Latest News

ദേശീയ പാതയില്‍ മലപ്പുറത്ത് 116 ക്യാമറകള്‍

ദേശീയ പാതയില്‍ മലപ്പുറത്ത് 116 ക്യാമറകള്‍
X

പൊന്നാനി: ദേശീയപാത 66ല്‍ മലപ്പുറം ജില്ലയിലെ രണ്ടു റീച്ചുകളില്‍ 116 ക്യാമറകള്‍ സ്ഥാപിച്ചെന്ന് അധികൃതര്‍. വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയും ഇടിമുഴിക്കല്‍ മുതല്‍ വളാഞ്ചേരി വരെയും 58 വീതം ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. 360 ഡിഗ്രിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുന്ന 60 ക്യാമറകളും അവയില്‍ ഉള്‍പ്പെടുന്നു. ഒരോ ഒരുകിലോമീറ്ററിലും ക്യാമറകളുണ്ട്. ജങ്ഷനുകളിലും എന്‍ട്രി, എക്‌സിറ്റ് പോയിന്റുകളിലും പ്രത്യേക ക്യാമറകളുമുണ്ട്. ക്യാമറകളിലെ ദൃശ്യങ്ങള്‍ വെട്ടിച്ചിറയിലെയും കുറ്റിപ്പുറത്തെയും കണ്‍ട്രോള്‍റൂമുകള്‍ 24 മണിക്കൂറും നിരീക്ഷിക്കും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദൃശ്യങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിന് കൈമാറും.

ടോള്‍പിരിവ് ആരംഭിക്കുന്നതോടെ ക്യാമറക്കണ്ണില്‍പ്പെടുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങും. അടുത്തമാസം അവസാനത്തോടെ വട്ടപ്പാറയില്‍ ടോള്‍പിരിവ് ആരംഭിക്കുമെന്നാണ് സൂചന. അമിതവേഗത്തിന് പുറമെ മൂന്നുമിനിറ്റില്‍ കൂടുതല്‍ വാഹനം പാതയില്‍ എവിടെയെങ്കിലും നിര്‍ത്തിയിട്ടാലും പിഴ ഈടാക്കാം. ട്രാക്ക് തെറ്റി ഓടിക്കല്‍, സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തത് തുടങ്ങിയവയെല്ലാം പിഴയ്ക്ക് കാരണമാവും. അനുമതിയില്ലാത്ത വാഹനങ്ങള്‍ പാതയിലേക്കു കടന്നാലും ദ്യശ്യങ്ങള്‍ ക്യാമറയില്‍ പതിയും.

വാഹനങ്ങളുടെ വേഗത പ്രദര്‍ശിപ്പിക്കുന്ന ഡിജിറ്റല്‍ ബോര്‍ഡുകള്‍ ഓരോ അഞ്ചു കിലോമീറ്ററിലുമുണ്ടാകും. ആറുവരി പാതയുടെ ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ അനുമതിയില്ല. നിലവില്‍ പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, എന്‍ട്രി, എക്സിറ്റ് പോയിന്റുകളില്‍ പരമാവധി വേഗം 50 കിലോമീറ്ററാണ്. കാല്‍നടക്കാര്‍ക്ക് ആറുവരിപ്പാതയിലേക്കു പ്രവേശനമില്ല. അതുപോലെ ഇരുചക്രവാഹനങ്ങള്‍, ഓട്ടോറിക്ഷ, ട്രാക്ടര്‍ എന്നിവയ്ക്കും പുതുപാതയിലൂടെ സഞ്ചരിക്കാനാകില്ല. എന്നാല്‍, സര്‍വീസ് റോഡുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഇത്തരം വാഹനങ്ങളും കാല്‍നടക്കാരും ആറുവരിപ്പാത ഉപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, റോഡ് മുറിച്ചുകടക്കരുതെന്നാണ് നിബന്ധന.

Next Story

RELATED STORIES

Share it