Latest News

കഴിഞ്ഞ 90 വര്‍ഷത്തിനിടയില്‍ ജപ്പാനില്‍ കൊലചെയ്യപ്പെട്ടത് 3 പ്രധാനമന്ത്രിമാര്‍

കഴിഞ്ഞ 90 വര്‍ഷത്തിനിടയില്‍ ജപ്പാനില്‍ കൊലചെയ്യപ്പെട്ടത് 3 പ്രധാനമന്ത്രിമാര്‍
X

ജൂലൈ 8 ജപ്പാനെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തദിനമാണ്. മുന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയെ ഒരു പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടയില്‍ 41 കാരനായ അക്രമി വെടിവച്ചുകൊന്നു. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായിരുന്ന അദ്ദേഹം നറ നഗരത്തിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോള്‍ പുറകില്‍നിന്നെത്തിയ കൊലപാതകി വെടിവച്ചിടുകയായിരുന്നു. വെടിയുണ്ട അദ്ദേഹത്തിന്റെ ഹൃദയം തുളച്ചുകയറിയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

ഷിന്‍സൊ ആബെ കൊല്ലപ്പെട്ടത് പ്രധാനമന്ത്രി പദത്തില്‍നിന്ന് പുറത്തുവന്നശേഷമാണ്. പൊതുവെ ഇത്തരം കൊലപാതകങ്ങള്‍ വളരെ കുറവ് മാത്രം നടക്കുന്ന രാജ്യമാണ് ജപ്പാന്‍. എന്നാല്‍ ജപ്പാന്റെ 90 വര്‍ഷത്തെ ചരിത്രത്തില്‍ മൂന്ന് പ്രധാനമന്ത്രിമാര്‍ അധികാരത്തിലിരിക്കുമ്പോള്‍ത്തന്നെ കൊല്ലപ്പെട്ടിട്ടുണ്ട്.

പാര്‍ലമെന്ററി സംവിധാനം ഇന്നത്തെ നിലയിലെത്തിയിട്ടില്ലെങ്കിലും കാബിനറ്റ് സംവിധാനത്തിന് തുടക്കം കുറിച്ചശേഷം സാധാരണക്കാരില്‍നിന്ന് ഉയര്‍ന്നുവന്ന ആദ്യ പ്രധാനമന്ത്രിയാണ് തകാഷി ഹാര. ടോക്യോ സ്‌റ്റേഷനില്‍വച്ച് ഒരു റെയില്‍വേ തൊഴിലാളി അദ്ദേഹത്തെ കുത്തിക്കൊന്നു.

യോദ്ധാക്കളുടെ വംശമായ സമുറായി കുടുംബത്തില്‍നിന്ന് വളര്‍ന്നുവന്ന നേതാവായിരുന്നു തകാഷി ഹാര. കുലീന വിഭാഗത്തിനു പുറത്തുനിന്ന് ആദ്യമായി പ്രധാനമന്ത്രി സ്ഥാനത്തെത്തിയ ആള്‍. 1900ത്തില്‍ അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചു. 1918ല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

എങ്കിലും ജപ്പാനില്‍ അദ്ദേഹത്തിന് വലിയ പിന്തുണയുണ്ടായിരുന്നില്ല. പ്രത്യേകിച്ച് ലിബറല്‍, സോഷ്യലിസ്റ്റ് വിഭാഗങ്ങളില്‍നിന്ന് വലിയ എതിര്‍പ്പ് നേരിടേണ്ടിവന്നു. പ്രായപൂര്‍ത്തിവോട്ടവകാശം അനുവദിക്കുന്നതില്‍ തകാഷിക്ക് താല്‍പ്പര്യക്കുറവുണ്ടായിരുന്നതായി പലരും കരുതി. അങ്ങനെ സംഭവിച്ചാല്‍ താന്‍ അധികാരത്തില്‍നിന്ന് പുറത്താവുമെന്നായിരുന്നു ഭീതി.

ടോക്യോ സ്‌റ്റേഷനിലെത്തിയ സമയത്ത് കൊനിച്ചി തകാവോക്കയാണ് അദ്ദേഹത്തെ കുത്തിവീഴ്ത്തിയത്. 1921 നവംബര്‍ നാലിനായിരുന്നു അത്. ഹാരയുടെ നയങ്ങളോടുളള എതിര്‍പ്പായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. പ്രധാനമന്ത്രിയുടെ കൊലപാതകം രാജ്യത്ത് വലിയ ഭീതി അഴിച്ചുവിട്ടതായി ചരിത്രം പറയുന്നു.

ഒസാച്ചി ഹമാഗുച്ചിയാണ് സമാനമായി കൊല്ലപ്പെട്ട അടുത്ത നേതാവ്. 1929ജൂലൈയിലാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. ടോക്യോ സ്‌റ്റേഷനില്‍വച്ച് 1930 നവംബര്‍ 14ന് അദ്ദേഹത്തിനുനേരെ അക്രമി വെടിവച്ചു. മറ്റുള്ളവരെപ്പോലെ വെടിയേറ്റ ഉടന്‍ അദ്ദേഹം മരിച്ചില്ല. 9 മാസത്തിനുശേഷം വെടിയേറ്റുണ്ടായ ഉണങ്ങാത്ത ഒരു മുറിവില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്ന് മരിച്ചു.

1932 മെയ് 15നാണ് മൂന്നാമത്തെ കൊലപാതകം നടക്കുന്നത്. ഒരു പറ്റം സൈനികര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇടിച്ചുകയറി പ്രധാനമന്ത്രി സുയോഷി ഇനുകായെ വകവരുത്തുകയായിരുന്നു. അതൊരു പട്ടാളഅട്ടിമറിയുടെ ഭാഗവുമായിരുന്നു.

നിങ്ങളുമായി സംസാരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കത് മനസ്സിലാക്കിത്തരാന്‍ കഴിയും എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍. സംഭാഷണങ്ങള്‍ വൃര്‍ത്ഥമെന്ന് പട്ടാള അട്ടിമറിക്ക് ശ്രമിച്ച സൈനികരിലൊരാള്‍ മറുപടി കൊടുത്തു.

ഏതാനും ജൂനിയര്‍ സൈനിക ഓഫിസര്‍മാരായിരുന്നു പട്ടാള അട്ടിമറിക്ക് നേതൃത്വം നല്‍കിയത്. പ്രധാനമന്ത്രിക്ക് വേണ്ടത്രെ ദേശസ്‌നേഹമില്ലെന്നായിരുന്നു സൈനികരുടെ ആരോപണം. മാത്രമല്ല, ചൈനയിലെ ഒരു പ്രദേശം സൈന്യം പിടിച്ചെടുത്തപ്പോള്‍ അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തിരുന്നില്ല.

Next Story

RELATED STORIES

Share it