Latest News

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ധനസഹായ വിതരണം അന്തിമഘട്ടത്തിലേക്ക്; പരാതികളില്‍ ആറു മാസത്തിനകം നടപടി മന്ത്രി സജി ചെറിയാന്‍

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ധനസഹായ വിതരണം അന്തിമഘട്ടത്തിലേക്ക്; പരാതികളില്‍ ആറു മാസത്തിനകം നടപടി മന്ത്രി സജി ചെറിയാന്‍
X

കോഴിക്കോട്: സംസ്ഥാനത്തുടനീളമുള്ള മത്സ്യത്തൊഴിലാളികള്‍ക്കുള്ള ധനസഹായ വിതരണം അന്തിമഘട്ടത്തിലെത്തിയതായി ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാന്‍. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും വരക്കല്‍ ബീച്ചിനു സമീപമുള്ള സമുദ്ര കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2007 മുതല്‍ കെട്ടിക്കിടക്കുന്ന പരാതികള്‍ ഓരോന്നും പരിഹരിച്ചു വരികയാണ്. മത്സ്യത്തൊഴിലാളി മരിച്ച് 10-15 വര്‍ഷം കഴിഞ്ഞിട്ടും കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്ത നിരവധി കേസുകള്‍ ഉണ്ടായിരുന്നു. പതിറ്റാണ്ടുകളായി മത്സ്യത്തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായാണ് ഫിഷറീസ് വകുപ്പ് അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ അപേക്ഷയും ആറു മാസത്തിനുള്ളില്‍ തീര്‍പ്പാക്കും.

സംസ്ഥാനത്ത് ഉടനീളമുള്ള ഇത്തരം കേസുകള്‍ പരിഹരിക്കുന്നതിന് കഴിഞ്ഞ ഡിസംബറില്‍ തിരുവനന്തപുരത്ത് അദാലത്ത് നടത്തിയിരുന്നു. അദാലത്തില്‍ 145 അപകട മരണ ഇന്‍ഷൂറന്‍സ് കേസുകള്‍ പരിഗണിക്കുകയും 89 എണ്ണം തീര്‍പ്പാക്കുകയും ചെയ്തു. 8.5 കോടി രൂപയുടെ ആനുകൂല്യ വിതരണമാണ് അന്ന് നടത്തിയത്. മത്സ്യത്തൊഴിലാളികളുടെ തുടര്‍ ചികിത്സയുമായി ബന്ധപ്പെട്ട 203 അപേക്ഷകളും ആനുകൂല്യവിതരണവുമായി ബന്ധപ്പെട്ട 64 പരാതികളുമാണ് ഇപ്പോള്‍ വകുപ്പിനു മുന്നിലുള്ളത്. എറണാകുളം കേന്ദ്രീകരിച്ച് ഉടനെ നടത്തുന്ന അദാലത്തില്‍ എല്ലാ പരാതികളും പരിഗണിച്ച് സംസ്ഥാനത്തെ ധനസഹായ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും.

മത്സ്യത്തൊഴിലാളികള്‍ക്ക് മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് ആറു മാസത്തിനകം ധനസഹായം ലഭ്യമാക്കുന്ന രീതിയിലേക്ക് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റുമെന്ന് മന്ത്രി പറഞ്ഞു. നിര്‍ദ്ദിഷ്ട സമയപരിധിയില്‍ ധനസഹായം ലഭ്യമാക്കുന്നതിന് ഫിഷറീസ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. അല്ലാത്തവ കാരണ സഹിതം മന്ത്രിയ്ക്ക് നേരിട്ട് സമര്‍പ്പിയ്ക്കണം. മന്ത്രി പരിശോധിച്ച് നടപടിയെടുക്കും.

രജിസ്‌ട്രേഷന്‍, തിരിച്ചറിയല്‍, ഇന്‍ഷൂറന്‍സ് നിബന്ധനകള്‍ പാലിച്ചു മാത്രമേ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാവൂ. നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ലൈഫ് ഇന്‍ഷൂറന്‍സിന്റെ മുഴുവന്‍ തുകയും സര്‍ക്കാര്‍ അടയ്ക്കും. ഭവനരഹിതരായ മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും വീട് വെച്ചു നല്‍കുന്ന പുനര്‍ഗേഹം പദ്ധതി പുരോഗമിക്കുകയാണ്. ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിലും ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്‍കി സാമ്പത്തിക കെട്ടുറപ്പ് ഉറപ്പാക്കാന്‍ അടുത്ത പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി നടപടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്ട് നടന്ന വടക്കന്‍ മേഖല അദാലത്തില്‍ അപകട മരണമടഞ്ഞ 33 മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 3.25 കോടി രൂപയും അപകടം മൂലം അവശതയനുഭവിക്കുന്ന മൂന്ന് മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് 19 ലക്ഷം രൂപയും വിതരണം ചെയ്തു. അദാലത്തില്‍ എട്ട് അപേക്ഷകള്‍ പുതുതായി പരിഗണിച്ചു. മന്ത്രിയുടെ അധ്യക്ഷതയിലാണ് അദാലത്ത് നടത്തിയത്. ഇവയില്‍ നാലെണ്ണം തീര്‍പ്പാക്കി.

കഴിഞ്ഞ ദിവസം കോഴിക്കോട് ആഴക്കടലില്‍ അകപ്പെട്ട പോത്തിനെ അതിസാഹസികമായി രക്ഷിച്ച തെക്കേ കടപ്പുറം മത്സ്യഗ്രാമത്തിലെ എ.ടി.ഫിറോസ്, ടി.പി.പൂവദ്, എ.ടി.സക്കീര്‍, ദില്‍ഷാദ്, മുഹമ്മദ് റാഫി എന്നിവരെ

ചടങ്ങില്‍ തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ ചേര്‍ന്ന് മൊമെന്റോ നല്‍കി ആദരിച്ചു.

തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് മുഖ്യാതിഥിയായിരുന്നു. ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ആര്‍.ഗിരിജ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മത്സ്യബോര്‍ഡ് ചെയര്‍മാന്‍ സി.പി.കുഞ്ഞിരാമന്‍, കമ്മീഷണര്‍ ഒ.രേണുകാദേവി, മത്സ്യബോര്‍ഡ് അംഗം എ.കെ.ജബ്ബാര്‍, ഇന്‍ഷൂറന്‍സ് കമ്പനി പ്രതിനിധികള്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it