Latest News

ഉംറ തീര്‍ഥാടകരുടെ അപകട മരണം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

അഞ്ചു ലക്ഷം രൂപയാണ് ധനസഹായം നല്‍കുക

ഉംറ തീര്‍ഥാടകരുടെ അപകട മരണം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍
X

റിയാദ്: ഉംറ തീര്‍ഥാടനം കഴിഞ്ഞു മടങ്ങിയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം വീതം ധനസഹായം നല്‍കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ന് സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന തെലങ്കാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. ദുരന്തത്തില്‍ ഹൈദരാബാദിലെ ഒരു കുടുംബത്തിലെ 18 അംഗങ്ങളാണ് മരിച്ചത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം സൗദിയിലേക്കു തിരിക്കും. സംഘത്തില്‍ എംഎല്‍എമാരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടും. കൂടാതെ, മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്കു കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്. കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളുടെ തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങളുടെ അന്ത്യകര്‍മങ്ങള്‍ സൗദിയില്‍ വെച്ചു തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

നവംബര്‍ ഒമ്പതിനായിരുന്നു സംഘം യാത്രതിരിച്ചത്. ട്രാവല്‍ ഏജന്‍സി മുഖേനയായിരുന്നു യാത്ര. ബസില്‍ ഹൈദരാബാദ് സ്വദേശികളായ 43 പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ ഉംറ നിര്‍വഹിച്ച് തിരിച്ച് വരുംവഴി ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ സമയം രാത്രി 1.30 ഓടെയായിരുന്നു ബസിനു തീപ്പിടിച്ചത്. യാത്രാ ക്ഷീണത്താല്‍ എല്ലാവരും ഉറങ്ങിയിരുന്നതിനാല്‍ത്തന്നെ യാത്രക്കാര്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവായിരുന്നുവെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ടാങ്കറുമായി കൂട്ടിയിടിച്ചതിനു പിന്നാലെ ബസ് കത്തിയമരുകയായിരുന്നു.

Next Story

RELATED STORIES

Share it