Latest News

ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളം മാറുന്നു: മന്ത്രി കെ രാജൻ

ഉന്നതവിദ്യാഭ്യാസ ഹബ്ബായി കേരളം മാറുന്നു: മന്ത്രി കെ രാജൻ
X

തൃശൂർ: ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളം മാറുകയാണെന്നും തൊഴിലന്വേഷകര്‍ക്ക് അവസരങ്ങളുടെ പാത വെട്ടിത്തുറക്കാനായാണ് കേരള സര്‍ക്കാര്‍ നോളജ് എക്കണോമി മിഷന് തുടക്കമിട്ടതെന്നും റവന്യൂ മന്ത്രി കെ രാജൻ.

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബാല സൗഹൃദ കേരളം പദ്ധതിയുടെ നാലാംഘട്ടത്തിൽ ബാലസംരക്ഷണ സമിതികളുടെ ശക്തീകരണ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് കുട്ടികളുടെ അവകാശ സംരക്ഷണത്തിനും ഉന്നമനത്തിനുമായി നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ചെയ്ത് വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

വെല്ലുവിളികൾ നേരിടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുക, ലൈംഗിക അതിക്രമങ്ങളിൽ നിന്നും മറ്റു പീഡനങ്ങളിൽ നിന്ന് സംരക്ഷിക്കുക, ലഹരികളിൽനിന്ന് മോചിപ്പിക്കുക, ബാലവേല, ഭിക്ഷാടനം, ശൈശവവിവാഹം, ആത്മഹത്യകൾ എന്നിവ ഇല്ലാതാക്കുക, ലിംഗസമത്വം സൃഷ്ടിക്കുക, ശാസ്ത്രീയബോധം വളർത്തുക എന്നീ ലക്ഷ്യത്തോടെയാണ് ബാലസൗഹ്യദ കേരളം നാലാംഘട്ടത്തിന്റെ ഭാഗമായി ശില്പശാല സംഘടിപ്പിക്കുന്നത്.

ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി അധ്യക്ഷനായി. ജില്ലാ ശിശുസംരക്ഷണ ഓഫീസർ പി ജി മഞ്ജു പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി പി രവീന്ദ്രൻ, ശ്രീവിദ്യ രാജേഷ്, ഒല്ലൂക്കര ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എസ് ബാബു, ബിഡിഒ എം ബൈജു, അങ്കണവാടി ടീച്ചർമാർ, കുടുംബശ്രീ അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it