രൂപേഷിനെതിരായ ഒരു കേസിൽ കൂടി യുഎപിഎ ഒഴിവാക്കി

രൂപേഷിനെതിരായ ഒരു കേസിൽ കൂടി യുഎപിഎ ഒഴിവാക്കി

നിലമ്പൂർ: മാവോവാദി നേതാവ് രൂപേഷിനെതിരായ മറ്റൊരു കേസിൽ കൂടി യുഎപിഎ വകുപ്പ് ഒഴിവാക്കി. മഞ്ചേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നിലമ്പൂർ പോലിസ് സ്റ്റേഷനിൽ ക്രൈം നമ്പർ 536/ 2010 ആയി രജിസ്റ്റർ ചെയ്ത കേസിൽ രൂപേഷിനേയും ശശിയേയും യുഎപിഎ ചാർജുകളിൽ നിന്നും കുറ്റവിമുക്തരാക്കിയത്. ഇനി 153 ബി എന്ന ഒരു സെക്ഷൻ മാത്രമേ ഈ കേസിൽ ബാക്കി നിൽക്കുന്നുള്ളൂ. നിലമ്പൂർ ട്രെയിൻ അട്ടിമറി എന്നാരോപിച്ച കേസിൽ നാലര വർഷമായി രൂപേഷ് തടവിലാണ്.

കഴിഞ്ഞ സെപ്തംബർ മൂന്നിനാണ് രൂപേഷിനെതിരേ ചുമത്തിയ ആദ്യ യുഎപിഎ കേസ് കോടതി റദ്ദാക്കിയത്. 2013ല്‍ കര്‍ണാടക ബാഗമണ്ഡല പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുടക് മടിക്കേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് റദ്ദാക്കിയത്. പശ്ചിമഘട്ടത്തിലെ മാവോവാദി കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കാട്ടിയായിരുന്നു ബാഗമണ്ഡല പോലിസ് യുഎപിഎ ചുമത്തിയത്.

കൂടാതെ മാവോവാദി ബന്ധമാരോപിച്ച് കോഴിക്കോട് സെഷൻസ് കോടതിയിലുണ്ടായിരുന്ന രൂപേഷിനെതിരായ മൂന്ന് യുഎപിഎ കേസുകളും കഴിഞ്ഞ സെപ്തംബർ 20ന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കോഴിക്കോട് ജില്ലയിലെ കുറ്റിയാടി, വളയം സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്ന് യുഎപിഎ കേസുകളാണ് റദ്ദാക്കിയത്. കുറ്റിയാടി പോലിസ് രജിസ്റ്റർ ചെയ്ത 861/13 ക്രൈം നമ്പർ കേസിലെ രാജ്യദ്രോഹ കുറ്റവും യുഎപിഎ നിയമത്തിലെ 20, 38 വകുപ്പുകളടക്കമായിരുന്നു റദ്ദാക്കിയത്.

RELATED STORIES

Share it
Top