Latest News

പ്രതിഷേധങ്ങള്‍ക്കിടയില്‍ ദേശീയ പൗരത്വ ഭേദഗതി ബില്ല് പാസ്സാക്കാന്‍ നീക്കം

16 ാം ലോക്‌സഭയില്‍ 2016 ജൂലൈ 19 ന് പൗരത്വ ഭേദഗതി ബില്ല് പാസ്സായെങ്കിലും ശക്തമായ എതിര്‍പ്പുയര്‍ന്നതിനാല്‍ രാജ്യസഭയിലേക്കയക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് 30 അംഗ ലോക്‌സഭ സെലക്റ്റ് കമ്മറ്റിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

പ്രതിഷേധങ്ങള്‍ക്കിടയില്‍ ദേശീയ പൗരത്വ ഭേദഗതി ബില്ല് പാസ്സാക്കാന്‍  നീക്കം
X

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ എതിര്‍പ്പുയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ ലാപ്‌സായി പോയ പൗരത്വ ഭേദഗതി ബില്ല് പാസ്സാക്കിയെടുക്കാന്‍ ബിജെപി നീക്കം. 2014 മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഹിന്ദു, ജെയ്ന്‍, സിക്ക്, പാര്‍സി, ക്രിസ്ത്യന്‍, ബുദ്ധമത ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം ഉറപ്പുനല്‍കുന്നതാണ് നിര്‍ദിഷ്ട ബില്ല്. നവംബര്‍ 18 ന് തുടങ്ങുന്ന ലോക്‌സഭ സമ്മേളനകാലത്തു തന്നെ ബില്ല് അവതരിപ്പിക്കാനാണ് നീക്കം.

16 ാം ലോക്‌സഭയില്‍ 2016 ജൂലൈ 19 ന് പൗരത്വ ഭേദഗതി ബില്ല് പാസ്സായെങ്കിലും പ്രതിപക്ഷം എതിര്‍ നിലപാടെടുത്തതിന്റെ ഭാഗമായി രാജ്യസഭയിലേക്കയക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് 30 അംഗ ലോക്‌സഭ സെലക്റ്റ് കമ്മറ്റിയുടെ പരിഗണനയ്ക്കയക്കുകയായിരുന്നു. 2 വര്‍ഷം കൊണ്ട് ജോദ്പൂര്‍, അഹമ്മദ്ബാദ്, രാജ്‌കോട്ട്, ഗോഹട്ടി, സില്‍ച്ചര്‍, ഷില്ലോങ് എന്നിവിടങ്ങൡലായി നടന്ന പതിനാല് സിറ്റിങിനു ശേഷം കഴിഞ്ഞ ജനുവരി 4 നാണ് സെലക്റ്റ് കമ്മറ്റി റിപോര്‍ട്ട് സമര്‍പ്പിച്ചത്. സെലക്റ്റ് കമ്മറ്റിയിലെ 9 അംഗങ്ങള്‍ തങ്ങളുടെ വിയോജനക്കുറിപ്പും രേഖപ്പെടുത്തി. ത്രിണമൂല്‍, സമാജ് വാദി പാര്‍ട്ടി, ബിജു ജനതാദള്‍, സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങള്‍ ശക്തമായ എതിര്‍പ്പാണ് ഉയര്‍ത്തിയത്.

മതപരമായി കുടിയേറ്റക്കാരെ തരംതരിച്ചുകൊണ്ടുളള ബില്ല് ഏത് രൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചാലും എതിര്‍ക്കാനാണ് കോണ്‍ഗ്രസ്സിന്റെ തീരുമാനം. മറ്റു പ്രതിപക്ഷ പാര്‍ട്ടികളും അതേ നിലപാടിലാണ്. അധിര്‍ രഞ്ജന്‍ ചൗധരി, പ്രദീപ് ബട്ടാചാര്യ, ഭുബനേശ്വര്‍ കലിത തുടങ്ങിയ സെലക്റ്റ് കമ്മറ്റിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ കുടിയേറ്റക്കാരെ മതത്തിനനുസരിച്ച് തരംതിരിക്കുന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണെന്ന് അഭിപ്രായപ്പെട്ടു. ഇതില്‍ ഭുബനേശ്വര്‍ കലിത പിന്നീട് ബിജെപിയില്‍ ചേര്‍ന്നു. അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നിട്ടില്ലാത്തതിനാല്‍ അഫ്ഗാനിസ്ഥാനെ ലിസ്റ്റില്‍ പെടുത്തരുതെന്നാണ് കോണ്‍ഗ്രസ്സിന്റെ സുസ്മിത ദേവിന്റെ വാദം.

പൗരത്വ റജിസ്റ്ററില്‍ നിന്ന് പുറത്തായ 40 ലക്ഷത്തില്‍ 29 ലക്ഷവും ബംഗാളി ഹിന്ദുക്കളാണെന്ന് ചൂണ്ടിക്കാട്ടി സെലക്റ്റ് കമ്മറ്റിയിലെ ബിജു ജനതാദള്‍ അംഗം ബി മെഹ്ത്താബ് അയല്‍രാജ്യങ്ങളിലെ മതവിഭാഗങ്ങളിളെ ഒഴിവാക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. മുസ്‌ലിം ജനതയ്ക്ക് തുല്യപൗരത്വം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ അന്തസ്സത്തക്ക് എതിരാണ് ബില്ലെന്ന് സിപിഎമ്മിലെ മുഹമ്മദ് സലിമും വാദിച്ചു.

ബിജെപിയുടെ 2014 തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പൗരത്വഭേദഗതി ബില്ല്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുന്നതിനാല്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നാണ് ബിജെപിയുടെ വാദം. ബില്ല് അവതരിപ്പിക്കുന്നതിലൂടെ ഹിന്ദു അനുയായികളുടെ പിന്തുണ വര്‍ധിപ്പിക്കാനാവുമെന്നാണ് കേന്ദ്ര സര്‍ക്കാരന്റെ കണക്കുകൂട്ടല്‍.

ബില്ല് അവതരിപ്പിച്ചതിനെ തുടര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.


Next Story

RELATED STORIES

Share it