Latest News

മലപ്പുറം കുന്നുമ്മലില്‍ അംബേദ്ക്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കും : എസ്ഡിപിഐ

മലപ്പുറം കുന്നുമ്മലില്‍ ഈ മാസം 25 മുതല്‍ 29 വരെയുള്ള തീയതികളില്‍ വൈകീട്ട് അഞ്ചിന് ആരംഭിച്ച് രാത്രി പത്തിന് അവസാനിക്കുന്ന രീതിയിലാണ്‌ പരിപാടി ക്രമീകരിച്ചിട്ടുള്ളത്

മലപ്പുറം കുന്നുമ്മലില്‍ അംബേദ്ക്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കും : എസ്ഡിപിഐ
X

മലപ്പുറം : പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ മലപ്പുറം, നിലമ്പൂര്‍,പരപ്പനങ്ങാടി, പുത്തനത്താണി, പൊന്നാനി എന്നീ 5 കേന്ദ്രങ്ങളില്‍ അംബേദ്ക്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുമെന്ന് എസ്ഡിപിഐ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 25 മുതല്‍ മാര്‍ച്ച് 5 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ്ഡിപിഐ അംബേദ്കര്‍ സ്‌ക്വയറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇത്. മലപ്പുറം കുന്നുമ്മലില്‍ ഈ മാസം 25 മുതല്‍ 29 വരെയുള്ള തീയതികളില്‍ വൈകീട്ട് അഞ്ചിന് ആരംഭിച്ച് രാത്രി പത്തിന് അവസാനിക്കുന്ന രീതിയിലാണ്‌ ക്രമീകരിച്ചിട്ടുള്ളത്.

പരിപാടി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റെ് അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വിവിധ രാഷ്ട്രീയ, മത, സാംസ്‌കാരിക, പൗരാവകാശ പ്രസ്ഥാനങ്ങളുടെ പ്രതിനിധികള്‍ ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് സംസാരിക്കും.

''വംശീയതയില്‍ അധിഷ്ഠിതമായ ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരേണ്ടതുണ്ട്. ശാഹീന്‍ ബാഗില്‍ തുടങ്ങിവെച്ച പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായി രാജ്യവ്യാപകമായി ശാഹീന്‍ ബാഗുകള്‍ പിറവിയെടുക്കുകയാണ്. സിഎഎ നടപ്പിലാക്കുക എന്നാല്‍ മഹത്തായ ഭരണഘടനയെ അസ്ഥിരപ്പെടുത്തി ആര്‍എസ്എസ്സിന്റെ വിചാരധാര നടപ്പാക്കുകയെന്നതാണ്. ഇത് അനുവദിച്ചുകൂടാ. സ്വാതന്ത്ര്യസമരപോരാട്ട ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ അടയാളപ്പെടുത്തിയ ധീര ദേശാഭിമാനികളുടെ വീര സ്മരണകളുറങ്ങുന്ന മണ്ണാണ് മലപ്പുറത്തിന്റേത്. ഇവിടം രണ്ടാം സ്വാതന്ത്ര്യസമര ചരിത്രത്തിലും ഇടംപിടിക്കുന്നു എന്നാണ് പുതിയ സമരഗാഥകള്‍ വിളിച്ചോതുന്നത്. ഇത് രാജ്യത്തെയും ഭരണഘടനയെയും രക്ഷിക്കാനുള്ള പോരാട്ടമാണ്.''- നേതാക്കള്‍ പറഞ്ഞു. പോരാട്ടങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണയും സഹകരണവും അവര്‍ അഭ്യര്‍ത്ഥിച്ചു.

അഡ്വ : സാദിഖ് നടുത്തൊടി (ജില്ലാ വൈസ് പ്രസിഡണ്ട് എസ്ഡിപിഐ )കെസി അബ്ദുല്‍ സലാം (ജില്ലാ സെക്രട്ടറി എസ്ഡിപിഐ) ,മുര്‍ഷിദ് ഷമീം (ജില്ലാ സമിതി അംഗം)ഇര്‍ഷാദ് മൊറയൂര്‍(ജില്ലാ സമിതി അംഗം) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


Next Story

RELATED STORIES

Share it