Latest News

യൂറോപ്യന്‍ ഭാവുകത്വത്തിലേക്ക് ചില്ലകള്‍ വീശുന്ന ഒരു വന്മരം

കെ യു ജോണി എഴുതിയ ഐരാവതിയിലെ കല്ലുകള്‍ എന്ന കഥാസമാഹാരത്തെക്കുറിച്ച് സി എസ് മീനാക്ഷി ഫേസ് ബുക്കില്‍ എഴുതിയ കുറിപ്പ്‌

യൂറോപ്യന്‍ ഭാവുകത്വത്തിലേക്ക് ചില്ലകള്‍ വീശുന്ന ഒരു വന്മരം
X

സിഎസ് മീനാക്ഷി

കെ യു ജോണി എഴുതിയ ഐരാവതിയിലെ കല്ലുകൾ എന്ന കഥാസമാഹാരം ശ്രീമതി കെ പി സുധീരയുടെ കയ്യിൽ നിന്ന് കല്പറ്റയിൽ വെച്ച് ഏപ്രിൽ 16ന് എറ്റുവാങ്ങാനുള്ള ഭാഗ്യമുണ്ടായി.

ഈ കഥാസമാഹാരത്തിലെ പല കഥകളും മുൻപ് ആനുകാലികങ്ങളിൽ വായിച്ചിട്ടുണ്ടെങ്കിലും അവ ഒന്നിച്ചു വായിച്ചപ്പോൾ ഒരു കാലഘട്ടം മനസ്സിൽ വിരിഞ്ഞു വരികയായിരുന്നു. കഥകൾ മെനയാനും അവയിൽ അഭിരമിക്കാനും കഥകൾ തലമുറയിൽ നിന്നും തലമുറയിലേക്ക് കൈമാറാനുമുള്ള കഴിവാണ് മനുഷ്യനെ മറ്റു ജീവജാലങ്ങളിൽ നിന്ന് വ്യത്യസ്തരാക്കുന്നതെന്ന് യുവാൽ നോഹ ഹരാരി തന്റെ സാപ്പിയൻസ് എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. ആ ധർമ്മം കൃത്യമായി നിറവേറ്റുന്നുണ്ട് ജോണിയുടെ ഈ രചന. കേരളത്തിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ഗൃഹാതുരപതിറ്റാണ്ടാണ് എഴുപതുകൾ. വൈബ്രന്റായ കാമ്പസ് ജീവിതം, പൊളിറ്റിക്കലായ വിദ്യാർത്ഥികൾ, സ്പോർട്സ് ഡേ, കലോത്സവങ്ങൾ, സാഹിത്യചർച്ചകൾ, സാർത്റ്, കാമു, ഷെനെ, ബോദ്ലർ, സീമൊൺ ദി ബുവ്വ, മാർക്ക്വെസ്, ക്ലാസ് കട്ട് ചെയ്ത് മക്കന്നസ് ഗോൾഡും ബെൻഹറും പോലുള്ള സിനിമകൾ കാണൽ,പിന്നെ മേമ്പൊടിക്ക് അസ്തിത്വദുഃഖം, വ്യർത്ഥതാബോധം. തന്റെ വിക്‌റ്റോറിയൻ ജീവിതത്തിലെ സംഭവവിവരണങ്ങൾ വഴി എഴുപതുകളിലെ കാമ്പസ് ജീവിതം ഇപ്പോഴത്തെ ന്യൂജനിലേക്കെത്തിക്കുന്നുണ്ട് ഈ പുസ്തകം.

പുഴുവും പ്യൂപ്പയും മുതൽ പെരുമ്പാമ്പും ഒറ്റയാനും വരെ, കാട്ടുചേമ്പും നറുനീണ്ടിയും മുതൽ പേരറിയാത്ത വന്മരങ്ങൾ വരെ യുള്ള സസ്യജന്തുജാലവും ജീവിക്കുന്നുണ്ട് ഈ കഥകളിൽ. നാഗരികതയും വന്യതയും പല കഥകളിലും മുഖാമുഖം വരുന്നുമുണ്ട്. ഈ സാർവ്വലൗകികതയ്ക്ക് പുറമെ ഒരു പ്രപഞ്ചദർശനവുമുൾക്കൊള്ളുന്നുണ്ട് ഈ കഥകൾ. ഫൈറ്റർ പ്ളെയിനിന്റെ ശ്...ഒച്ച ഒരു ബ്രഹ്‌മാണ്ഡ ദോശ ചുടുന്ന ഒച്ചയാണെന്നും മറ്റുമുള്ള രസകരമായ ചില ഉപമകളുണ്ട് ഇതിൽ. പഠനം കഴിഞ്ഞ് തൊഴിലില്ലാതെ വീട്ടിലിരിക്കുമ്പോൾ താൻ എന്നോ പൊലിഞ്ഞുപോയ നക്ഷത്രത്തിന്റെ വെളിച്ചമായി അവശേഷിക്കുന്നുവെന്നും സഹപാഠികൾ ഏതോ താമോഗർത്തങ്ങളിലെ വിദൂരനക്ഷത്രങ്ങളായിരുന്നുവെന്നും പറയുന്നുണ്ട് ഒരു കഥയിൽ. ഒരു പഴയ പുസ്തകത്തിൽ ചത്തൊ ട്ടിയിരിക്കുന്ന വാലൻപുഴുവിൽ നിന്നാരംഭിച്ച് ആ പുസ്തകത്തിന്റെ ഉടമയുടെ ജീവിതത്തെകുറിച്ച് ചിന്തിച്ചുകൂട്ടുന്ന സിൽവർഫിഷ് എന്ന കഥ, ഹാലി നക്ഷത്രത്തെയും കാമുകിയെയും ഉപമപ്പെടുത്തുന്ന കഥ എന്നിവയിലൊക്കെ കഥാകാരന്റെ ക്രാഫ്റ്റ് അനുപമമാണ്. ഹാലിയുടെ കഥ സിനിമാറ്റിക് ആണ്. സഡൻ കട്ടുകളുണ്ട്. സൂക്ഷ്മദൃക്കുകൾക്ക് മാത്രം പിടികിട്ടുന്ന ഡീപ് കട്ടുകളും.

ശക്തകളായ സ്ത്രീകൾ ഉണ്ട് ഇതിൽ. ആട്ടിറച്ചി തിന്നാൻ ആടിനെത്തന്നെ ചന്തയിൽ നിന്നും വാങ്ങി ബസ്സിൽ കേറ്റുന്ന വല്യമ്മച്ചി കിളിയോട് പറയുന്നത് ഇങ്ങനെ : എടാ, താനിങ്ങനെ കണ്ണ് കാണിച്ചു പെമ്പിള്ളരെയെല്ലാം ബസ്സീ കേറ്റീട്ട് സീറ്റ് കൊടുക്കാത്തതെന്താ. സുന്ദരിയായ ഒരു അപകടം ഗേറ്റ് കടന്നു വരുന്നു എന്ന് ധൈര്യശാലിയായ ആംഗ്ലോ ഇന്ത്യൻ പെൺകുട്ടിയെപ്പറ്റി പറയുന്നു.

എടുത്തു പറയേണ്ടുന്ന മറ്റൊരു കാര്യം ഈ കഥകളിലെ ഭാഷയാണ്. മാനക മലയാളവും സംഭാഷണമലയാളവും മനോഹരമാണ്. കുടിയേറ്റക്കാരുടെ ഭാഷ സംഭാഷണത്തിൽ വരുന്ന അതേ ചാതുര്യത്തോടെയാണ് കൽപ്പാത്തി ബ്രാഹ്‌മണരുടെ സംസാരശൈലിയും വരുന്നത്.

വയനാടൻ കാടിന്റെ ജൈവികതയിലും കുടിയേറ്റെക്കാരുടെ വെടിയുപ്പ് മണക്കുന്ന ജനിതകത്തിലും വേരുകളാഴ്ത്തി, യൂറോപ്യൻ ഭാവുകത്വത്തിലേക്ക് ചില്ലകൾ വീശി നിൽക്കുന്ന ഒരു വന്മരമാണ് ഈ രചന എന്ന് സാമാന്യമായി പറയാം

Next Story

RELATED STORIES

Share it