക്, എസ് പി റായിയും ഉള്‍പ്പെട്ടിരുന്നു. അതില്‍ 53 പേര്‍ക്ക് ജാമ്യം കിട്ടിക്കഴിഞ്ഞു. പക്ഷേ, ഈ മൂന്നു പേര്‍ക്കെതിരേ പുതിയ കേസ് ചുമത്തിയതോടെ അവര്‍ക്ക് ജാമ്യം നിഷേധിച്ചു.

Next Story

RELATED STORIES

Share it