Latest News

ഡല്‍ഹിയില്‍ വായുമലിനീകരണം അപകടകരമായ നിലയില്‍; ദൃശ്യത കുറഞ്ഞു, ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുന്നു

ഡല്‍ഹിയില്‍ വായുമലിനീകരണം അപകടകരമായ നിലയില്‍;  ദൃശ്യത കുറഞ്ഞു, ശ്വാസകോശ രോഗങ്ങള്‍ വര്‍ധിക്കുന്നു
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം കഴിഞ്ഞ ദിവസത്തേക്കാള്‍ ഉയര്‍ന്നതായി റിപോര്‍ട്ട്. അതോടൊപ്പം പകല്‍ സമയത്തെ ദൃശ്യതയിലും വലിയ തോതില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്.

ആനന്ദ് വിഹാറില്‍ 401 ആണ് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്. ആലിപ്പൂരില്‍ 405, വാസിര്‍പൂരില്‍ 410- എന്നിങ്ങനെയാണ് വായുമലിനീകരണം ഏറ്റവും രൂക്ഷമായ ഡല്‍ഹിയിലെത്തന്നെ മൂന്ന് പ്രദേശങ്ങളിലെ മലിനീകരണത്തോത്.

ആര്‍ കെ പുരത്ത് ബുധനാഴ്ച 376 ആണ് രേഖപ്പെടുത്തിയിരുനനതെങ്കില്‍ ലോധി നഗറില്‍ 311ഉം, പഞ്ചാബി ബാഗില്‍ 387ഉമാണ്.

വ്യാഴാഴ്ച രാവിലെ മുതല്‍ തെരുവുകളില്‍ പുക നിറഞ്ഞിരിക്കുകയാണ്. അതോടെ ദൃശ്യതയില്‍ വലിയ തോതില്‍ ഇടിവ് വന്നു. ഇന്നത്തോടെ പ്രദേശവാസികള്‍ക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് വര്‍ധിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് തൊണ്ടയില്‍ രോഗബാധയുണ്ടാവാന്‍ തുടങ്ങിയിട്ടുണ്ട്.

മലിനീകരണം കൊവിഡ് കാലത്തെ ശ്വാസരോഗങ്ങളുമായി ചേര്‍ന്ന് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ കരുതുന്നു.

സാധാരണ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 0-50 നുമിടയിലാണെങ്കില്‍ മികച്ചതായാണ് കണക്കാക്കുക. 51-100 തൃപ്തികരം, 100-200 ശരാശരി, 201-300 മോശം, 301-400 വളരെ മോശം, 401-500 അപകടകരം എന്നിങ്ങനെയും കണക്കാക്കും. അതനുസരിച്ച് ആനന്ദ് വിഹാറിലും ആലിപൂരിലും വാസിര്‍പൂരിലും സ്ഥിതിഗതികള്‍ ഗുരുതരമാണ്.

വായുമലിനീകരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം കര്‍ശനമാക്കാന്‍ മുനിസിപ്പാലിറ്റികള്‍ക്കും പോലിസിനും ട്രാഫിക് പോലിസിനും ഗതാഗതവകുപ്പിനും നിര്‍മാണക്കമ്പനികള്‍ക്കും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഡല്‍ഹി ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഡല്‍ഹിയിലെ മലിനീകരണത്തിന് മുഖ്യകാരണമായ വൈക്കോല്‍ കത്തിക്കലിനെതിരേ കഴിഞ്ഞ ദിവസം സുപ്രിംകോടതിയും രംഗത്തുവന്നിരുന്നു. ഹരിയാനയിലെയും പഞ്ചാബിലെയും വയല്‍ കത്തിക്കലിനെ കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഏകാംഗ കമ്മീഷനെ നിയമിച്ച നടപടി കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം തല്‍ക്കാലം മരവിപ്പിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച് പുതിയ നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നാണ് കേന്ദ്രം സുപ്രിംകോടതിയില്‍ വ്യക്തമാക്കിയത്.

ഡല്‍ഹിയിലെ മലിനീകരണത്തിനു പിന്നില്‍ ഹരിയാനയിലെയും പഞ്ചാബിലെയും വയലുകളിലെ വൈക്കോല്‍ കത്തിക്കലും വാഹനങ്ങളും വ്യവസായ ശാലകളും പുറത്തുവിടുന്ന വിവിധ വാതകങ്ങളും കാരണമാണ്.

Next Story

RELATED STORIES

Share it