Latest News

യുഎഇയില്‍ മഴ മൂന്നാം ദിവസവും തുടരുന്നു എയര്‍ ഇന്ത്യ സര്‍വ്വീസ് റദ്ദാക്കി.

തുടര്‍ച്ചയായി മൂന്നാം ദിവസവും യുഎഇയില്‍ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് വിമാന സര്‍വ്വീസും ഗതാഗത സംവിധാനവും താളം തെറ്റി. ഇന്ന് വിവിധ വിദ്യാലയങ്ങള്‍ സ്വയം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ദുബയ്: തുടര്‍ച്ചയായി മൂന്നാം ദിവസവും യുഎഇയില്‍ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് വിമാന സര്‍വ്വീസും ഗതാഗത സംവിധാനവും താളം തെറ്റി. ഇന്ന് വിവിധ വിദ്യാലയങ്ങള്‍ സ്വയം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പല പരീക്ഷകളും മാറ്റി വെച്ചിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് പല വിമാനങ്ങളും സര്‍വ്വീസ് റദ്ദാക്കിയിരിക്കുകയാണ്. സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ സമയ ക്രമം തെറ്റിയാണ് പറക്കുന്നത്. മഴയെ തുടര്‍ന്ന് 19 വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടതായി ദുബയ് വിമാനത്താവള അധികൃതര്‍ അറിയിച്ചു. ഇന്നലെ ദുബയില്‍ നിന്നും മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വ്വീസ് റദ്ദാക്കിയിരിക്കുകയാണ്. ഇന്ന് മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നീ സെക്ടറിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഈ വിമാനത്തില്‍ പോകേണ്ടുന്ന യാത്രക്കാര്‍ക്ക് വേറൊരു ദിവസം യാത്ര ചെയ്യാനോ അല്ലെങ്കില്‍ മുഴുവന്‍ പണം തിരിച്ച് ലഭിക്കാനോ എയര്‍ ഇന്ത്യ ഓഫീസുമായി ബന്ധപ്പെടണം. മഴയെ തുടര്‍ന്ന് ദുബയില്‍ മാത്രം 1880 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അബുദബിയില്‍ മഴയെ തുടര്‍ന്ന് വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറില്‍ 80 കിമി ആക്കി അബുദബി പോലീസ് കുറച്ചിട്ടുണ്ട്. മരുഭൂമികളിലെ അരുവികളിലോ മലമ്പ്രദേശങ്ങളിലോ മഴ ആസ്വദിക്കാന്‍ ആരും പോകരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ട് കാരണം ഷാര്‍ജയിലേയും ദുബയിലേയും റോഡുകള്‍ പലതും അടച്ചിട്ടിരിക്കുകയാണ്. വില്ലകളില്‍ താമസിക്കുന്നവരാണ് ഏറ്റവും കുടുതല്‍ കഷ്ടപ്പെട്ടിരിക്കുന്നത്. പല വില്ലകളും വെള്ളത്തില്‍ പെട്ടിരിക്കുകയാണ്. പഴയ വില്ലകളാകട്ടെ ചോര്‍ന്ന് ഒലിക്കുകയാണ്. ഇത്തരത്തില്‍ പെട്ട വില്ലകളില്‍ താമസിക്കുന്ന പലരും സുഹൃത്തുക്കളുടെ വീട്ടിലേക്കും ഹോട്ടലിലേക്കും താല്‍ക്കാലികമായി മാറി താമസിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.

Next Story

RELATED STORIES

Share it