Latest News

കൊവിഡ് 19: എറണാകുളത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന 10,806 പേരെ ഒഴിവാക്കി

ഇതോടെ ജില്ലയില്‍ ആശുപത്രികളിലും വീടുകളിലും ആയി നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 1183 ആയി.

കൊവിഡ് 19: എറണാകുളത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന 10,806 പേരെ ഒഴിവാക്കി
X

കൊച്ചി: കൊവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 10,806 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ജില്ലയില്‍ ആശുപത്രികളിലും വീടുകളിലും ആയി നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 1183 ആയി. പുതുക്കിയ നിര്‍ദേശ പ്രകാരം മാര്‍ച്ച് 5 നു ശേഷം വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തിയവരില്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ പെട്ടവര്‍ മാത്രം 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി എന്നതിനാലാണ് വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 10,806 പേരെ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഒഴിവാക്കിയത്. ഇതോടെ വീടുകളില്‍ നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 1142 ആയി.

മാര്‍ച്ച് 5 മുതല്‍ ലോക്ക് ഡൗണ്‍ കാലയളവ് വരെ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്നവരും അവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവരും 14 ദിവസമാണ് നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയേണ്ടത് എന്നാണ് പുതിയ നിര്‍ദേശം. എന്നാല്‍, ഈ കാലയളവില്‍ വന്ന, ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ 28 ദിവസം നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയേണ്ടതുണ്ട്.

രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ പരിശോധനാഫലം പോസിറ്റീവ് ആകുന്ന പക്ഷം അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ 14 ദിവസം കൂടി നിരീക്ഷണത്തില്‍ തുടരണം. കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റിവായ ശേഷവും 14 ദിവസം നിര്‍ബന്ധിത നിരീക്ഷണത്തില്‍ തുടരണം. ഇന്ന് പുതിയതായി 106 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്. അതേസമയം ഇന്ന് 9 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 2 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും 4 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും 3 പേര്‍ സ്വകാര്യ ആശുപത്രിയിലുമാണ്.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്ന് ഒരാളെയും ആലുവ ജില്ലാ ആശുപത്രിയില്‍ നിന്ന് 2 പേരെയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രികളില്‍ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 41 ആയി. ഇതില്‍ 25 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലും ഒരാള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും 4 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും 9 പേര്‍ സ്വകാര്യ ആശുപത്രിയിലും 2 പേര്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്.

34 പേരുടെ സാംപിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇന്ന് 62 പേരുടെ പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയില്‍ പുതിയ പോസിറ്റീവ് കേസുകളില്ല. ഇനി 65 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കുവാനുണ്ട്. ജില്ലയിലെ 2 കൊവിഡ് കെയര്‍ സെന്ററുകളിലായി 25 പേര്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് രോഗികള്‍ക്ക് അടിയന്തിര ഘട്ടത്തില്‍ വെന്റിലേറ്റര്‍, ഐ.സി.യു സംവിധാനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച പ്രായോഗിക പരിശീലനം എറണാകുളം ജനറല്‍ ആശൂപത്രിയില്‍ വെച്ച് ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, അനസ്‌തേഷ്യാ വിഭാഗം ഡോക്ടര്‍മാര്‍ക്ക് നല്‍കി. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ വിദഗ്ദര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. 3 ദിവസങ്ങളിലായി 60 ഡോക്ടര്‍മാര്‍ക്ക് പരിശീലനം പൂര്‍ത്തീകരിച്ചു. ഇത്തരം പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യ ജില്ലയാണ് എറണാകുളം. സ്വകാര്യ ആശുപത്രികളും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്നു. വിവിധ സ്വകാര്യ ആശുപത്രികളില്‍ ഇന്ന് ഒ പി യിലെത്തിയ 5 പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it