Latest News

ഒഡീഷയില്‍ 143 പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; ആകെ രോഗികള്‍ 2,388

ഒഡീഷയില്‍ 143 പേര്‍ക്കു കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; ആകെ രോഗികള്‍ 2,388
X

ഭുവനേശ്വര്‍: ഒഡീഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 143 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 2,388 ആയതായി ആരോഗ്യവകുപ്പിന്റെ പുതിയ അറിയിപ്പില്‍ പറയുന്നു.

ഇന്ന് 80 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗമുക്തരായവരുടെ എണ്ണം 1,325ആയി. കൊവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് 7 പേര്‍ മരിച്ചിട്ടുണ്ട്.

നിലവില്‍ 1,052 പേര്‍ക്കാണ് രോഗബാധയുള്ളത്. 132 പേര്‍ ക്വാറന്റീനില്‍ തുടരുന്നു.

പൊതുവില്‍ രോഗവ്യാപനം കുറഞ്ഞ ഒഡീഷയില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികള്‍ കൂട്ടമായി മടങ്ങിയെത്തിയതോടെയാണ് രോഗികളുടെ എണ്ണം വര്‍ധിച്ചത്. ഇതുവരെ 4.26 ലക്ഷം പേരാണ് ഒഡീഷയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമായി മടങ്ങിയെത്തിയത്.

11 ജില്ലകള്‍ ഞായറാഴ്ചകളില്‍ പൂര്‍ണമായി അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചു. ഈ ജില്ലകളില്‍ വരും ദിവസങ്ങളില്‍ രോഗവ്യാപനം വര്‍ധിക്കാനിടയുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്. മണ്‍സൂണ്‍ തുടങ്ങുന്നതോടെ പനി പോലുള്ള പകര്‍ച്ചവ്യാധികളും വര്‍ധിക്കാന്‍ ഇടയുണ്ട്.

21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിച്ചശേഷം രോഗവ്യാപനതുടര്‍ച്ച ഒഴിവാക്കാനാണ് രാത്രി കര്‍ഫ്യൂവും വാരാന്ത്യത്തിലെ അടച്ചിടലുമെന്ന് ആരോഗ്യ സെക്രട്ടറി ടി വി കാര്‍ത്തികേയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രാത്രി 7 മണി മുതല്‍ പുലര്‍ച്ചെ 5 വരെയാണ് രാത്രി കര്‍ഫ്യു.

പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് ഒഡീഷയില്‍ രോഗവ്യാപനം കുറവാണെന്നും രോഗികളുടെ എണ്ണം 100ല്‍ നിന്ന് 200 ആവാന്‍ 37 ദിവസം എടുത്തെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റുകളുടെ കാര്യത്തില്‍ ഒഡീഷ കര്‍ണാടകയ്ക്കും ആന്ധ്രയ്ക്കും തൊട്ടുപിന്നിലാണ്.

ഏപ്രില്‍ 29ന് ആദ്യ ബാച്ച് കുടിയേറ്റത്തൊഴിലാളികള്‍ സംസ്ഥാനത്തെത്തുമ്പോള്‍ 125 കൊവിഡ് കേസുകള്‍ മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഒരു മാസത്തിനുള്ളില്‍ കേസുകളുടെ എണ്ണം 1,948 ആയി മാറി. കുടിയേറ്റക്കാര്‍ വന്‍ തോതില്‍ തിരികെയെത്തിയ ഗന്‍ജം(404 രോഗികള്‍), ജജ്പൂര്‍(259), ബലസോര്‍(146), ഖുര്‍ദ(131), ഭദ്രക്(113) തുടങ്ങിയ ജില്ലകളിലാണ് കൂടുതല്‍ രോഗവ്യാപനം നടന്നത്.

കുടിയേറ്റക്കാര്‍ വരുന്നതോടെ രോഗവ്യാപനം വര്‍ധിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്ര വലിയ തോതില്‍ രോഗവ്യാപനം നടക്കുമെന്ന് സര്‍ക്കാര്‍ കരുതിയിരുന്നില്ല.

സംസ്ഥാനത്ത് നിലവില്‍ 26 കൊവിഡ് ആശുപത്രികളും 4,470 കിടക്കകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. ഒപ്പം 926 കിടക്കകളുള്ള 7 കൊവിഡ് ആശുപത്രികള്‍ കൂടെ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. 15,867 മെഡിക്കല്‍ സെന്ററുകള്‍ക്ക് പുറമെയാണ് ഇത്. 6798 പഞ്ചായത്ത് സെന്ററുകളിലായി 7 ലക്ഷം പേരെ താമസിപ്പിക്കാവുന്ന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പുറത്തുനിന്നു വരുന്നവരെ താമസിപ്പിക്കുന്നത് പഞ്ചായത്ത് തലത്തില്‍ ഒരുക്കിയിട്ടുള്ള ക്വാറന്റീന്‍ സെന്ററുകളിലാണ്. ഇവിടെ സര്‍ക്കാര്‍ തന്നെയാണ് ഭക്ഷണവും താമസസൗകര്യവും നല്‍കുന്നത്.

Next Story

RELATED STORIES

Share it