Latest News

അഗ്‌നിപഥ്: കുറുവടിയുടെ കുറുക്കുവഴികള്‍

അഗ്‌നിപഥ്: കുറുവടിയുടെ കുറുക്കുവഴികള്‍
X

കെ.സഹദേവന്‍

അഗ്നിപഥ് പദ്ധതി എങ്ങനെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഹിന്ദുത്വവല്‍ക്കരണവും സൈനികവല്‍ക്കരണവും തീവ്രമാക്കുമെന്നാണ് കെ സഹദേവന്‍ എഫ്ബിയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.

''അങ്ങേയറ്റം സൈനികവത്കൃതമായ ഒരു രാഷ്ട്രീയസംഘടന ദുര്‍ബല ജനാധിപത്യത്തിന്റെ പഴുതുകളിലൂടെ രാഷ്ട്രീയാധികാരം നേടിയെടുക്കുമ്പോള്‍ ആദ്യം ചെയ്യുന്ന പ്രവര്‍ത്തികളിലൊന്ന് ആ രാഷ്ട്രത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെ കൂടുതല്‍ അസ്ഥിരപ്പെടുത്തുകയും അവയുടെ ചരിത്രപശ്ചാത്തലങ്ങളെ, സാംസ്‌കാരിക വൈവിധ്യങ്ങളെ തങ്ങള്‍ക്കനുകൂലമാക്കി മാറ്റിയെഴുതുകയും ചെയ്യുക എന്നതായിരിക്കും. 1998ല്‍ ആദ്യമായി ഭരണത്തിലെത്തിയ വാജ്‌പേയ് സര്‍ക്കാര്‍ തുടക്കമിട്ടതും അതുതന്നെയായിരുന്നു. അന്ന് കേന്ദ്രത്തില്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായിരുന്ന മുരളീമനോഹര്‍ ജോഷി വിദ്യാഭ്യാസചരിത്ര മേഖലയില്‍ ആരംഭിച്ച ഹിന്ദുത്വവല്‍ക്കരണം മോദിഭരണത്തിന്‍ കീഴില്‍ കൂടുതല്‍ അക്രമോത്സുകമായി മാറുകയും പാര്‍ലമെന്റ്, ജൂഡീഷ്യറി എന്നിവയടക്കം കാവിവല്‍ക്കരണത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്.

അതിവിശാലവും വൈവിധ്യപൂര്‍ണ്ണവുമായ ഭൂമിശാസ്ത്രപശ്ചാത്തലമുള്ള ഒരു രാജ്യത്ത് സംഘപദ്ധതികള്‍ തങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടുപോകുന്നില്ലെന്ന യാഥാര്‍ത്ഥ്യം പല രീതിയില്‍ ആര്‍എസ്എസിനെ ഉത്കണ്ഠാകുലമാക്കുന്നുണ്ട്. വര്‍ഗീയധ്രുവീകരണ തന്ത്രങ്ങള്‍ കൊണ്ടുമാത്രം വിലക്കയറ്റവും തൊഴിലില്ലായ്മയും സാമ്പത്തികപ്രയാസങ്ങളും അനുഭവിക്കുന്ന ജനതയെ ദീര്‍ഘകാലം മുന്നോട്ടുനയിക്കാന്‍ സാധ്യമല്ലെന്ന വസ്തുത മറ്റാരെക്കാളും തിരിച്ചറിയുന്നത് ആര്‍എസ്എസ് തന്നെയാണ്. ഈയൊരു പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സൈന്യത്തെ പുതിയ രീതിയില്‍ പുനഃസംഘടിപ്പിക്കാനുള്ള 'അഗ്‌നിപഥ്' പദ്ധതിയുമായി കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസ് നിര്‍ദ്ദേശമനുസരിച്ച് മുന്നോട്ടുവന്നിരിക്കുന്നത്.

19നും 23നും ഇടയില്‍ പ്രായമുള്ള യുവാക്കളെ, 4 വര്‍ഷക്കാലയളവിലേക്ക് അഗ്‌നിവീര്‍ എന്ന പേരില്‍ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുകയും, 40,000 രൂപ കൂലിയില്‍ നാല് വര്‍ഷം സൈനിക സേവനത്തില്‍ നിര്‍ത്തിയും നാല് വര്‍ഷത്തിന് ശേഷം 25ശതമാനം സൈനികരെ നിലനിര്‍ത്തി ബാക്കിയുള്ളവരെ, 12ലക്ഷം രൂപ പാരിതോഷികം നല്‍കി പിരിച്ചുവിടുകയും ചെയ്യുന്ന പദ്ധതിയാണ് 'അഗ്‌നിപഥി'ലൂടെ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.

സാങ്കേതിക പരിശീലനം നേടിയ, ഒഴിവാക്കപ്പെടുന്ന 75% അഗ്‌നിവീരന്മാര്‍. രാജ്യത്തിന്റെ വിവിധങ്ങളായ വ്യാവസായിക ഉത്പാദന മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉതകുമെന്നും ഒക്കെയുള്ള നിരവധി അവകാശവാദങ്ങളാണ് അഗ്‌നിപഥ് അവതരിപ്പിച്ചുകൊണ്ട് രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ്‌സിങ് നടത്തിയിരിക്കുന്നത്.

'അഗ്‌നിപഥ്' പദ്ധതി ഇന്ത്യന്‍ സൈനിക മേഖലയിലും സൈനികച്ചെലവിലും സൃഷ്ടിക്കാന്‍ പോകുന്ന പ്രതിസന്ധികള്‍ എന്തായിരിക്കുമെന്നതിനെക്കുറിച്ച് മിലിട്ടറി സ്ട്രാറ്റജിസ്റ്റായ ഭരത് കര്‍ണ്ണാഡിനെപ്പോലുള്ളവരുടെ അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

( https://bharatkarnad.com/)

അതേസമയം ആര്‍എസ്എസ് പോലുള്ള തീവ്ര വലതുരാഷ്രീയ വക്താക്കളുടെ സൈനിക മേഖലയില്‍ നുഴഞ്ഞുകയറാനുള്ള ഇടപെടലുകളെ ശ്രദ്ധയോടെ വിലയിരുത്താനും അവയെ പരാജയപ്പെടുത്താനും ഉള്ള ശ്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്.

സൈന്യത്തിന്റെ വലതുവല്‍ക്കരണം എന്ന വിഷയത്തെ പലരും തമാശയായി ചിത്രീകരിക്കുന്നത് കാണുന്നുണ്ട്. കഥയറിയാതെ ആട്ടം കാണുന്നവരുടെ കേവല പ്രതികരണം മാത്രമാണത്. സൈനികമേഖലയിലേക്കുള്ള ആര്‍എസ്എസ് റിക്രൂട്ട്‌മെന്റ് വളരെ വ്യവസ്ഥാപിതമായി തന്നെ അവര്‍ ആരംഭിച്ചിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് പലരുടെയും പ്രതികരണം.

2020 ഏപ്രില്‍ മാസത്തില്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയിലെ ശിക്കാര്‍പൂരില്‍ ആര്‍എസ്എസ് സര്‍ സംഘചാലക് ആയിരുന്ന 'രജ്ജു ഭയ്യ' എന്നറിയപ്പെടുന്ന രാജേന്ദ്ര സിംഗിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന 'രജ്ജു ഭയ്യാ സൈനിക് വിദ്യാ മന്ദിര്‍' സൈന്യത്തിലേക്കുള്ള ആര്‍എസ്എസ് കുറുവടി സംഘത്തിന്റെ പ്രവേശനം സുസാധ്യമാക്കുന്നതിന് വേണ്ടി ഉദ്ദേശിച്ചുകൊണ്ട് സ്ഥാപിക്കപ്പെട്ട ഒന്നാണ്. ആറാം ക്ലാസ്സു മുതല്‍ 12ാം ക്ലാസ്സ് വരെ സിബിഎസ്ഇ പാഠ്യക്രമത്തില്‍ വിദ്യാഭ്യാസം ചെയ്യിക്കുന്ന ഈ വിദ്യാലയത്തിന്റെ സുപ്രധാന ലക്ഷ്യം തന്നെ ഇന്ത്യയുടെ സൈനികമേഖലയിലേക്ക് ഹിന്ദുത്വ കേഡര്‍മാരെ തിരുകിക്കയറ്റുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഇത്തരത്തിലുള്ള ആര്‍എസ്എസ് സഞ്ചാലിത സൈനിക വിദ്യാലയങ്ങള്‍ രാജ്യത്തെമ്പാടും ആരംഭിക്കാനുള്ള നടപടികളും അവര്‍ ആരംഭിച്ചിരിക്കുകയാണ്.

ഒരു ഭാഗത്ത്, കൃത്യമായ ഹിന്ദുത്വ പ്രത്യയശാസ്ത്ര ബോധത്തെ മുന്‍നിര്‍ത്തിയുള്ള പരിശീലത്തിലൂടെ സൈന്യത്തിലേക്ക് കടന്നുകയറുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരും, മറുഭാഗത്ത്, താല്‍ക്കാലിക നിയമനങ്ങളിലൂടെ പരിശീലനം നേടിയ അഗ്‌നിവീരന്മാരും ഭാവി ഹിന്ദുരാഷ്ട്രത്തിന്റെ കാവലാളാകും എന്ന കണക്കുകൂട്ടലുകളാണ് അഗ്‌നിപഥ് പദ്ധതിക്ക് പിന്നില്‍ എന്ന് തിരിച്ചറിയേണ്ടത് ഈ ഘട്ടത്തില്‍ സുപ്രധാനമാണ്.''

Next Story

RELATED STORIES

Share it