Latest News

''താങ്കളുടെ ഇടപെടലിന് ജീവന്റെ വിലയുണ്ട്''; മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ചികില്‍സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

താങ്കളുടെ ഇടപെടലിന് ജീവന്റെ വിലയുണ്ട്; മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ചികില്‍സ ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
X

കോഴിക്കോട്: പത്രപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്റെ ചികില്‍സാ സംവിധാനത്തെപ്പറ്റി യുപി സര്‍ക്കാരിനോട് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി നിറവേറ്റണമെന്നാവശ്യപ്പെട്ട് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്.

സിദ്ദിഖ് കാപ്പന്‍ എന്ന വ്യക്തി ഈ രാജ്യത്തെ കൊടും കുറ്റവാളിയോ യുഎപിഎ പരിധിയില്‍ വരുന്ന ആളോ അല്ല. മറിച്ച് നല്ല സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന അംഗീകൃത പത്രപ്രവര്‍ത്തകനാണ്. കുപ്രസിദ്ധമായ 'യു.പി. വാര്‍ത്താപരിസരത്ത് ' സത്യം അന്വേഷിച്ചു പോയി എന്ന 'കുറ്റകൃത്യം' മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളു എന്ന് മലയാളികളായ നമുക്കേവര്‍ക്കും അറിയാം. നമുക്ക് മാത്രമല്ല ദേശീയ അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ക്കെല്ലാം അറിയാം. അവരൊക്കെ സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തില്‍ ഒരു ചീത്ത ഭരണകൂടം നടത്തിയ തികഞ്ഞ ഹിംസയ്‌ക്കെതിരെ പ്രതിഷേധ മനസ്സുള്ളവരുമാണ്. അതീവ ഗുരുതരനിലയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് ചികിത്സ നിഷേധിക്കപ്പെട്ട നിലയില്‍ ഒരു മലയാളി ഇതര സംസ്ഥാനത്തില്‍ നിന്ന് അനുഭവിക്കേണ്ടി വരുന്ന പരസ്യമായ നീതികേടിനെതിരെ ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ ഇടപെടേണ്ടതുണ്ടെന്നും അതിന് ജീവന്റെ വിലയാണെന്നും എഫ്ബിയില്‍ എഴുതിയ കുറിപ്പില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

മഥുര ജയിലില്‍ കഴിയുന്ന കാപ്പനെ ഏതാനും ദിവസമായി കൊവിഡ് ബാധിച്ച് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവിടെ അദ്ദേഹത്തെ ചങ്ങലക്കിട്ടിരിക്കുകയാണെന്നാണ് പുറത്തുവന്ന റിപോര്‍ട്ട്.

2020 ഒക്ടോബര്‍ അഞ്ചിനാണ് ഡല്‍ഹിയില്‍ നിന്ന് വാര്‍ത്താശേഖരണാര്‍ത്ഥം യുപിയിലെ ഹാഥ്‌റസിലേക്കു പോവുന്നതിനിടെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായ സിദ്ദിഖ് കാപ്പനെ വഴിമധ്യേ പോലിസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് സിദ്ദിഖ്. തേജസ്, തല്‍സമയം, അഴിമുഖം ഓണ്‍ലൈന്‍ എന്നിവയ്ക്കു വേണ്ടി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അഴിമുഖത്തിന്റെ ലേഖകനായിരിക്കെയാണ് ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ അറസ്റ്റിലായത്. ആദ്യം ചെറിയ കേസുകള്‍ ചാര്‍ജ് ചെയ്ത പോലിസ് പിന്നീട് യുഎപിഎ പോലുള്ള കടുത്ത വകുപ്പുകള്‍ ചുമത്തി. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന മറ്റ് മൂന്നുപേരെയും പോലിസ് സമാനമായ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്,

പത്രപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്റെ ചികിത്സാ സംവിധാനത്തെപ്പറ്റി യു.പി. സര്‍ക്കാരിനോട് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം താമസംവിനാ നിര്‍വ്വഹിക്കണമെന്ന് ഒരു പൗരനെന്ന നിലയില്‍ താങ്കളോട് അപേക്ഷിക്കുവാനാണ് ഈ കത്ത് '

സിദ്ദിഖ് കാപ്പന്‍ എന്ന വ്യക്തി ഈ രാജ്യത്തെ കൊടും കുറ്റവാളിയോ യു.എ.പിഎ.പരിധിയില്‍ വരുന്ന ആളോ അല്ല. മറിച്ച് നല്ല സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന അംഗീകൃത പത്രപ്രവര്‍ത്തകനാണ്. കുപ്രസിദ്ധമായ 'യു.പി. വാര്‍ത്താ പരിസരത്ത് ' സത്യം അന്വേഷിച്ചു പോയി എന്ന 'കുറ്റകൃത്യം' മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളു എന്ന് മലയാളികളായ നമുക്കേവര്‍ക്കും അറിയാം. നമുക്ക് മാത്രമല്ല ദേശീയ അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ക്കെല്ലാം അറിയാം.അവരൊക്കെ സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനത്തില്‍ ഒരു ചീത്ത ഭരണകൂടം നടത്തിയ തികഞ്ഞ ഹിംസയ്‌ക്കെതിരെ പ്രതിഷേധ മനസ്സുള്ളവരുമാണ്.

ഒരു മാധ്യമ പ്രവര്‍ത്തകന്റെ പ്രിവിലേജിനപ്പുറത്ത്, ഒരു സാധാരണ മനുഷ്യന്‍, അതീവ ഗുരുതരനിലയില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ ചികിത്സ നിഷേധിക്കപ്പെട്ട നിലയില്‍ അതെ, ഒരു മലയാളി ഇതര സംസ്ഥാനത്തില്‍ നിന്ന് അനുഭവിക്കേണ്ടി വരുന്ന പരസ്യമായ നീതികേടിനെതിരെ ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ ആദരണീയനായ താങ്കള്‍ ഇടപെടേണ്ടതുണ്ട്. കാപ്പനെ സംബന്ധിച്ചിടത്തോളം, താങ്കളുടെ ഇടപെടലിന് ജീവന്റെ വിലയാണെന്നത് ഇവിടെ പ്രത്യേകം അടിവരയിടേണ്ടതാണ്.

എത്രയും പെട്ടെന്ന് താങ്കള്‍ കാപ്പന്റെ ജീവന്‍ നിലനിര്‍ത്താനാവശ്യമായ വിധം കാരുണ്യപൂര്‍വ്വം ഇടപെടണമെന്ന് ഒരിക്കല്‍ക്കൂടി അപേക്ഷിക്കുന്നു.

വിനയപൂര്‍വ്വം

കേരളത്തിലെ ഒരെഴുത്തുകാരന്‍

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്



Next Story

RELATED STORIES

Share it