Latest News

ലണ്ടനില്‍ കൂറ്റന്‍ കുടിയേറ്റ വിരുദ്ധ റാലി; പോലിസുമായി ഏറ്റുമുട്ടി പ്രതിഷേധക്കാര്‍

ലണ്ടനില്‍ കൂറ്റന്‍ കുടിയേറ്റ വിരുദ്ധ റാലി; പോലിസുമായി ഏറ്റുമുട്ടി പ്രതിഷേധക്കാര്‍
X

ലണ്ടൻ: കുടിയേറ്റ വിരുദ്ധ വികാരങ്ങളെയും ബ്രിട്ടീഷ് സ്വത്വത്തെക്കുറിച്ചുള്ള ആശങ്കകളെയും ഉയർത്തിക്കാട്ടി തീവ്ര വലതുപക്ഷ പ്രവർത്തകൻ ടോമി റോബിൻസൺ സംഘടിപ്പിച്ച "യുണൈറ്റ് ദി കിങ്ഡം" റാലി സംഘർഷങ്ങളിലേക്ക് വഴിമാറി. ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത മാർച്ചിൽ പ്രതിഷേധക്കാരും പോലിസും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ 26 പോല
ലിസുകാർക്ക് പരിക്കേറ്റു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.
പ്രതിഷേധക്കാർ പോലിസിനുനേരെ കുപ്പികൾ എറിയുകയും മർദിക്കുകയും ചെയ്തതായി മെട്രോപൊളിറ്റൻ പോലിസ് വ്യക്തമാക്കി. അക്രമത്തിന് തയ്യാറായി എത്തിയവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 25 പേരെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു. ഏകദേശം ഒന്നരലക്ഷത്തോളം ആളുകൾ പങ്കെടുത്തതാണ്, പ്രതീക്ഷകളെക്കാൾ വളരെ കൂടുതലായിരുന്നു ജനപങ്കാളിത്തമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇംഗ്ലീഷ് ഡിഫൻസ് ലീഗ് സ്ഥാപകനും ദേശീയവാദിയും ഇസ്ലാം വിരുദ്ധനുമായ റോബിൻസൺ, കുടിയേറ്റക്കാർക്ക് ഇപ്പോൾ ബ്രിട്ടീഷ് ജനങ്ങളെക്കാൾ കൂടുതൽ അവകാശങ്ങൾ ലഭിക്കുന്നുവെന്നും, രാജ്യം പടുത്തുയർത്തിയവരെ അപേക്ഷിച്ച് അവർക്കാണ് മുൻഗണനയെന്നും ആരോപിച്ചു. റോബിൻസന്റെ അനുയായികൾ ലേബർ പാർട്ടി നേതാവും ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായ കെയർ സ്റ്റാർമർക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി.
റാലിയിൽ പങ്കെടുത്തവർ കുടിയേറ്റത്തിന്റെ അപകടങ്ങളെക്കുറിച്ചാണ് പ്രധാനമായും പ്രസംഗിച്ചത്. യൂറോപ്പിലെ ജനത തെക്കൻ രാജ്യങ്ങളിലെയും മുസ്ലീം സംസ്കാരങ്ങളിലെയും കുടിയേറ്റക്കാരാൽ മാറ്റിസ്ഥാപിക്കപ്പെടുകയാണെന്ന് ഫ്രഞ്ച് വലതുപക്ഷ നേതാവ് എറിക് സെമ്മോർ ആരോപിച്ചു. നിയന്ത്രണമില്ലാത്ത കുടിയേറ്റം ബ്രിട്ടനെ തകർക്കും എന്നും വ്യവസായി ഇലോൺ മസ്ക് അഭിപ്രായപ്പെട്ടു.
ഇതിനിടെ, സ്റ്റാൻഡ് അപ്പ് ടു റേസിസം എന്ന സംഘടന ഫാസിസത്തിനെതിരെ ഒരു പ്രതിരോധ മാർച്ചും സംഘടിപ്പിച്ചു. അഭയാർഥികളെ സ്വാഗതം ചെയ്ത് തീവ്ര വലതുപക്ഷത്തെ ചെറുക്കണമെന്ന ആവശ്യം ഉന്നയിച്ച മാർച്ചിൽ 5000ത്തോളം പേർ മാത്രമാണ് പങ്കെടുത്തത്.

Next Story

RELATED STORIES

Share it