Latest News

കാര്‍ഷിക നിയമം: കാത്തിരിക്കുന്നത് നിരവധി ഹരജികള്‍; നിയമം ഭരണഘടനാവിരുദ്ധമെന്ന് വിദഗ്ധര്‍

കാര്‍ഷിക നിയമം: കാത്തിരിക്കുന്നത് നിരവധി ഹരജികള്‍; നിയമം ഭരണഘടനാവിരുദ്ധമെന്ന് വിദഗ്ധര്‍
X

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹരജികളാണ് ഇനിയുള്ള ദിവസങ്ങളില്‍ സുപ്രിംകോടതി പരിഗണിക്കാനിരിക്കുന്നത്. അതില്‍ സംസ്ഥാനങ്ങള്‍ നല്‍കിയ ഹരജികള്‍ മുതല്‍ കര്‍ഷക സംഘടനകളുടെ ഹരജികളും ഉള്‍പ്പെടുന്നു. കേരളം, പഞ്ചാബ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളാണ് നിയമത്തിനെതിരേ കോടതിയെ സമീപിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് കാര്‍ഷികമേഖല സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെടുന്നു. പുതിയ നിയമം കൊണ്ടുവരികവഴി കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ അധികാരപരിധിയില്‍ കടന്നുകയറുന്നുവെന്നാണ് സംസ്ഥാനങ്ങളുടെ വാദം.

ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ അനുസരിച്ച് വിവിധ വിഷയങ്ങളെ മൂന്നായി തിരിച്ചിരിക്കുന്നു- സംസ്ഥാനങ്ങള്‍ക്ക് നിയമനിര്‍മാണം നടത്താവുന്ന സ്റ്റേറ്റ് ലിസ്റ്റ്, കേന്ദ്രത്തിന് നിയമനിര്‍മാണം നടത്താവുന്ന സെന്‍ട്രല്‍ ലിസ്റ്റ്, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും നിയമനിര്‍മാണം നടത്താവുന്ന കണ്‍കറന്റ് ലിസ്റ്റ്. കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന നിയമത്തിന്റെ കാര്യത്തില്‍ പലപ്പോഴും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വലിയ തര്‍ക്കം നടക്കാറുണ്ട്. കാരണം ഇത്തരം വിഷയത്തില്‍ സംസ്ഥാനവും കേന്ദ്രവും നിയമം പാസ്സാക്കിയാല്‍ കേന്ദ്ര നിയമത്തിനായിരിക്കും പ്രാമുഖ്യം.

കാര്‍ഷിക മേഖല സംസ്ഥാന പരിധിയില്‍ വരുന്ന വിഷയമായിരിക്കെ ചില സൂത്രപ്പണികളിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമത്തെ പൊതുജനമധ്യത്തില്‍ ന്യായീകരിച്ചത്. കാര്‍ഷിക ബില്ലിനെ വ്യാപാരവും വാണിജ്യവും എന്ന നിലയില്‍ പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളും അതാവര്‍ത്തിച്ചു. പുതിയ കാര്‍ഷിക നിയമത്തിന് കാര്‍ഷികവൃത്തിയുമായി ബന്ധമില്ലെന്ന് അവര്‍ പറയുന്നു. കാരണം ഇത് കര്‍ഷകര്‍ അവരുടെ ഉല്പന്നങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ്. അതുകൊണ്ട് ഇതിനെ വ്യാപാരവും വാണിജ്യവുമായി പരിഗണിക്കാം- കേന്ദ്ര അനുകൂലികളുടെ വാദം ഇങ്ങനെ പോകുന്നു.

അതേസമയം കേന്ദ്രവുമായി നിയമപോരാട്ടം നടത്തുന്ന ഭാരതീയ കിസാന്‍ യൂനിയന്റെ ബല്‍ബീര്‍ സിങ് രജേവല്‍ പറയുന്നത് കര്‍ഷകര്‍ വ്യാപാരികളല്ലെന്നാണ്. അവര്‍ക്ക് വ്യാപാരവുമായി ബന്ധമില്ല. അവര്‍ തങ്ങളുടെ വസ്തുക്കള്‍ വിപണി(മാര്‍ക്കറ്റ്)യിലെത്തിക്കുന്നു, അതാകട്ടെ സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെടുന്നതുമാണ്. മുതിര്‍ന്ന അഭിഭാഷകനായ അഡ്വ. മോഹന്‍ കതാര്‍കിയും ഇത് ശരിവയ്ക്കുന്നു. കാര്‍ഷികമേഖല ഒരു സംസ്ഥാന വിഷയമാണ്. വാണിജ്യവും വ്യാപാരവും കേന്ദ്ര വിഷയമാണെങ്കിലും അങ്ങാടികള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ലെന്ന് അദ്ദേഹവും പറയുന്നു.

പഞ്ചാബും ഛത്തിസ്ഗഢും രാജസ്ഥാനും ഇതോടകം തങ്ങളുടേതായ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. അതേസമയം അത്തരം നിയമങ്ങള്‍ താങ്ങുവിലയെന്ന പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജസ്ഥാന്‍ അവതരിപ്പിച്ച ബില്ലാകട്ടെ ഗവര്‍ണര്‍ തടഞ്ഞുവച്ചിരിക്കുകയുമാണ്. എന്തായാലും സംസ്ഥാനങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ പാസ്സാക്കിയ നിയമങ്ങള്‍ ഭരണഘടനാപരമാണെന്നാണ് അഡ്വ. കതാര്‍കി പറയുന്നത്.

കാര്‍ഷിക മേഖലയെ സംസ്ഥാന പട്ടികയില്‍ നിന്ന് കേന്ദ്ര, സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്ന അഭിപ്രായം രാജ്യത്ത് പലപ്പോഴും ഉയര്‍ന്നുവന്നിട്ടുണ്ട്. നിയമ നിര്‍മാണസഭയും ഇത് ചര്‍ച്ച ചെയ്തിരുന്നു. അന്ന് ഷിബ്ബാന്‍ ലാല്‍ സക്‌സേന ഇത്തരമൊരു നിലപാടാണ് എടുത്തത്. എന്നാല്‍ ടി ടി കൃഷ്ണമാചാരി അതിനെ ഖണ്ഡിച്ചു, കാര്‍ഷിക മേഖലയെ സംസ്ഥാന പട്ടികയില്‍ നിലനിര്‍ത്തണമെന്ന് അദ്ദേഹം ശക്തിയായി വാദിച്ചു. രാജ്യത്തെ പ്രഥമികമായ തൊഴില്‍ മേഖല കാര്‍ഷിക വൃത്തിയാണെന്നും സംസ്ഥാനങ്ങള്‍ കാര്യമായി ഇടപെടേണ്ട മേഖലയാണ് ഇതെന്നും അദ്ദേഹം പറയുന്നു.

കാര്‍ഷിക മേഖലയ്ക്ക് ഏകീകൃതമായ രൂപമില്ലെന്നും ഇന്ത്യയിലാകെ പരിശോധിച്ചാല്‍ വ്യത്യസ്ത സംസ്ഥാനങ്ങള്‍ക്ക് വ്യത്യസ്ത രീതികളാണ് ഉള്ളതെന്നും വിദഗ്ധര്‍ പറയുന്നു. കേരളത്തിലെ കാര്‍ഷിക മേഖലയും പഞ്ചാബിലെ കാര്‍ഷിക മേഖലയും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളതെന്ന് അത്തരക്കാര്‍ ചോദിക്കുന്നു. കാര്‍ഷിക മേഖലയ്ക്ക് ഏകീകൃത നിയമം സാധ്യമല്ലെന്നാണ് അത്തരക്കാര്‍ പറയുന്നത്.

എന്തായാലും സുപ്രിംകോടതി കേസ് ശരിയായ രീതിയില്‍ പരിഗണിക്കുകയാണെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ നിയമം തള്ളിപ്പോവുമെന്നാണ് പൊതുവിലയിരുത്തല്‍. പക്ഷേ, പുതിയ കാലത്ത് അതില്‍ പലര്‍ക്കും സംശയുമുണ്ട്. കാരണം, ജനങ്ങള്‍ക്ക് കോടതികളിലുള്ള വിശ്വാസം വല്ലാതെ തകര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it