Latest News

8 വര്‍ഷം, 40,000 മരങ്ങള്‍; തരിശായ കുന്നില്‍ നിന്നും നിബിഡവനത്തിലേക്കുള്ള യാത്ര

ക്രെഡിറ്റ് വേള്‍ഡ് റിസര്‍ച്ചേഴ്‌സ് അസോസിയേഷനുകളുടെ സ്ഥാപകനും ഡയറക്ടറുമായ ഡോ ശങ്കര്‍ ലാല്‍ ഗാര്‍ഗിനാണ് ഈ സുന്ദരവനത്തിന്റെ സൃഷ്ടാവ്

8 വര്‍ഷം, 40,000 മരങ്ങള്‍; തരിശായ കുന്നില്‍ നിന്നും നിബിഡവനത്തിലേക്കുള്ള യാത്ര
X

ഭോപ്പാല്‍: കശ്മീരിലെ കുങ്കുമം, വില്ലോ മരങ്ങള്‍, നേപ്പാളിലെ രുദ്രാക്ഷം, തായ്‌ലന്‍ഡിലെ ഡ്രാഗണ്‍ ഫ്രൂട്ട്, ഓസ്‌ട്രേലിയയിലെ അവോക്കാഡോ, ഇറ്റലിയിലെ ഒലിവ്, മെക്‌സിക്കോയിലെ ഈത്തപ്പഴം തുടങ്ങിയവയെല്ലാം ഇന്ന് തഴച്ചുവളരുന്നത് ഒരു കാലത്ത് പുല്ലുപോലും മുളക്കാത്ത മൊട്ട കുന്നിലാണെന്നു പറഞ്ഞാല്‍ അദ്ഭുതം തോന്നുന്നില്ലേ...., കണ്ണുകള്‍ക്ക് സുന്ദര കാഴ്ചകള്‍ പ്രധാനം ചെയ്ത് നെഞ്ച് വിരിച്ചു നില്‍ക്കുന്ന ഈ വനം സ്ഥിതി ചെയ്യുന്നത് മധ്യപ്രദേശിലെ ഇന്‍ഡോറിലാണ്. ഇന്നിവിടം പ്രകൃതി സ്നേഹികളുടെ സ്വപ്ന കേന്ദ്രമാണ്.





ഡോ.ഗാര്‍ഗ്

ക്രെഡിറ്റ് വേള്‍ഡ് റിസര്‍ച്ചേഴ്‌സ് അസോസിയേഷനുകളുടെ സ്ഥാപകനും ഡയറക്ടറുമായ ഡോ. ശങ്കര്‍ ലാല്‍ ഗാര്‍ഗിനാണ് ഈ സുന്ദരവനത്തിന്റെ സൃഷ്ടാവ്. 2015-ല്‍, പ്രിന്‍സിപ്പലായി വിരമിച്ച ഡോ. ഗാര്‍ഗും കുടുംബവും തരിശായി കിടക്കുന്ന ഒരു കുന്നിനെ വനമാക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കൂള്‍ തുടങ്ങുക എന്ന ലക്ഷ്യത്തോടെ ഇന്‍ഡോറിലെ മോവ് പട്ടണത്തില്‍ സ്ഥലം വാങ്ങിയ അവര്‍ കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ ചിന്തിച്ച മറ്റൊരു ആശയമാണ് കേസര്‍ പര്‍വതമെന്ന രീതിയില്‍ വഴിമാറിയത്. കശ്മീരിലെ പര്‍വതനിരകളില്‍ നിന്നുള്ള കുങ്കുമം എന്ന സസ്യത്തില്‍ നിന്നാണ് കേസര്‍ പർവതത്തിന് ഈ പേര് ലഭിച്ചത്.

തേക്ക്, റോസ്വുഡ്, ചന്ദനം, മഹോഗനി, ബനിയന്‍, സാല്‍, അഞ്ജന്‍, മുള, വില്ലോ, ദേവദാര്‍, പൈന്‍, ദഹിമാന്‍, ഖമര്‍, സില്‍വര്‍ ഓക്ക്,കുങ്കുമപ്പൂ എന്നിവയുള്‍പ്പെടെയുള്ള വിവിധയിനം സസ്യങ്ങള്‍ കേസര്‍ പര്‍വതത്തിലുണ്ട്.15,000 മരങ്ങള്‍ക്ക് 12 അടിയിലധികം ഉയരമുണ്ട്. കേസര്‍ പര്‍വതത്തിലെ സസ്യങ്ങളുടെ അതിജീവന നിരക്ക് 95% ആണ്.

സസ്യജാലങ്ങള്‍ക്കു പുറമെ 30 തരം പക്ഷികള്‍, 25 ഇനം ചിത്രശലഭങ്ങള്‍, കുറുക്കന്‍, നീല്‍ ഗായി, മുയലുകള്‍, തേള്‍, കാട്ടുപന്നികള്‍, ഹൈന തുടങ്ങിയ വന്യമൃഗങ്ങള്‍ ഈ നിബിഡ വനത്തില്‍ വസിക്കുന്നുണ്ട്.

74 കാരനായ ഡോ ഗാര്‍ഗ് വേപ്പ്, പീപ്പല്‍, നാരങ്ങ തുടങ്ങിയവ നട്ടുപിടിപ്പിച്ചാണ് ഈ യാത്ര തുടങ്ങിയത്. ക്രമേണ, മരങ്ങളുടെ എണ്ണവും വൈവിധ്യവും വര്‍ധിച്ചു, എട്ട് വര്‍ഷത്തിനുള്ളില്‍ 500 ലധികം ഇനങ്ങളിലുള്ള 40,000 മരങ്ങള്‍ പിറവി കൊണ്ടു. പരിസ്ഥിതി സംരക്ഷിക്കാനും ഭൂമിയെ രക്ഷിക്കാനുമുള്ള ഭാരിച്ച ഉത്തരവാദിത്തം ഉള്ളവരാണ് മനുഷ്യന്‍ എന്നു മനസിലാക്കിയ ഒരാളുടെ അധ്വാനത്തിന്റെ കൈയൊപ്പാണ് കേസർ പര്‍വതം.

Next Story

RELATED STORIES

Share it