Latest News

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സ്വര്‍ണശേഖരത്തില്‍ ആശങ്ക; തിരിച്ചെത്തിക്കണമെന്ന് ജര്‍മനി

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ സ്വര്‍ണശേഖരത്തില്‍ ആശങ്ക; തിരിച്ചെത്തിക്കണമെന്ന് ജര്‍മനി
X

ബെര്‍ലിന്‍: യുഎസില്‍ സൂക്ഷിച്ചിരിക്കുന്ന ജര്‍മനിയുടെ കരുതല്‍ സ്വര്‍ണം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു. ആഗോള രാഷ്ട്രീയ അനിശ്ചിതത്വം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ജര്‍മനിയിലെ ജനപ്രതിനിധികളും പ്രമുഖ സാമ്പത്തിക വിദഗ്ധരും വിഷയത്തില്‍ പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ ആവശ്യം വീണ്ടും ഉയര്‍ന്നത്.

യുഎസിനെ പൂര്‍ണമായി വിശ്വസിക്കാന്‍ കഴിയില്ലെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ സ്വര്‍ണശേഖരം ജര്‍മനിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് കഴിഞ്ഞ ഏപ്രിലില്‍ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിലെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ കരുതല്‍ ശേഖരമുള്ള രണ്ടാമത്തെ രാജ്യമാണ് ജര്‍മനി. നിലവില്‍ 3,350.25 ടണ്‍ സ്വര്‍ണം ജര്‍മനിക്കുണ്ട്. ഇതില്‍ പകുതിയോളം സ്വര്‍ണം ഫ്രാങ്ക്ഫര്‍ട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ 37 ശതമാനം, അഥവാ 1,236 ടണ്‍ സ്വര്‍ണം ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വിലും 13 ശതമാനം ലണ്ടനിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. ഏകദേശം 30 രാജ്യങ്ങളുടെ 6,300 ടണ്‍ സ്വര്‍ണം യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് കണക്കുകള്‍.

രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയന്‍ ജര്‍മനി പിടിച്ചടക്കിയതിനെ തുടര്‍ന്നാണ് സുരക്ഷാ കാരണങ്ങളാല്‍ സ്വര്‍ണശേഖരം യുഎസിലേക്ക് മാറ്റിയത്. എന്നാല്‍ 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന് പിന്നാലെ, സ്വര്‍ണം തുടര്‍ന്നും വിദേശത്ത് സൂക്ഷിക്കേണ്ടതില്ലെന്ന അഭിപ്രായം ജര്‍മന്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ ശക്തമായി. ഇതിന്റെ ഭാഗമായാണ് 2013 മുതല്‍ ബുണ്ടെസ് ബാങ്ക് വിദേശത്തുണ്ടായിരുന്ന സ്വര്‍ണം തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതുവരെ ന്യൂയോര്‍ക്കില്‍നിന്ന് 300 ടണ്‍ സ്വര്‍ണവും പാരിസില്‍നിന്ന് 374 ടണും തിരിച്ചെത്തിച്ചിട്ടുണ്ട്.

നിലവിലെ അന്താരാഷ്ട്ര രാഷ്ട്രീയ സാഹചര്യത്തില്‍ യുഎസില്‍ ഇത്രയധികം സ്വര്‍ണം സൂക്ഷിക്കുന്നത് അപകടകരമാണെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും ബുണ്ടെസ് ബാങ്ക് ഗവേഷണ വിഭാഗത്തിന്റെ മുന്‍ തലവനുമായ ഇമ്മാനുവേല്‍ മോഞ്ച് അഭിപ്രായപ്പെട്ടു. യുഎസില്‍നിന്ന് കൂടുതല്‍ നയതന്ത്ര സ്വാതന്ത്ര്യം നേടണമെങ്കില്‍ സ്വര്‍ണശേഖരം തിരികെ കൊണ്ടുവരുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ നികുതി ദായകരുടെ അസോസിയേഷന്റെയും ജര്‍മന്‍ നികുതി ദായകരുടെ അസോസിയേഷന്റെയും തലവനായ മിഷേല്‍ ജോഗറും സമാന നിലപാട് പങ്കുവച്ചു. ട്രംപ് എന്ത് നടപടിയെടുക്കുമെന്ന് പ്രവചിക്കാനാവില്ലെന്നും, ഗ്രീന്‍ലാന്‍ഡ് വിഷയത്തില്‍ എടുത്ത നിലപാട് പോലെ പുതിയ ആക്രമണ പദ്ധതികള്‍ നടപ്പാക്കിയാല്‍ സ്വര്‍ണം ഒരിക്കലും തിരിച്ചുകിട്ടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം, ജര്‍മന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷമായ ഗ്രീന്‍ പാര്‍ട്ടിയും സ്വര്‍ണം രാജ്യത്തേക്ക് തിരിച്ചെത്തിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അനിശ്ചിതത്വത്തിന്റെ കാലത്ത് സാമ്പത്തിക സ്ഥിരത ഉറപ്പുനല്‍കുന്ന സ്വര്‍ണത്തെ അന്താരാഷ്ട്ര രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ കരുക്കളാക്കരുതെന്ന് പാര്‍ട്ടിയുടെ ധനകാര്യ വക്താവ് കാതറീന ബെക്ക് പറഞ്ഞു. ഇതിനിടെ, യുഎസില്‍നിന്ന് കരുതല്‍ സ്വര്‍ണം തിരികെ കൊണ്ടുവരുന്നതിനെ ഭരണകക്ഷിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ എതിര്‍ത്തു. ഇക്കാര്യം സര്‍ക്കാര്‍ പരിഗണനയിലില്ലെന്ന് സഖ്യ സര്‍ക്കാരിന്റെ വക്താവ് സ്‌റ്റെഫാന്‍ കൊര്‍ണേലിയസ് വ്യക്തമാക്കി. ഫെഡറല്‍ റിസര്‍വില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണശേഖരത്തെ കുറിച്ച് ആശങ്കയില്ലെന്ന് ബുണ്ടെസ് ബാങ്ക് പ്രസിഡന്റ് ജോച്ചിം നഗേല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസിന്റെ കസ്റ്റഡിയിലുള്ള സ്വര്‍ണം നേരിട്ട് പരിശോധിക്കാന്‍ അനുവദിക്കണമെന്ന സിഡിയു നേതാവ് മാര്‍കോ വാന്‍ഡര്‍വിറ്റ്‌സിന്റെ ആവശ്യം മുന്‍പ് നിരസിക്കപ്പെട്ടതായും റിപോര്‍ട്ടുകളുണ്ട്.

Next Story

RELATED STORIES

Share it