Latest News

വെള്ളക്കെട്ട്:കൊച്ചിക്കായി മാസ്റ്റര്‍ ഡ്രെയ്‌നേജ് പ്ലാന്‍ രൂപീകരിക്കും

നഗരത്തിലെ വികസനങ്ങളെ ഉള്‍കൊണ്ടുള്ള ശാസ്ത്രീയമായ ഡ്രെയ്‌നേജ് സംവിധാനത്തിലൂടെ മാത്രമേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുവെന്ന് യോഗം വിലയിരുത്തി

വെള്ളക്കെട്ട്:കൊച്ചിക്കായി മാസ്റ്റര്‍ ഡ്രെയ്‌നേജ് പ്ലാന്‍ രൂപീകരിക്കും
X

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാന്‍ മാസ്റ്റര്‍ ഡ്രെയ്‌നേജ് പ്ലാന്‍ തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ അവലോകന യോഗത്തില്‍ തീരുമാനമായി. നഗരത്തിലെ വികസനങ്ങളെ ഉള്‍കൊണ്ടുള്ള ശാസ്ത്രീയമായ ഡ്രെയ്‌നേജ് സംവിധാനത്തിലൂടെ മാത്രമേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുവെന്ന് യോഗം വിലയിരുത്തി. മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനുള്ള ഫണ്ട് ഏതു തരത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് പരിശോധിക്കും.ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ വിന്റെ ഭാഗമായി മുല്ലശേരി കനാല്‍ നവീകരണമാണ് നിലവില്‍ നടക്കുന്നത്.

കനാലിന്റെ കിഴക്ക് ഭാഗത്ത് വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ നീക്കം ചെയ്യാനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കനാലിന്റെ പടിഞ്ഞാറു ഭാഗം വൃത്തിയാക്കി ഒഴുക്ക് ക്രമീകരിക്കും. ഇതോടൊപ്പം തന്നെ വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കും.ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ നാലാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കമ്മട്ടിപാടത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാനുള്ള പദ്ധതിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി കഴിഞ്ഞു.എം. ജി റോഡിലെ കാനകളിലേക്ക് മാലിന്യം ഒഴുക്കിയ 19 പേര്‍ക്ക് കോര്‍പറേഷന്‍ നോട്ടീസ് നല്‍കി.

മാലിന്യം ഒഴുക്കുന്നത് വീണ്ടും കണ്ടെത്തുന്ന പക്ഷം കൂടുതല്‍ നിയമ നടപടികള്‍ സ്വീകരിക്കും. കാനകളില്‍ സെപ്റ്റിക് മാലിന്യം തള്ളുന്നവര്‍ക്കെതിരെ പോലീസിന്റെ നേതൃത്വത്തില്‍ പരിശോധന പുരോഗമിക്കുകയാണ്.യോഗത്തില്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ടി ജെ വിനോദ് എംഎല്‍എ, ഡെപ്യൂട്ടി കലക്ടര്‍ ഉഷ ബിന്ദു മോള്‍, ജലസേചന വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയര്‍ ബാജി ചന്ദ്രന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി സന്ധ്യ, കോര്‍പറേഷന്‍, സി.എസ്.എം.എല്‍, ജലസേചന വകുപ്പ്, വാട്ടര്‍ അതോറിറ്റി, റെയില്‍വേ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it