Districts

അബ്ദുല്‍ ഖാദിര്‍ പുല്ലങ്കോട് അന്തരിച്ചു

എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് പിഎസ്‌സി മുഖേന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. 2001ല്‍ പുല്ലങ്കോട് ജിഎല്‍പി സ്‌കൂളില്‍ നിന്നാണ് വിരമിച്ചത്. ശേഷം എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ അല്‍പകാലം അധ്യാപകനായിരുന്നു.

അബ്ദുല്‍ ഖാദിര്‍ പുല്ലങ്കോട് അന്തരിച്ചു
X

കാളികാവ്: പണ്ഡിതനും എഴുത്തുകാരനുമായിരുന്ന അബ്ദുല്‍ ഖാദിര്‍ മദനി പുല്ലങ്കോട് (74) അന്തരിച്ചു. കാളികാവ് ഗ്രാമപ്പഞ്ചായത്ത് പ്രഥമ ബോര്‍ഡ് മെമ്പറായിരുന്ന പുല്‍പ്പാടന്‍ മമ്മദ് ( നാണിപ്പ) ഹാജിയുടെയും ഫാത്തിമയുടേയും മകനായി 1946ല്‍ ജനിച്ച അബ്ദുല്‍ ഖാദിര്‍ മദനി അമ്പലക്കടവ് എഎംഎല്‍പി സ്‌കൂ ള്‍, കാളികാവ് ജിയുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കരുവാരക്കുണ്ട്, കല്ലാമൂല തുടങ്ങിയ പള്ളിദര്‍സുകളില്‍ പഠിച്ചതിനു ശേഷം പുളിക്കല്‍ മദീനത്തുല്‍ ഉലൂമില്‍ നിന്നാണ് അഫ്ദലുല്‍ ഉലമ ബിരുദം കരസ്ഥമാക്കിയത്.

എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് പിഎസ്‌സി മുഖേന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. 2001ല്‍ പുല്ലങ്കോട് ജിഎല്‍പി സ്‌കൂളില്‍ നിന്നാണ് വിരമിച്ചത്. ശേഷം എടവണ്ണ ജാമിഅ നദ്‌വിയ്യയില്‍ അല്‍പകാലം അധ്യാപകനായിരുന്നു.

പുല്ലങ്കോട്, ഉദിരം പൊയില്‍ പ്രദേശങ്ങളില്‍ മുജാഹിദ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച അദ്ദേഹം ഈ രണ്ട് പ്രദേശങ്ങളിലും നിലവിലുള്ള സലഫി മസ്ജിദുകള്‍ നിര്‍മ്മിക്കുന്നതിലും സജീവമായ പങ്കുവഹിച്ചു. ദീര്‍ഘകാലം വ്യത്യസ്ഥ പള്ളികളില്‍ ഖത്തീബായിരുന്നു. കെഎന്‍എം കാളികാവ് മണ്ഡലം പ്രസിഡന്റ്, സംസ്ഥാന കൂടിയാലോചന സഭാംഗം, മദ്‌റസാ പാഠപുസ്തക രചയിതാവ്, കാളികാവ് സിറാജുല്‍ ഉലൂം അറബി കോളജ് പ്രസിഡന്റ് തുടങ്ങി ഒട്ടേറെ പദവികള്‍ വഹിച്ചു. പ്രബോധന രംഗത്തും സംഘാടന രംഗത്തും വലിയ മാതൃകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ സജീവ സഹചാരി കൂടിയായിരുന്നു അദ്ദേഹം. മുസ്ലിം ലീഗിന് വേണ്ടി പാട്ടുകള്‍ എഴുതിയാണ് അദ്ദേഹം ലീഗ് വേദികളില്‍ ശ്രദ്ധേയനായത്. അറബി അധ്യാപക പ്രസ്ഥാനമായ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്റെ കര്‍മോല്‍സുകനായ പ്രവര്‍ത്തകനായിരുന്നു. വണ്ടൂര്‍ സബ് ജില്ലാ പ്രസിഡന്റും മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായി പ്രവര്‍ത്തിച്ചു.

ചന്ദ്രിക ആഴ്ചപ്പതിപ്പ്, അല്‍ മനാര്‍, ശബാബ്, വിചിന്തനം, പുടവ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ നിരവധി ചരിത്ര ലേഖനങ്ങളും കവിതകളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചു. സ്വഹാബികള്‍, വെളിച്ചം വിതറിയ തിരുനബി തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ എഴുതി.

പരേതനായ എന്‍ ഉസ്മാന്‍ മദനി (പത്തപ്പിരിയം) യുടെ സഹോദരി ആയിശയാണ് ഭാര്യ.റാഇദ് (താജ് ഗ്ലാസ്സ് ഹൗസ് മഞ്ചേരി), മുഹമ്മദ് അക്‌റം, സുറയ്യ (പത്തപ്പിരിയം), സിദ്ദീഖ (ഇസ്‌ലാഹിയാ ഓറിയന്റല്‍ എച്ച്എസ്എസ് എടവണ്ണ), ഡോ. നര്‍ഗീസ് (ഗവ. ഹോമിയോ ആശുപത്രി, കല്‍പകഞ്ചേരി) എന്നിവരാണ് മക്കള്‍. പരേതനായ ജലീല്‍ ഫൈസി പുല്ലങ്കോട്, അബ്ബാസ് ഹാജി, അബ്ദുറഷീദ്, റൈഹാനത്ത്, സുബൈദ, മൈമൂന, പ്രഫ.ഹസ്‌ന (സുല്ലമുസ്സലാം അറബി കോളജ്, അരീക്കോട്) എന്നിവര്‍ സഹോദരങ്ങളാണ്.

Next Story

RELATED STORIES

Share it