Latest News

മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസനം 134.5 കോടി രൂപ അനുവദിച്ചു

മാനാഞ്ചിറ - വെള്ളിമാടുകുന്ന് റോഡ് വികസനം 134.5 കോടി രൂപ അനുവദിച്ചു
X

കോഴിക്കോട്: മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് 134.5 കോടി രൂപ അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നേരത്തേ തന്നെ മൂന്ന് ഗഡുക്കളായി 150 കോടി രൂപ അനുവദിച്ചിരുന്നു. ഇതോടെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പദ്ധതിക്ക് ലഭിക്കാനുണ്ടായിരുന്ന അധിക തുകയായ 284.5 കോടിയും അനുവദിച്ചു കൊണ്ട് വാഗ്ദാനം പാലിച്ചതായി എ.പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു.

2008ല്‍ വി എസ് സര്‍ക്കാറിന്റെ കാലത്ത് കോഴിക്കോടിന് അനുവദിച്ച 'നഗരപാതാ വികസനപദ്ധതി'യില്‍ പെട്ട 7 റോഡുകളില്‍ ഒന്നായിരുന്നു മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡ്. ഇതിനായി 52 കോടി രൂപയാണ് അന്ന് വകയിരുത്തിയത്. പദ്ധതിയിലെ 6 റോഡുകളും ഭൂമി ഏറ്റെടുത്ത് നിര്‍മാണം പൂര്‍ത്തിയായെങ്കിലും മാനാഞ്ചിറ വെള്ളിമാടുകുന്ന് റോഡിന്റെ അക്വിസിഷന്‍ നടപടികള്‍ നീണ്ടു പോയതു കാരണം അധിക തുക ആവശ്യമായി വന്നു. ഇതിനായി മുന്‍ സര്‍ക്കാറിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചെങ്കിലും 5 വര്‍ഷം കൊണ്ട് മൂന്ന് ഗഡുക്കളായി 60 കോടി രൂപ മാത്രമേ ലഭ്യമായുള്ളൂ.

2016ല്‍ പുതിയ സര്‍ക്കാര്‍ വന്ന ശേഷം ബാക്കി ആവശ്യമായ മുഴുവന്‍ തുകയ്ക്കുമുള്ള പ്രൊപ്പോസല്‍ സമര്‍പ്പിച്ചു. ഇത് പ്രകാരം ആദ്യം 50 കോടി രൂപ അനുവദിക്കുകയും ബാക്കി മുഴുവന്‍ തുകയ്ക്കും പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു.

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനും റോഡ് വികസനത്തിനും അധികമായി വേണമെന്ന് തിട്ടപ്പെടുത്തിയ 234.5 കോടി രൂപയ്ക്കും ഭരണാനുമതി ലഭിച്ചു. പ്രസ്തുത തുക ഈ സര്‍ക്കാറിന്റെ കാലയളവില്‍ത്തന്നെ 3 ഗഡുക്കളായി ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്കിയിരുന്നു. 2020 ആഗസ്ത് 21ന് 50 കോടിയും 2021 ജനുവരി 11 ന് 50 കോടി രൂപയും അനുവദിച്ചു. മൂന്നാമത്തെ ഗഡുവായ 134.5 കോടി രൂപ കൂടിയാണ് ഇപ്പോള്‍ അനുവദിച്ച് ഉത്തരവായിരിക്കുന്നത്.

മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് വികസനത്തിനായി ആവശ്യപ്പെട്ട മുഴുവന്‍ തുകയും അനുവദിച്ചു കൊണ്ട് വാഗ്ദാനം പാലിച്ച സംസ്ഥാന സര്‍ക്കാറിനോടും ഇക്കാര്യത്തില്‍ പ്രത്യേക താല്പര്യമെടുത്തു സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ധനകാര്യ മന്ത്രി ഡോ.ടി എം തോമസ് ഐസക്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ എന്നിവരോട് നന്ദി രേഖപ്പെടുത്തുന്നു. ഈ വിഷയം സമൂഹത്തില്‍ സജീവമായി നിലനിര്‍ത്താന്‍ ഇടപെട്ട ഡോ. എം ജി എസ് നാരായണന്‍ ഉള്‍പ്പെടെ ഈ പദ്ധതിയ്ക്കായുള്ള പരിശ്രമങ്ങളെ പിന്തുണച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതായി എ.പ്രദീപ്കുമാര്‍ എം എല്‍. എ പറഞ്ഞു.

Next Story

RELATED STORIES

Share it