Latest News

പ്രശസ്ത സിനിമ പരസ്യകല ചിത്രകാരന്‍ നീതി കൊടുങ്ങല്ലൂരിന് വീട് ഒരുങ്ങുന്നു

പ്രശസ്ത സിനിമ പരസ്യകല ചിത്രകാരന്‍ നീതി കൊടുങ്ങല്ലൂരിന് വീട് ഒരുങ്ങുന്നു
X

മാള: പ്രശസ്ത സിനിമ പരസ്യകല ചിത്രകാരന്‍ നീതി കൊടുങ്ങല്ലൂരിന് വീട് ഒരുങ്ങുന്നു. മകളുടെ ഓര്‍മക്കായി നടന്‍ സുരേഷ് ഗോപി രൂപീകരിച്ച ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലാണ് നീതിയുടെ സ്വപ്‌നവീടും പൂര്‍ത്തിയാകുന്നത്. ഇതിനോടകം നൂറിലധികം വീടുകളാണ് ഈ ട്രസ്റ്റിന്റെ കീഴില്‍ പൂര്‍ത്തീകരിക്കപ്പെട്ടത്.

മലയാളവും തമിഴുമടക്കം മൂന്നൂറില്‍പ്പരം ചിത്രങ്ങള്‍ക്കുവേണ്ടി പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ള നീതി ഇന്നും വാടകവീട്ടിലാണ് കഴിയുന്നത്. മാളക്കടുത്ത് പൊയ്യ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍ പൂപ്പത്തിയില്‍ സ്വന്തമായുള്ള പതിനാല് സെന്റ് ഭൂമി കാടുപിടിച്ച് കിടക്കുകയാണ്. അവിടെ ഒരു കിടപ്പാടംപോലും വെക്കാന്‍ കഴിയാത്ത നീതിയുടെ ദുരിതപൂര്‍വ്വമായ അവസ്ഥ അറിഞ്ഞതിനെ തുടര്‍ന്നാണ് നടന്‍ സുരേഷ്‌ഗോപി നീതിക്കൊരു വീട് വെച്ചുകൊടുക്കാന്‍ തീരുമാനിച്ചത്.

നീതിയുടെ വീടിന്റെ പ്ലാനടക്കം പൂര്‍ത്തിയായിട്ടുണ്ട്. ബിജെപി മാള മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തകരാണ് വീടിന്റെ നിര്‍മാണം ഏറ്റെടുത്ത് നടത്തുന്നത്. മാള മണ്ഡലം പ്രസിഡന്റ് കെ എസ് അനൂപ്, വാര്‍ഡ് മെമ്പര്‍ അനില സുനിലിന്റെയും പേരില്‍ ആരംഭിച്ച ജോയിന്റ് അക്കൗണ്ടിലാണ് സുരേഷ് ഗോപി നാല് ലക്ഷം രൂപ നിക്ഷേപിച്ചത്. വൈകാതെ തന്നെ വീടിന്റെ തറകല്ലിടല്‍ നടക്കും.

ഇത്ര പെട്ടെന്നൊന്നും കാര്യങ്ങള്‍ നടക്കുമെന്ന് താന്‍ സ്വപ്‌നത്തില്‍പോലും കരുതിയതല്ലെന്നും സുരേഷ് ഗോപിയോടുള്ള നന്ദി എങ്ങനെ പറഞ്ഞറിയിക്കണമെന്നും തനിക്കറിയില്ലയെന്നും നീതി പറഞ്ഞു. അദ്ദേഹം വരികയാണെങ്കില്‍ നല്‍കാനായി സുരേഷ് ഗോപിയുടെ വിത്യസ്ത രണ്ട് ചിത്രങ്ങള്‍ തയ്യാറാക്കി കാത്തിരിക്കുകയാണ് അദ്ദേഹം.

Next Story

RELATED STORIES

Share it