Latest News

ആദിവാസികള്‍ക്കെതിരേ വ്യോമാക്രമണം, ബുള്‍ഡോസര്‍രാജ്, വിദ്വേഷപ്രചാരണം; 'പരിഷ്‌കൃതസമൂഹ'ത്തിന് ഞെട്ടേണ്ടേ?

ആദിവാസികള്‍ക്കെതിരേ വ്യോമാക്രമണം, ബുള്‍ഡോസര്‍രാജ്, വിദ്വേഷപ്രചാരണം; പരിഷ്‌കൃതസമൂഹത്തിന് ഞെട്ടേണ്ടേ?
X

അഭിലാഷ് പദ്മിനി

കോഴിക്കോട്: രാജ്യത്ത് ഇന്നോളമില്ലാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പാര്‍ശ്വവല്‍കൃതരായ ജനതക്കെതിരേ കടുത്ത പീഡനങ്ങളാണ് നടക്കുന്നത്. ഒരു ഭാഗത്ത് ആദിവാസികള്‍ക്കെതിരേ വ്യോമാക്രമണം നടത്തി ഭരണകൂടം അവരുടെ ഖനന താല്‍പര്യങ്ങള്‍ മറകൂടാതെ പുറത്തുവിടുന്നു. ജഹാംഗീര്‍പുരിയിലും മറ്റും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മുസ് ലിം ജനതയെ കൂട്ടമായി ആക്രമിക്കുന്നു. പോലിസും കോടതിയും ബ്യൂറോക്രാറ്റുകളും ഒത്തുകളിക്കുന്നു. ഇതിനെതിരേ പരിഷ്‌കൃതരെന്ന് അഭിമാനിക്കുന്നവര്‍ക്ക് ഒരു ഞെട്ടലുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതേ കുറിച്ചാണ് മാധ്യമപ്രവര്‍ത്തകനായ അഭിലാഷ് പദ്മിനി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രശസ്ത എഴുത്തുകാരി മീന കന്തസ്വാമി ഇന്ന് അവരുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴി പുറത്തുവിട്ട വാര്‍ത്തയും ചിത്രങ്ങളും പരിഷ്‌കൃത സമൂഹത്തെ ഞെട്ടിപ്പിക്കാന്‍ ശേഷിയുള്ളതാണ്. എന്നാല്‍ ഇത് ഒരു പരിഷ്‌കൃത സമൂഹം അല്ലാത്തതുകൊണ്ട് തന്നെ അതിനുള്ള സാധ്യതയും ഇല്ല. നിയോലിബറല്‍ കാലത്തെ സാങ്കേതിക വിദ്യകൊണ്ട് മാത്രം ഒരു സമൂഹം പരിഷ്‌കൃതമാവുകയുമില്ല. ചത്തീസ്ഗഡിലെ വിവിധ മേഖലകളില്‍ ഇന്ത്യന്‍ സൈന്യം എയര്‍ ബോംബിംഗ് ആരംഭിച്ചു എന്ന വിവരമാണ് മീന കന്ദസ്വാമി പുറത്തു വിട്ടത്. അതായത് ഇന്ത്യന്‍ ഭരണകൂടം സ്വന്തം ജനതയ്ക്ക് നേരെ അതി ഭീകരമായ യുദ്ധഘട്ടത്തിലേക്ക് കടന്നിരിക്കുന്നു എന്നാണ് നാം ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്. അവര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കുന്നുണ്ട് ചത്തീസ്ഗഡിലെ മറ്റൊരു മേഖലയില്‍ മോട്ടാര്‍ ഷെല്ലിങ്ങും ആദിവാസികള്‍ക്ക് നേരെ ഉപയോഗിക്കുന്നതായി സോണി സോറി അവരുടെ വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ടെന്ന്. ഭരണകൂടത്തിന് ഈ മേഖലയില്‍ കല്‍ക്കരിഖനനം സാധ്യമാകാതെ വന്നതിനെ തുടര്‍ന്നാണ് യുദ്ധം കടപ്പിച്ചിരിക്കുന്നത്.

അതേപോലെ പോലെ ഉത്തര്‍പ്രദേശില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകളും ആളും അത്ര ശുഭകരമല്ല. ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ കുടത്തില്‍ നിന്ന് വെള്ളം കുടിച്ചു എന്നു പറഞ്ഞു വിദ്യാര്‍ഥിനിയെ കൊണ്ട് നിര്‍ബന്ധിച്ച് കക്കൂസ് വൃത്തിയാക്കിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഇതേ ഉത്തര്‍പ്രദേശില്‍ ദലിത് അവകാശ പ്രവര്‍ത്തകനായ സൂരജ് കുമാറിന്റെ സഹോദരനെ വെട്ടിക്കൊന്നതും ദലിത് സ്ത്രീയെ പോലിസ് മര്‍ദ്ദിച്ചു കൊന്നതുമായ വാര്‍ത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നു. ഇതൊക്കെ നടക്കുന്നത് ഒരാഴ്ചയ്ക്കുള്ളില്‍ ആണെന്ന് ഓര്‍മ്മവേണം. മധ്യപ്രദേശിലും ജാര്‍ഖണ്ഡിലും ആകട്ടെ സവര്‍ണര്‍ ദലിതരെ ആക്രമിക്കുകയും വീടുകള്‍ വീട് തീയിട്ട് നശിപ്പിക്കുന്ന സാഹചര്യവും ആണ് നിലവിലുള്ളത്. 'പരിഷ്‌കൃത സമൂഹത്തിന്' ഈ പ്രവര്‍ത്തനങ്ങളില്‍ ഞെട്ടല്‍ തീരെ ഇല്ല എന്നുള്ളത് യാഥാര്‍ഥ്യമാണ്.

ജനാധിപത്യ, മതേതര ഇന്ത്യയിലെ 'പരിഷ്‌കൃത സമൂഹത്തില്‍' നിന്നും തിരസ്‌കരണം ഏറ്റുവാങ്ങേണ്ടി വരുന്നവരാണ് ജഹാംഗീര്‍പുരിയിലെ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍. 2021 അസമില്‍ തുടങ്ങിയ ബുള്‍ഡോസര്‍രാജ് ജഹാംഗീര്‍പുരിക്ക് പിന്നാലെ ഡല്‍ഹിയിലെ തന്നെ ശഹീന്‍ബാഗിലേക്കും നീങ്ങിയിരിക്കുന്നു. അതേസമയം മധ്യപ്രദേശിലും ഗുജറാത്തിലും ഇതേ ബുള്‍ഡോസര്‍ രാജ് അരങ്ങേറി. ജഹാംഗീര്‍പുരിയില്‍ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാകാരാട്ട് പ്രതിഷേധവുമായി തെരുവിലിറങ്ങിയതിനാല്‍ നമ്മുടെ 'പരിഷ്‌കൃത സമൂഹം' പ്രതികരിച്ചു. എന്നാല്‍ ഗുജറാത്തിലും ബിഹാറിലും മധ്യപ്രദേശിലും നടന്ന ബുള്‍ഡോസര്‍ രാജിനെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല.

ഇതേ സാഹചര്യത്തില്‍ ആണ് പരിഷ്‌കൃത സമൂഹത്തിന് ആഘോഷിക്കാന്‍ തക്കവണ്ണം 124 എ എന്ന കൊളോണിയല്‍ കാലം മുതലുള്ള രാജ്യദ്രോഹക്കുറ്റം താല്‍ക്കാലികമായി മരവിപ്പിച്ചു കൊണ്ട് സുപ്രിംകോടതി വിധി വരുന്നത്.

ചരിത്രപരമായ വിധിയെന്ന് മീഡിയവണ്‍ പോലുള്ള മാധ്യമസ്ഥാപനം ചരിത്രത്തെ ആകെ നിഷേധിച്ചുകൊണ്ട് കൊണ്ട്, അവര്‍ ഇതുവരെ എടുത്തിരുന്ന എല്ലാ നിലപാടുകളും തള്ളിക്കൊണ്ട് അമിതാവേശം പ്രകടിപ്പിച്ചതും നാം മറന്നുകൂടാ. ഉത്തരേന്ത്യയില്‍ നിന്നും മാറി ദക്ഷിണേന്ത്യയില്‍ എത്തുമ്പോള്‍ പോപ്പുലിസ്റ്റ് ഭരണാധികാരിയായ സ്റ്റാലിന്റെ നാട്ടിലെ ആരോഗ്യ മന്ത്രി പറയുന്നു ഷവര്‍മ എന്ന ഭക്ഷണം വിദേശി ആണെന്നും അത് നിരോധിക്കണമെന്നും. 'പരിഷ്‌കാരം' തൊട്ടു തീണ്ടിയിട്ടില്ലാത്ത 'അപരിഷ്‌കൃതന്‍' ആണ് തമിഴ്‌നാട് ആരോഗ്യ മന്ത്രിയെന്ന് തെളിയിച്ചിരിക്കുന്നു. അനീതി കണ്ടാല്‍ ബുള്ളറ്റ് ട്രെയിന്‍ വരെ പിടിച്ചു വരുന്ന എം കെ സ്റ്റാലിന്‍ ഇപ്പോഴൊന്നും ഇത് കാണുകയുമില്ല. കര്‍ണാടകയില്‍ ആകട്ടെ മുസ്‌ലിം പള്ളികളില്‍ ബാങ്ക് കൊടുക്കുന്നതിന് എതിരേ ഹനുമാന്‍ ചാലിസ പാടിക്കൊണ്ട് ശ്രീരാമനെ രക്ഷിക്കാന്‍ അഹോരാത്രം പണിയെടുക്കുന്ന ശ്രീരാമ സേനയും രംഗത്ത് വന്നിട്ടുണ്ട്.

ഇനി കേരളത്തിലാകട്ടെ ബീഫ് പോലും നിഷിദ്ധമായ സംഘികള്‍ ഹലാലായ ബീഫും തേടി സൂപ്പര്‍ മാര്‍ക്കറ്റ് കയറി മുസ്‌ലിം വിരുദ്ധ കലാപം സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നു. ഗാന്ധിജി കാലുകുത്തി എന്ന് പറഞ്ഞു നടക്കുന്ന, ഉപ്പു കുറുക്കല്‍ സമരം നടന്നതെന്ന് വീമ്പ് പറയുന്ന പയ്യന്നൂരില്‍ ആകട്ടെ ഷവര്‍മ വിഷവസ്തുവാണെന്നും അത് വില്‍ക്കരുതെന്നും വില്പന തുടര്‍ന്നാല്‍ കൈകാര്യം ചെയ്യുമെന്നും പറഞ്ഞു ആര്‍എസ്എസും ബിജെപിയും വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു. ഈ പറഞ്ഞതൊക്കെ 'പരിഷ്‌കൃത' സമൂഹത്തിന് ചേര്‍ന്നതായതുകൊണ്ട് ആബാലവൃദ്ധം ജനങ്ങള്‍ ഫേസ്ബുക്കിലും മറ്റു സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുന്നു!

പേരാമ്പ്രയിലെ വിഷയം സമൂഹം ഒന്നടങ്കം ചര്‍ച്ചചെയ്യുമെന്ന സ്ഥിതി വന്നപ്പോള്‍ പണ്ട് തമ്പ്രാക്കന്മാര്‍ കാറിത്തുപ്പുന്ന കോളാമ്പി മുമ്പ് എപ്പോഴോ നടന്ന സമസ്തയുടെ ഒരു വീഡിയോയുമായി രംഗപ്രവേശം ചെയ്യുന്നു. സ്ത്രീകളെ വേദിയില്‍ കയറ്റില്ലെന്ന് സമസ്തയുടെ നിലപാട് മുന്‍പും ഇപ്പോഴും ഒന്നുതന്നെയാണ്. ഇത് തികച്ചും പ്രതിഷേധാര്‍ഹവുമാണ്. ഇത്തരം നിലപാടുകളെ 'മുസ്‌ലിം പക്ഷത്ത്' നില്‍ക്കുന്ന മുസ്‌ലിം സംഘടനകള്‍ തള്ളിപ്പറഞ്ഞിട്ടില്ല എന്നത് ഖേദകരം ആണ്. മുസ്‌ലിം സമുദായത്തിനകത്ത് ഉള്ള ഇത്തരം സംഘടനകള്‍ അല്ലാതെ പുറത്തുള്ള ആളുകള്‍ എത്ര ഒച്ച ഉണ്ടാക്കിയിട്ടും കാര്യമില്ല എന്നാണ് കരുതുന്നത്. ഈ പൗരോഹിത്യം ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ ബഹുജന ഐക്യം ഉണ്ടാകുന്നതിന് എത്രത്തോളം വിഘാതം ആണെന്ന് കഴിഞ്ഞ കുറച്ച് കാലങ്ങളായുള്ള രവിചന്ദ്രന്‍ ഫാന്‍സിന്റെ സംഘപരിവാര്‍ അനുകൂല മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങളില്‍ നിന്ന് വ്യക്തമാണ്. അവര്‍ക്കറിയാം ഇത്തരം വിഷയങ്ങള്‍ വന്നാല്‍ മുസ്‌ലിം സംഘടനകള്‍ പ്രതിരോധത്തിലാകുമെന്ന്. അവരുടെ അജണ്ടയ്ക്ക് വീഴാതെ, എന്തുകൊണ്ടാണ് അവര്‍ ഇത്തരത്തിലുള്ള വിഷയങ്ങള്‍ ഉയര്‍ത്തുന്നതെന്ന് ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തി കൊണ്ട് പൗരോഹിത്യത്തിന് എതിരെ രംഗത്തുവരേണ്ടതുണ്ട്.

ഇതേ സാഹചര്യത്തില്‍, മുസ്‌ലിം പൗരോഹിത്യത്തിന്റെ 'അപരിഷ്‌കൃത' ഇടപെടല്‍ മാത്രം കണ്ണില്‍ പതിയുന്ന ഇവിടെയുള്ള മുഖ്യധാരാ ഇടതായാലും റാഡിക്കല്‍ ഇടതായാലും നവസാമൂഹിക പൗരസമൂഹം ആയാലും മതേതരര്‍ ആയാലും, അംബേദ്കറൈറ്റുകള്‍ ആയാലും പാലിക്കുന്ന മൗനവും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഈ പറഞ്ഞ സംഘടനകള്‍ പേരാമ്പ്രയിലെ വിഷയത്തില്‍ മൗനം നടിക്കാന്‍ ശ്രമിക്കുകയും, പ്രാദേശിക വിഷയമായി ചുരുക്കാന്‍ ശ്രമിക്കുന്നതിനും കാലം മാപ്പ് തരില്ല.

Next Story

RELATED STORIES

Share it