Latest News

ബാബരി മസ്ജിദ് കേസില്‍ വിധി പറയുന്ന അഞ്ച് ജഡ്ജിമാര്‍ ഇവര്‍

സാങ്കേതികമായി ഒരു ഭൂമിക്കേസ് മാത്രമാണെങ്കിലും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഒരു ഭരണഘടനാ ബഞ്ച് രൂപീകരിക്കുന്നത്. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷന്‍, അബ്ദുല്‍ നസീര്‍ തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍.

ബാബരി മസ്ജിദ് കേസില്‍ വിധി പറയുന്ന അഞ്ച് ജഡ്ജിമാര്‍ ഇവര്‍
X

ബാബറി മസ്ജിദ് കേസ് ഇന്ന് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധി പറയുകയാണ്. ഇന്ന് 10.30 ഓടെ വിധി പ്രസ്താവമുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. സുപ്രിം കോടതിയുടെ ചരിത്രത്തില്‍ കേശവാനന്ദ ഭാരതി കേസ് കഴിഞ്ഞാല്‍ ഏറ്റവും ഗൗരവപ്പെട്ട രണ്ടാമത്തെ വിധിപ്രസ്താവമായി കരുതുന്ന വിധി കൂടിയാണ് ഇത്. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് സുരക്ഷാ സന്നാഹങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ സുപ്രിം കോടതി വിളിച്ചുവരുത്തിയിരുന്നു.

സാങ്കേതികമായി ഒരു ഭൂമിക്കേസ് മാത്രമാണെങ്കിലും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഒരു ഭരണഘടനാ ബഞ്ച് രൂപീകരിക്കുന്നത്. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ്്, അശോക് ഭൂഷന്‍, അബ്ദുല്‍ നസീര്‍ തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്

അസമില്‍ നിന്നുള്ള ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഒക്ടോബര്‍ 2018 മുതല്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസാണ്. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെ ആളാണ് ജസ്റ്റിസ് ഗൊഗോയ്. 1978 മുതല്‍ ഗുഹാവതി ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ആരംഭിച്ചു. 2001 ഫെബ്രുവരി 28, ന് അവിടെ തന്നെ സ്ഥിരം ജഡ്ജിയായി നിയമിതനായി. പഞ്ചാബ് ഹരിയാന ഹൈക്കോടതികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2012 ഏപ്രില്‍ മുതല്‍ സുപ്രിം കോടതിയില്‍. ദേശീയ പൗരത്വ രജിസ്റ്റര്‍, ഇപ്പോള്‍ ബാബരി മസ്ജിദ് കേസ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നു. ഈ മാസം പതിനേഴിന് വിരമിക്കും.

ജസ്റ്റിസ് എസ് എ ബോബ്‌ഡെ

മുഴുവന്‍ പേര് ഷരാദ് അരവിന്ദ് ബോബ്‌ഡെ. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന ഒഴിവില്‍ ബോബ്‌ഡെ ചീഫ് ജസ്റ്റിസായി നിയമിതനാവും. മഹാരാഷ്ട്രയില്‍ നിന്നുള്ള ബോബ്‌ഡെ 2000 മുതല്‍ ബോംബെ ഹൈക്കോടതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. രണ്ടു വര്‍ഷത്തിനു ശേഷം മധ്യപ്രദേശ് ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി. 2013 ഏപ്രില്‍ മാസത്തില്‍ സുപ്രിം കോടതിയില്‍. അടുത്ത നവംബര്‍ 17 നു ശേഷം 18 മാസത്തേക്ക് ചീഫ് ജസ്‌ററിസ് പദവിയില്‍ തുടരും.

ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്

പ്രശസ്ത ന്യായാധിപനും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം ചീഫ് ജസ്റ്റിസ് പദവി വഹിക്കുകയും ചെയ്ത വൈ വി ചന്ദ്രചൂഢിന്റെ മകന്‍. 2016 മെയ് മാസം മുതല്‍ സുപ്രിം കോടതിയില്‍. നേരത്തെ ബോംബെ അലഹബാദ് ഹൈക്കോടതികളില്‍. ശ്രദ്ധേയമായ നിരവധി വിധികള്‍ പുറപ്പെടുവിച്ച ജഡ്ജി. സ്വകാര്യതയെ കുറിച്ചുള്ള സുപ്രിം കോടതി വിധി നല്‍കിയ ബഞ്ചില്‍ അംഗം. 377ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന വിധിക്കു പിന്നിലും ജസ്റ്റിസ് ചന്ദ്രചൂഢായിരുന്നു. മുംബൈ സര്‍വ്വകലാശാല, ഒക്‌ലഹോമ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോ എന്നിവിടങ്ങളില്‍ വിസിറ്റിങ് ഫെല്ലോ.

ജസ്റ്റിസ് അശോക് ഭൂഷന്‍

ജസ്റ്റിസ് അശോക് ഭൂഷന്‍ 1979 ല്‍ അലഹബാദ് ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ആരംഭിച്ചു. 2001 ഏപ്രിലില്‍ അവിടെ ജഡ്ജിയായി നിയമിതനായി. 2014 ജൂലൈ മുതല്‍ കേരള ഹൈക്കോടതിയില്‍. തുടര്‍ന്ന് അവിടെത്തന്നെ ആക്റ്റിങ് ചീഫ് ജസ്റ്റിസ്. 2015 മാര്‍ച്ച് മുതല്‍ ചീഫ് ജസ്റ്റിസ്. 2016 മെയ് 13 മുതല്‍ സുപ്രിം കോടതിയില്‍.

ജസ്റ്റിസ് അബ്ദുല്‍ നസീര്‍

1983 മുതല്‍ കര്‍ണാടക ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ആരംഭിച്ചു. 2003 ഫെബ്രുവരി മുതല്‍ അവിടെത്തന്നെ അഡി. ജഡ്ജ്. താമസിയാതെ സ്ഥിരം ജഡ്ജിയായി. 2017 ഫെബ്രുവരി 17 ന് സുപ്രിം കോടതിയില്‍ നിയമിതനായി. മുത്ത്വലാഖ് കേസില്‍ ജസ്റ്റിസ് ജെ എസ് ഖെഹാറിനൊടൊപ്പം ന്യൂനപക്ഷ വിധി എഴുതി. മുത്ത്വലാഖ് ലിംഗനീതി ഉറപ്പുവരുത്തുന്നില്ലെങ്കിലും ഭരണഘടനാവിരുദ്ധമല്ലെന്നായിരുന്നു ഇരുവരും അഭിപ്രായപ്പെട്ടത്.

Next Story

RELATED STORIES

Share it