Latest News

ഡല്‍ഹിയില്‍ ക്ഷേത്രം സംരക്ഷിക്കാന്‍ നിയമയുദ്ധത്തിനൊരുങ്ങി ഒരു മുസ് ലിം കുടുംബം

ഡല്‍ഹിയില്‍ ക്ഷേത്രം സംരക്ഷിക്കാന്‍ നിയമയുദ്ധത്തിനൊരുങ്ങി ഒരു മുസ് ലിം കുടുംബം
X

ന്യൂഡല്‍ഹി: ഡല്‍ഹി ഓഖ്‌ലയിലെ നൂര്‍ നഗറില്‍ ക്ഷേത്രം തകര്‍ക്കാനുള്ള ഹിന്ദു ഉടമസ്ഥന്റെ ശ്രമത്തിന് തടയിട്ട് മുസ് ലിം അയല്‍വാസി. മുസ് ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന നൂര്‍ നഗറിലാണ് സംഭവം. അമ്പതോളം ഹിന്ദുക്കളും ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്.

ജോഹരി ലാല്‍ എന്നയാളുടെ വസ്തുവിലാണ് ക്ഷേത്രം നില്‍ക്കുന്നത്. ഒരു ക്ഷേത്രവും ധര്‍മശാലയും നിര്‍മിക്കാന്‍ അദ്ദേഹം ഗ്രാമത്തിനുവേണ്ടി ഈ സ്ഥലം നീക്കിവച്ചിരുന്നതാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഉടമസ്ഥന്‍ മരിച്ചുപോയി. അദ്ദേഹത്തിന്റെ കൊച്ചുമകന്‍ പവന്‍ സെയ്‌നിയുടെ കൈവശമാണ് ഇപ്പോള്‍ ഈ ഭൂമി. അദ്ദേഹം ക്ഷേത്ര നില്‍ക്കുന്ന ഭൂമിയിലെ നിര്‍മിതികള്‍ തകര്‍ത്തുകഴിഞ്ഞു. അടുത്ത ദിവസം ക്ഷേത്രവും തകര്‍ക്കാനുള്ള ശ്രമത്തിലാണ്. ഇതുവരെയും ക്ഷേത്രം പൊളിച്ചുമാറ്റിയിട്ടില്ല. അത് പൊളിച്ചുനീക്കരുതെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസിയായ സയ്യദ് ഫൗസുല്‍ അസീം പോലിസില്‍ പരാതിപ്പെട്ടത്.

അത്് ഫലപ്രദമാവാത്തതിനാല്‍ ഡല്‍ഹി ഹൈക്കോടതിയെയും സമീപിച്ചു. ക്ഷേത്രത്തിന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ കോടതി ഉത്തരവിട്ടു. ക്ഷേത്രം പൊളിച്ചുനീക്കാന്‍ നീക്കമുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ മറ്റ് ഹിന്ദു കുടുംബങ്ങള്‍ അസീസിനെ കണ്ടിരുന്നു. സാമൂഹികപ്രവര്‍ത്തകന്‍ കൂടിയായി അസീം തുടര്‍ന്നാണ് ഇതില്‍ ഇടപെടുന്നത്.

താന്‍ പോലിസില്‍ പരാതിപ്പെട്ടപ്പോള്‍ പോലിസിന്റെ ഭാഗത്തുനിന്ന് ഒരു നീക്കവുണ്ടായില്ലെന്ന് അസീം പരാതിപ്പെടുന്നു. പിന്നീട് ആര്‍എസ്എസ് മാസികയായ പാഞ്ചജന്യ മാഗസിന്റെ എഡിറ്റര്‍ ഹിതേഷ് ശങ്കര്‍ മുസ് ലിം ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദു ക്ഷേത്രം പൊളിച്ചുനീക്കിയെന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തു. അതു കണ്ട പോലിസ് അന്നു തന്നെ അന്വേഷണത്തിനെത്തി. എന്നാല്‍ അന്വേഷണത്തില്‍ ക്ഷേത്രം സുരക്ഷിതമാണെന്ന് കണ്ടത്തിയ പോലിസ് അത്തരമൊരു റിപോര്‍ട്ടും അയച്ചു.


പിന്നീട് ഡല്‍ഹി ഡിസിപി കണ്ടെത്തല്‍ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തു. ക്ഷേത്രം ഒരു ഹിന്ദുവിന്റേതാണെന്നും അത് ഇപ്പോഴും സുരക്ഷിതമാണെന്നുമായിരുന്നു ട്വീറ്റ്.

വ്യാജ വാര്‍ത്ത ട്വീറ്റ് ചെയ്ത ഹിതേഷ് ശങ്കറിനെതിരേ നടപടിയെടുക്കാത്തതെന്താണെന്ന് ചോദിച്ച് പലരും രംഗത്തുവന്നു. സമുദായ സൗഹാര്‍ദ്ദം തകര്‍ത്തുന്ന പോസ്റ്റിട്ടയാള്‍ക്കെതിരേ കേസെടുക്കണമെന്നായിരുന്നു ആവശ്യം. പോലിസ് ഇതുവരെയും കേസെടുത്തിട്ടില്ല.

അതിനിടയില്‍ തന്റെ ഭൂമിയിലുള്ള ക്ഷേത്രം പൊളിച്ചിട്ടില്ലെന്നും പൊളിക്കുകയില്ലെന്നും ഉടമ പറയുന്നു. ചില ജാതിക്കാര്‍ക്ക് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഈ ഭൂമിയില്‍ ധര്‍മശാലയുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു.

Next Story

RELATED STORIES

Share it