Latest News

ശമ്പളം 6 ലക്ഷം ലബനീസ് പൗണ്ട്: കുടുംബം പോറ്റാന്‍ വഴിയില്ലെന്ന് ഗൃഹനാഥന്‍

ബ്രിട്ടന്റെ 1 പൗണ്ട് ലഭിക്കണമെങ്കില്‍ 2000 ലബനീസ് പൗണ്ട് നല്‍കേണ്ടതുണ്ട്.

ശമ്പളം 6 ലക്ഷം ലബനീസ് പൗണ്ട്: കുടുംബം പോറ്റാന്‍ വഴിയില്ലെന്ന് ഗൃഹനാഥന്‍
X

ട്രിപ്പോളി: പണപ്പെരുപ്പത്തിന്റെ കെടുതികളില്‍ തകര്‍ന്നടിഞ്ഞ ലബനീസ് സമ്പദ് വ്യവസ്ഥയുടെ ഉത്തമോദാഹരണമായി ട്രിപ്പോളിയിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ ജീവിതം. മാസം 6 ലക്ഷം ലബനീസ് പൗണ്ട് ശമ്പളം ലഭിച്ചിട്ടു പോലും എട്ടംഗ കുടുംബത്തിന് വേണ്ടത്ര ഭക്ഷണം വാങ്ങാന്‍ കഴിയുന്നില്ലെന്ന് സങ്കടപ്പെടുന്ന ഉമര്‍ അല്‍ ഹകീം എന്ന കുടുംബനാഥന്റെ വാക്കുകള്‍ 'റോയിട്ടേഴ്‌സ് ' ആണ് റിപോര്‍ട്ട് ചെയ്തത്. ഈ തുക ഒരു മാസത്തേക്കു വേണ്ട പഞ്ചസാര, അരി, എണ്ണ എന്നിവാ വാങ്ങാന്‍ പോലും തികയുന്നില്ല എന്നാണ് ഉമര്‍ പറയുന്നത്. മത്സ്യം, മാംസം എന്നിവ കഴിച്ചിട്ട് നാളുകള്‍ ഏറെയായി. അത് വാങ്ങുന്നതിനെ കുറിച്ചു ചിന്തിക്കാന്‍ പോലുമാകാത്ത അവസ്ഥയാണ് ഇപ്പോഴത്തേതെന്നും അദ്ദേഹം പറയുന്നു. ഉമറിന് 6 ലക്ഷം ലബനീസ് പൗണ്ട് ശമ്പളമുണ്ടെങ്കിലും അതിന് 60 ഡോളറിന്റെ മൂല്യം മാത്രമാണുള്ളത്. ബ്രിട്ടന്റെ 1 പൗണ്ട് ലഭിക്കണമെങ്കില്‍ 2000 ലബനീസ്് പൗണ്ട് നല്‍കേണ്ടതുണ്ട്.


ലബനീസ കറന്‍സിയുടെ വില അപകടകരമായ തോതില്‍ ഇടിഞ്ഞതോടെ രാജ്യത്ത് പട്ടിണി വ്യാപിക്കുകയാണെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ലബനോണില്‍ പട്ടിണി നിരക്ക് 50 ശതമാനത്തോളം ഉയരാന്‍ സാധ്യതയുണ്ടെന്ന് ലോക ബാങ്ക് കഴിഞ്ഞ നവംബറില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. കൊവിഡ് 19ന്റെ ഭാഗമായി രാജ്യത്ത് ലോക്ഡൗണ്‍ കൂടി ഏര്‍പ്പെടുത്തിയതോടെ സ്ഥിതി അതീവ ഗുരുതരമായി മാറി. പട്ടിണി അതിവേഗം വ്യാപിക്കുകയാണ്. കഴിഞ്ഞ ദിവസം ബെയ്‌റൂത്തിലെ തിരക്കേറിയ തെരുവില്‍ വെച്ച് 61കാരന്‍ തലക്ക് വെടിവെച്ചു മരിച്ചത് പട്ടിണികാരണമാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.


ലബനോണില്‍ അഭയം തേടിയെത്തിയ സിറിയന്‍ അഭയാര്‍ഥികളുടെ ജീവിതം കൂടുതല്‍ ദുരിതത്തിലായിട്ടുണ്ട്. ലബനോണിലെ 70 ശതമാനത്തോളം സിറിയന്‍ അഭയാര്‍ഥികള്‍ കൊടും പട്ടിണിയിലാണെന്ന് ഐക്യരാഷ്ട്രസഭ തന്നെ കണ്ടെത്തിയിട്ടുണ്ട്. അഭയാര്‍ഥി കാംപുകളിലും പട്ടിണി വ്യാപിക്കുകയാണെന്ന് വാര്‍ത്തകളും പുറത്തുവന്നിരുന്നു.




Next Story

RELATED STORIES

Share it