Latest News

അതിജീവനത്തിന്റെ കേരള മാതൃക ലോകമെമ്പാടും കൃത്യമായി പഠിക്കപ്പെടും: എ എ റഹീം എംപി

അതിജീവനത്തിന്റെ കേരള മാതൃക ലോകമെമ്പാടും കൃത്യമായി പഠിക്കപ്പെടും: എ എ റഹീം എംപി
X

കോഴിക്കോട്: അതിജീവനത്തിന്റെ കേരള മാതൃക ലോകമെമ്പാടും കൃത്യമായി പഠിക്കപ്പെടുകയും ഭാവിയില്‍ വിലയിരുത്തപ്പെടുകയും ചെയ്യുമെന്ന് എ എ റഹീം എംപി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് 'അതിജീവനത്തിന്റെ കേരള മാതൃകകള്‍' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം കടന്നുപോയ സമീപകാല ചരിത്രം ഒട്ടനവധി അപ്രതീക്ഷിത ദുരന്തങ്ങള്‍ക്ക് നടുവിലൂടെ ആയിരുന്നു. അതിനെ എങ്ങിനെയാണ് ഈ നാട് അതിജീവിച്ചതെന്ന കാര്യം ഭാവിതലമുറയ്ക്കായി സൂക്ഷിച്ച് വെക്കേണ്ടതാണ്. കേരളത്തില്‍ ഉണ്ടായ എല്ലാ ദുരന്തങ്ങളെയും നമുക്ക് നേരിടാന്‍ പാകത്തില്‍ ഒരു ഘടന ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത്തരം ഘട്ടങ്ങളില്‍ കേരളത്തിന്റെ സമീപനം മനുഷ്യഗന്ധമുള്ളതായിരുന്നു. അതില്‍ നിന്നാണ് കോവിഡിനെ നേരിടാന്‍ നാം തയ്യാറെടുത്തത്.

പൂര്‍വമാതൃകകള്‍ ഒന്നുമില്ലാത്ത ഒരുഘട്ടമായിരുന്നു കൊവിഡ്. എങ്ങിനെയാണ് ഇത്തരം ഒരു പ്രതിസന്ധിയെ നേരിടാനും വിജയം കാണാനും സര്‍ക്കാരിന് സാധിച്ചത് എന്ന കാര്യവും എടുത്ത് പറയേണ്ടതാണ്. ജനത്തെ ചേര്‍ത്തുനിര്‍ത്തിയാണ് കേരളം മുന്നോട്ടു പോയത്. പത്രസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുത്തെടുത്ത് പറഞ്ഞ 'നമ്മള്‍' എന്ന വാക്ക് കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കും അതീതമായി എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി.

മനുഷ്യഗന്ധമുള്ള രാഷ്ട്രീയമാണ് കേരളത്തിലെ ജനങ്ങളുടേത്. സംസ്ഥാനത്തെ ഭൂരിഭാ?ഗം യുവജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് കോവിഡ് കാലത്ത് വലിയ ഫണ്ട് സ്വരൂപിക്കാന്‍ സാധിച്ചു. ദുരന്തങ്ങളെ ഈ നാട് ജാതിമതഭേദമന്യേ നാമെല്ലാം ഒന്നാണ് എന്ന ആശയത്തിലൂന്നിയാണ് നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ നേരിടുന്നതില്‍ പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. ഇത്തരത്തില്‍ ഭരണവികേന്ദ്രീകരണവും അതിന്റെ ശക്തിപ്പെടുത്തലുമാണ് വേണ്ടതെന്നും എംപി പറഞ്ഞു.

ദുരന്തങ്ങളെ നേരിടാന്‍ ജനങ്ങളെ ശക്തരാക്കി മാറ്റണമെന്നും ജനകീയ ബ്രിഗേഡ് സംവിധാനം വിപുലപ്പെടുത്തണമെന്നും കേരള ഹൗസ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണുരാജാമണി പറഞ്ഞു. മറ്റു രാജ്യങ്ങളുടെ പ്രളയദുരന്ത പ്രതിരോധ മാര്‍ഗങ്ങള്‍ പഠിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. നല്ലകാര്യങ്ങള്‍ സ്വീകരിക്കുകയും അവയെല്ലാം നാടിന്റെ വികസനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് ഇത്.

ലോകത്തെ മറ്റു രാജ്യങ്ങളുമായി കൈകോര്‍ത്ത് പാഠങ്ങള്‍ പഠിക്കണം. ഇത് പ്രളയം പോലുള്ള വലിയ ദുരന്തങ്ങളെ നേരിടാന്‍ സഹായിക്കും. കേരളം പ്രളയത്തെയും ദുരന്തത്തെയും അതിജീവിച്ചത് പഠനാര്‍ഹമാണ്. ഏതു നിമിഷവും എവിടെയും ദുരന്തങ്ങള്‍ ഉണ്ടായേക്കാമെന്ന അവസ്ഥയിലേക്ക് കാലാവസ്ഥാ വ്യതിയാനം മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവാനന്ദന്‍ സെമിനാറിന്റെ മോഡറേറ്ററായി.

Next Story

RELATED STORIES

Share it