Latest News

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ 72 ശതമാനം ഇന്ത്യന്‍ വംശജരും ജോ ബൈദന് വോട്ട് ചെയ്‌തേക്കുമെന്ന് സര്‍വെ

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ 72 ശതമാനം ഇന്ത്യന്‍ വംശജരും ജോ ബൈദന് വോട്ട് ചെയ്‌തേക്കുമെന്ന് സര്‍വെ
X

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 70 ശതമാനത്തിലേറെ ഇന്ത്യന്‍ വംശജരും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ജോ ബൈദന് വോട്ട് ചെയ്‌തേക്കുമെന്ന് സര്‍വേ റിപോര്‍ട്ട്. ഇന്ത്യന്‍ അമേരിക്കന്‍ ആറ്റിറ്റിയൂഡ് സര്‍വേയാണ് ഇന്ത്യക്കാരുടെ വോട്ടിങ് രീതി പുറത്തുകൊണ്ടുവന്നത്. സര്‍വേ അനുസരിച്ച് 22 ശതമാനം പേരാണ് ട്രംപിന് വോട്ട് ചെയ്യുക. ഇന്ത്യക്കാരുടെ താല്‍പര്യം ഡെമോക്രാറ്റുകളില്‍ നിന്ന് റിപബ്ലിക്കന്‍മാരിലേക്ക് മാറിയെന്ന നിഗമനത്തെ വെല്ലുവിളിക്കുന്ന റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സപ്തംബര്‍ മാസം 20ാം തിയ്യതി വരെയുള്ള ദിവസങ്ങളില്‍ 936 ഇന്ത്യക്കാരെ പങ്കെടുപ്പിച്ചുകൊണ്ടാണ് സര്‍വെ നടത്തിയത്. മുന്‍ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്ന പോലെത്തന്നെ ഇന്ത്യന്‍ വംശജര്‍ ഇത്തവണ ഡെമോക്രാറ്റിക് പാര്‍ട്ടിയോടാണ് താല്‍പര്യമെടുക്കുന്നത്. സര്‍വെയില്‍ പങ്കെടുത്ത 56 ശതമാനം പേരും താന്‍ ഒരു ഡെമോക്രാറ്റാണെന്ന് തുറന്നുപറഞ്ഞു. റിപബ്ലിക്കനാണെന്ന് പറഞ്ഞവര്‍ 15 ശതമാനമാണ്.

ഇന്ത്യ-യുഎസ് ബന്ധത്തിന്റെ സ്വഭാവം തങ്ങളുടെ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നാണ് മിക്കവാറും പേര്‍ അഭിപ്രായപ്പെട്ടത്. ട്രംപും മോദിയും തമ്മില്‍ വലിയ ബന്ധം സ്ഥാപിക്കുകയും ഇന്ത്യയുടെ പിന്തുണ വിലപ്പെട്ടതാണെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതൊന്നും ട്രംപിന് ഗുണം ചെയ്യില്ലെന്നാണ് സര്‍വെ സൂചിപ്പിക്കുന്നത്. മാത്രമല്ല, ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഡെമോക്രാറ്റുകളാണ് മെച്ചമെന്ന് ഭൂരിഭാഗം വോട്ടര്‍മാരും വിശ്വസിക്കുന്നു.

അതേസമയം ട്രംപിന്റെ എതിരാളിയായ ബൈദന്‍ തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തത് ഇന്ത്യ-ആഫ്രിക്ക വംശജയായ കമല ഹാരിസിനെയാണെന്നത് ഇന്ത്യക്കാരുടെ നിലപാട് ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമാക്കിയിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ നി്ന്നുള്ള താരതമ്യേന ജൂനിയറായ സെനറ്ററാണ് കമല ഹാരിസ്.

പൊതുവില്‍ ഇന്ത്യക്കാര്‍ ബൈദനെ പിന്തുണക്കുന്നവരാണെങ്കിലും മുസ്‌ലിംകള്‍ക്കാണ് ബൈദനോട് കൂടുതല്‍ താല്‍പര്യം. മുസ്‌ലിംകളില്‍ 82 ശതമാനമാണ് ബൈദന് അനുകൂലമായി വോട്ട് ചെയ്തത്. ഹിന്ദുക്കളില്‍ ബൈദന് അനുകൂലമായി 67 ശതമാനവും വോട്ട് ചെയ്തു.

എന്നാല്‍ ക്രിസ്ത്യന്‍ സമുദായം 45 ശതമാനം ബൈദന് വോട്ട് ചെയ്യുമെന്ന് രേഖപ്പെടുത്തി. 69 ശതമാനം സ്ത്രീകളും 68 ശതമാനം പുരുഷന്മാരും ബൈദന് വോട്ട് ചെയ്യും. 19 ശതമാനം സ്ത്രീകളും 24 ശതമാനം പുരുഷന്മാരുമാണ് ട്രംപിനെ പിന്തുണയ്ക്കുന്നത്.

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വോട്ടുകള്‍ വലിയ സ്വാധീനമുള്ള ഘടകമല്ല. ഒരു ശതമാനം വോട്ട് മാത്രമാണ് ഇന്ത്യന്‍ വംശജര്‍ക്കുള്ളത്.

Next Story

RELATED STORIES

Share it