Latest News

ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടാക്രമണത്തില്‍ വീണ്ടും ഒരു മരണം; സംഭവത്തിന് മതവുമായി ബന്ധമില്ലെന്ന് പോലിസ്

ജാര്‍ഖണ്ഡില്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയിലുണ്ടാവുന്ന ഇരുപത്തിരണ്ടാമത്തെ ആള്‍ക്കൂട്ടക്കൊലയാണ് ഇത്.

ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടാക്രമണത്തില്‍ വീണ്ടും ഒരു മരണം; സംഭവത്തിന് മതവുമായി ബന്ധമില്ലെന്ന് പോലിസ്
X

ബൊക്കാറൊ: ജാര്‍ഖണ്ഡിലെ ബൊക്കാറൊയില്‍ ബാറ്ററി മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. 48 വയസ്സുള്ള മുബാറക്ക് അന്‍സാരിയെയാണ് ഗോവിന്ദ്പൂരില്‍ വച്ച് അക്രമാസക്തരായ ഏതാനും പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നത്. മുബാറക് അന്‍സാരിയുടെ സുഹൃത്ത് അക്തര്‍ അന്‍സാരിയും ആക്രമിക്കപ്പെട്ടു. കൊല്ലപ്പെട്ടവരുടെ മതവുമായി സംഭവത്തിന് ബന്ധമില്ലെന്ന് പോലിസ് അവകാശപ്പെട്ടു.

മുബാറക്കിനെ ചെരുപ്പം കല്ലും ഉപയോഗിച്ച് ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മുബാറക്കിനെക്കൊണ്ട് മുന്‍കാലങ്ങളില്‍ പ്രദേശത്ത് നടന്ന മോഷണങ്ങള്‍ സമ്മതിക്കാനുള്ള ശ്രമമായിരുന്നു നടന്നത്. ആക്രമണത്തില്‍ ഒരു ഭാഗത്തെ താടിയെല്ല് തകര്‍ന്നിട്ടുണ്ട്.

മോഷണവസ്തുവുമായി മടങ്ങുന്നതിനടിയിലാണ് ഇരുവരെയും ആള്‍ക്കൂട്ടം പിടികൂടിയതെന്ന് ബൊക്കാറൊ എസ് പി, പി മുരുകന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിടികൂടിയവര്‍ രണ്ടു പേരെയും മര്‍ദ്ദിച്ചു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മറ്റ് നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. പക്ഷേ, ആശുപത്രിയിലെത്തും മുമ്പ് മുബാറക്ക് കൊല്ലപ്പെട്ടു. കൊലയ്ക്ക് മതവുമായി ബന്ധമില്ലെന്നും എസ് പി അവകാശപ്പെട്ടു.

ജാര്‍ഖണ്ഡില്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയിലുണ്ടാവുന്ന ഇരുപത്തിരണ്ടാമത്തെ ആള്‍ക്കൂട്ടക്കൊലയാണ് ഇത്.

സംഭവത്തില്‍ ബൊക്കാറൊ തെര്‍മല്‍ പോലിസ് അഞ്ച് പേരെ അറസ്റ്റു ചെയ്തു. പ്രേംചന്ദ് മഹാത്തൊ, ഹേംലാല്‍ മഹാത്തൊ, നന്ദന്‍ മഹാത്തൊ, കുന്ദന്‍ മഹാത്തൊ, പ്രോംചന്ദിന്റെ ഭാര്യ തുടങ്ങിയവരാണ് അറസ്റ്റിലായത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏഴ് പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

കലാപം, നിയമവിരുദ്ധമായ സംഘംചേരല്‍, കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഒളിവില്‍ പോയവര്‍ക്കുവേണ്ടി പോലിസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി.

കൊല്ലപ്പെട്ട മുബാറക്ക് മോഷണക്കുറ്റത്തിന് ജയില്‍ ശക്ഷ അനുഭവിച്ചിട്ടുള്ള ആളാണെന്ന് എസ് പി അവകാശപ്പെട്ടു.

എഫ്‌ഐആറില്‍ അക്തര്‍ നല്‍കുന്ന മൊഴി അനുസരിച്ച് മുബാറക്ക് അന്‍സാരിയും അക്തറും ചേര്‍ന്ന് മോഷണത്തിനു ശേഷം രാത്രിയില്‍ വീട്ടിലേക്ക് പോകും വഴി പ്രതികള്‍ പിടികൂടുകയായിരുന്നു. വഴിയില്‍ വച്ച് അവരെ പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും വടിയും മഴുവും മറ്റും ഉപയോഗിച്ച് കെട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയ്തു. പുലര്‍ച്ചെ നാലരയ്ക്ക് സ്ഥലത്തെത്തിയവരാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. ആശുപത്രിയിലെത്തും മുമ്പ് മുബാറക്ക് അന്‍സാരി മരിച്ചു.

Next Story

RELATED STORIES

Share it