Latest News

രാജ്യത്തെ വ്യോമയാന വിപണിയില്‍ 91 ശതമാനം കൈയ്യടക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

രാജ്യത്തെ വ്യോമയാന വിപണിയില്‍ 91 ശതമാനം കൈയ്യടക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും
X

ന്യൂഡല്‍ഹി: രാജ്യത്തെ ആഭ്യന്തര വ്യോമയാന വിപണി പ്രധാനമായും രണ്ടു കമ്പനികളുടെ നിയന്ത്രണത്തിലായതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇന്‍ഡിഗോയും എയര്‍ ഇന്ത്യ ഗ്രൂപ്പും ചേര്‍ന്ന് 91 ശതമാനം വിപണി വിഹിതമാണ് കൈവശം വച്ചിരിക്കുന്നത്. രാജ്യസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം പി സാഗരിക ഘോഷ് ഉന്നയിച്ച ചോദ്യത്തിന് സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മൊഹോള്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇത് വ്യക്തമാക്കിയത്. ഇന്‍ഡിഗോയ്ക്ക് മാത്രം 64 ശതമാനവും എയര്‍ ഇന്ത്യ ഗ്രൂപ്പിന് 27 ശതമാനവുമാണ് പങ്ക്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുറത്തുവിട്ട 2025-26 കാലയളവിലെ കണക്കുകള്‍ പ്രകാരം മറ്റു വിമാനക്കമ്പനികള്‍ ഏറെ പിന്നിലാണ്. ആകാശ എയര്‍ 4.8 ശതമാനം, സ്‌പൈസ് ജെറ്റ് 3.9 ശതമാനം എന്നിങ്ങനെയാണ് വിഹിതം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അലയന്‍സ് എയറിന് 0.4 ശതമാനം മാത്രമാണ് പങ്ക്. ഫ്‌ലൈ91, ഇന്ത്യവണ്‍ എയര്‍, സ്റ്റാര്‍ എയര്‍ തുടങ്ങിയ പ്രാദേശിക കമ്പനികള്‍ക്ക് വളരെ ചെറിയ വിഹിതം മാത്രമേ ഉള്ളൂ.

അതേസമയം, കഴിഞ്ഞ ഡിസംബറില്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയ സംഭവവും സഭയില്‍ ചര്‍ച്ചയായി. ഡിസംബര്‍ മൂന്നു മുതല്‍ അഞ്ചു വരെ മൂന്നു ദിവസത്തിനിടെ 3.64 ലക്ഷത്തിലധികം യാത്രക്കാരെയാണ് സര്‍വീസ് മുടക്കം ബാധിച്ചത്. ആകെ 5,689 വിമാനങ്ങള്‍ റദ്ദാക്കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് 4,620.5 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കപ്പെട്ടിട്ടുണ്ടെന്നും മറുപടിയില്‍ പറയുന്നു.

വിവാഹ സീസണില്‍ ഉണ്ടായ ഈ വ്യാപകമായ റദ്ദാക്കലുകള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ ഇന്‍ഡിഗോയ്ക്ക് സാധിച്ചിട്ടില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. പുതിയ ഫ്‌ലൈറ്റ് ഡ്യൂട്ടി സമയം നിയമങ്ങള്‍ക്കനുസരിച്ച് ക്രൂ മാനേജ്‌മെന്റ് ക്രമീകരണങ്ങളില്‍ ഉണ്ടായ വീഴ്ചയാണ് പ്രതിസന്ധിക്ക് കാരണമെന്ന ആക്ഷേപമുണ്ട്. സംഭവത്തില്‍ ഡിജിസിഎ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതിനൊപ്പം, ഇന്‍ഡിഗോയുടെ മാതൃസ്ഥാപനം ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ 2023ല്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കി. വിപണിയില്‍ കുത്തക സ്വഭാവം വര്‍ധിക്കുന്നതും സേവന നിലവാരത്തിലെ പ്രശ്‌നങ്ങളും യാത്രക്കാരില്‍ ആശങ്ക ഉയര്‍ത്തുന്നതായും വിലയിരുത്തപ്പെടുന്നു.

Next Story

RELATED STORIES

Share it